കോഴിക്കോട്തി :തിരൂർ സ്വദേശിയായ ഹോട്ടലുടമ സിദ്ദീഖിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളാ ഷിബിലി, ഫർഹാന എന്നിവരെ സംഭവം നടന്ന എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയിലെത്തിച്ച് തെളിവെടുപ്പു നടത്തി.
ഇരുവരെയും ഒറ്റയ്ക്കും ഒന്നിച്ചും ഇരുത്തി ചോദ്യം ചെയ്തു. നടന്ന സംഭവങ്ങൾ ഇരുവരും പൊലീസിനോടു വിവരിച്ചുകൊടുത്തു. ചോദ്യം ചെയ്യലിനോട് ഇരുവരും പൂർണമായും സഹകരിച്ചതായി പൊലീസ് പറഞ്ഞു. തിരൂർ ഡിവൈഎസ്പി കെ.എം.ബിജുവിന്റെ നേതൃത്വത്തിൽ രാവിലെ 9.50ന് പ്രതികളുമായി എത്തിയ പൊലീസ് 9.52ന് ജീപ്പിൽ നിന്നിറക്കി ഷിബിലിയെ ലോഡ്ജ് മുറിയിലെത്തിച്ചു. 10.15ന് ഫർഹാനയെയും.
ഒരു മണിക്കൂർ തുടർന്ന തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമൊടുവിൽ സംഘം എരഞ്ഞിപ്പാലത്തുനിന്ന് തിരിച്ചു.തുടർന്ന് ഷിബിലിയെ പൊലീസ് പുഷ്പ ജംക്‌ഷനടുത്ത് സിദ്ദീഖിന്റെ മൃതദേഹം മുറിക്കാൻ കട്ടർ വാങ്ങിയ കട, മൃതദേഹം കടത്തിക്കൊണ്ടുപോകാൻ ഉപയോഗിച്ച ട്രോളി ബാഗ് വാങ്ങിയ മിഠായിത്തെരുവിലെ കട എന്നിവിടങ്ങളിലും ഗ്ലൗസ് വാങ്ങിയ മിഠായിത്തെരുവിലെ മെഡിക്കൽ ഷോപ്പിലും എത്തിച്ച് തെളിവെടുത്തു. തുടർന്ന് പ്രതികൾ ഭക്ഷണം കഴിച്ച 2 ഹോട്ടലുകളിലും പൊലീസ് ഇരുവരുമായെത്തി തെളിവെടുത്തു.
ഉച്ചയോടെ പൊലീസ് സംഘം തിരൂരിലേക്ക് മടങ്ങി. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഹോട്ടലുടമ സിദ്ദീഖിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഷിബിലിയെയും ഫർഹാനയെയും തെളിവെടുപ്പിനു കൊണ്ടുവന്നപ്പോൾ നാട്ടുകാരുടെ രോഷപ്രകടനം.
രാവിലെ മുതൽ ഹോട്ടലിനു മുന്നിൽ പ്രതികളെ കാണാൻ വൻ ജനക്കൂട്ടമുണ്ടായിരുന്നു.വന്നയുടൻ ഷിബിലിയെ ഹോട്ടലിനുള്ളിലേക്കു കൊണ്ടുപോയ പൊലീസ് ഫർഹാനയെ 2 വനിതാ പൊലീസുകാർക്കിടയിലായി ജീപ്പിൽത്തന്നെ ഇരുത്തി. എരഞ്ഞിപ്പാലത്തെ ഹോട്ടലിനു മുന്നിൽ പലപ്പോഴും ഗതാഗതം തടസ്സപ്പെട്ടു.
കൃത്യം ഒരു മണിക്കൂറിനുശേഷം പ്രതികളുമായി പൊലീസ് പുറത്തേക്കിറങ്ങി. നിർത്തിയിട്ട 3 ജീപ്പുകളിൽ ഏറ്റവും മുന്നിലുണ്ടായിരുന്ന ജീപ്പിലെ പുറകുവശത്തെ വാതിൽ തുറന്ന് ഷിബിലിയെ അകത്താക്കി വാതിലടച്ചു.
ഹോട്ടലുടമ സിദ്ദീഖിനെ കോഴിക്കോട്ടെ ലോഡ്ജിൽ കൊലപ്പെടുത്തിയ കേസ് സംഭവം നടന്ന ഹോട്ടലുൾപ്പെടുന്ന കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിലേക്കു മാറ്റാൻ പൊലീസ് ആലോചിക്കുന്നു.
കൊലപാതകവും ഗൂഢാലോചനയും നടന്ന ഹോട്ടൽ, കൊല നടത്താനുപയോഗിച്ച ആയുധങ്ങളും മറ്റുപകരണങ്ങളും വാങ്ങിയ കടകൾ എന്നിവയെല്ലാം കോഴിക്കോട്ടായ സാഹചര്യത്തിലാണ് തുടരന്വേഷണത്തിനും മറ്റു നടപടികൾക്കും കേസ് കോഴിക്കോട്ടേക്ക് മാറ്റുന്ന കാര്യം സജീവമായി പരിഗണിച്ചത്.
തിരൂർ സ്വദേശിയായ സിദ്ദീഖിനെ കാണാനില്ലെന്നു വീട്ടുകാർ നൽകിയ പരാതി തിരൂർ പൊലീസ് അന്വേഷിച്ചുവരുന്നതിനിടയിലാണ് സിദ്ദീഖ് കൊല്ലപ്പെട്ടതായി തെളിയുന്നത്. അതുവഴിയാണ് കേസ് തിരൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിലേക്കു നീങ്ങിയത്.
ഇതിന്റെ ഭാഗമായാണ് തെളിവെടുപ്പും മറ്റും തിരൂർ പൊലീസിന്റെ നേതൃത്വത്തിൽ നടന്നുവരുന്നത്. കോടതി അനുവദിച്ച സമയം തീരുന്നതോടെ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. തുടർന്നാകും കേസ് നടക്കാവ് പൊലീസിലേക്കു കൈമാറുന്ന തീരുമാനമെടുക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.