ഡൽഹി:കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍റെ മാലിദ്വീപ് സന്ദർശനം പൂർത്തിയായി. മാലിദ്വീപ് പ്രസിഡന്‍റ് ഇബ്രാഹിം മുഹമ്മദ് സ്വാലിഹുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തി.
അഡ്ഡു സിറ്റിയിൽ ഇന്ത്യയുടെ കൂടെ സഹകരണത്തോടെ നടപ്പാക്കുന്ന വിനോദ സഞ്ചാര വികസന പദ്ധതികളുടെ നിർമാണ പ്രവർത്തനങ്ങൾക്കും പ്രസിഡന്‍റിന്‍റെ സാന്നിധ്യത്തിൽ തുടക്കം കുറിച്ചു.
വിദേശകാര്യമന്ത്രി അബ്ദുള്ള ഷാഹിദുമായും കേന്ദ്രമന്ത്രി ചർച്ച നടത്തി. ഹിതാദൂവിലെ എക്കോ ടൂറിസം സോൺ അബ്ദുള്ള ഷാഹിദുമായി ചേർന്ന് കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തു.
പതിനൊന്ന് പവിഴദ്വീപുകളിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളുടെ ധാരണാപത്രത്തിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു.
വിവിധ ചെറുദ്വീപുകളിൽ ഇന്ത്യയുടെ സഹായത്തോടെ നടക്കുന്ന അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങളും വി.മുരളീധരൻ വിലയിരുത്തി. ജനുവരി മാസത്തിലെ സന്ദർശനത്തിൽ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ തറക്കല്ലിട്ട പദ്ധതികൾ അതിവേഗം പുരോഗമിക്കുന്നതായി കേന്ദ്രമന്ത്രി പറഞ്ഞു.
34 ചെറുദ്വീപിലെ ശുചീകരണ പ്ലാന്‍റുകളുടേയും ഹുൽഹുമാലെയിലെ 4,000 സാമൂഹ്യ ഭവനയൂണിറ്റുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലാണ്.
ഇന്ത്യ 500 മില്യൺ യുഎസ് ഡോളർ ധനസഹായം നൽകുന്ന മാലി കണക്റ്റിവിറ്റി പ്രോജക്റ്റും അതിവേഗം പുരോഗമിക്കുന്നതായും മന്ത്രി അറിയിച്ചു. ക്ഷയരോഗ പ്രതിരോധത്തിനായി മാലിദ്വീപിന് നൽകുന്ന മരുന്നുകളുടെ വിതരണവും കേന്ദ്രമന്ത്രി നിർവഹിച്ചു.
സമുദ്രശാസ്ത്രഗവേഷണത്തിലടക്കം ഇന്ത്യ-മാലദ്വീപ് വികസന സഹകരണം സാധ്യമാകുന്ന വിവിധ വിഷയങ്ങൾ ദ്വിദിന സന്ദർശന കൂടിക്കാഴ്ചകളിൽ ചർച്ചാവിഷയമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.