പാലക്കാട്: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള പ്രതി കെ വിദ്യയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് വിദ്യയുള്ളത്. നാളെ വിദ്യയെ കോടതിയിൽ ഹാജരാക്കേണ്ടതുണ്ട്.
നാളെ തന്നെയാണ് വിദ്യയുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കുന്നത്. ഇതിനിടയിലാണ് വിദ്യക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെ പാലക്കാട് ഡിവൈഎസ്‌പി ഓഫീസിലേക്ക് ആംബുലൻസ് എത്തിച്ചു.കോട്ടത്തറ ആശുപത്രി സൂപ്രണ്ടും സ്ഥലത്തെത്തി. പിന്നാലെ ഡിവൈഎസ്പി ഓഫീസിൽ നിന്ന് വിദ്യയെ നടത്തിച്ച് പുറത്തെത്തിച്ച ശേഷം ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അട്ടപ്പാടി കോട്ടത്തറ ആശുപത്രിയിലേക്കാണ് വിദ്യയെ മാറ്റുന്നത്. അതേസമയം വ്യാജ സർട്ടിഫിക്കറ്റ് കേസ് പ്രതിയായ വിദ്യയെ ഒളിവിൽ കഴിയാൻ സഹായിച്ചവർക്കെതിരെ കേസെടുക്കില്ലെന്ന് അഗളി പൊലീസ് വ്യക്തമാക്കി.
വിദ്യയുടേത് ഗുരുതര കുറ്റമല്ലെന്നാണ് പൊലീസിന്റെ വിശദീകരണം. അതേസമയം തനിക്കെതിരെ മഹാരാജാസ് കോളേജിലെ അധ്യാപകർ ഗൂഢാലോചന നടത്തിയെന്ന മൊഴിയിൽ ഉറച്ചു നിൽക്കുകയാണ് വിദ്യ.
അട്ടപ്പാടി കോളജ് പ്രിൻസിപ്പാളിന്റെ സാനിധ്യത്തിൽ വിദ്യയെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.വ്യാജ സർട്ടിഫിക്കറ്റ് കേസിൽ സിപിഎമ്മും എസ്എഫ്ഐ യും വിദ്യയെ തള്ളി പറഞ്ഞെങ്കിലും ഒളിത്താവളം ഒരുക്കിയത് സിപിഎമ്മിന്റെ സജീവ പ്രവർത്തകരെന്ന് കണ്ടെത്തിയിരുന്നു.
കൂട്ടുകാരിക്കൊപ്പമുള്ള സെൽഫിയിലൂടെയാണ് വിദ്യയുടെ ഒളിയിടം പൊലീസ് കണ്ടെത്തിയത്. കൂട്ടുകാരിയുടെ ഫോണിൽ നിന്നാണ് വിദ്യക്കൊപ്പമുള്ള സെൽഫി കണ്ടെത്തിയത്. സെൽഫിയെടുത്തത് നാലു ദിവസം മുമ്പെന്ന് കണ്ടെത്തിയിരുന്നു.
ഒളിവിൽ വിദ്യ വിവരങ്ങൾ അറിഞ്ഞത് സുഹൃത്തിന്റെ ഫോണിലൂടെയാണ്. ഇതിനായി സുഹൃത്ത് പുതിയ സിം കാർഡ് എടുത്തിരുന്നു.ഈ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.
ഇതൊക്കെയാണെങ്കിലും വിദ്യയെ ഒളിവിൽ കഴിയാൻ സഹായിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ് ഉദ്ദേശിക്കുന്നില്ല. നിലവിൽ കേസെടുക്കേണ്ട സാഹചര്യമില്ലെന്നാണ് അഗളി പൊലീസ് പറയുന്നത്. എന്നാൽ താൻ ഒളിവിൽ പോയിട്ടില്ലെന്ന് ആവർത്തിക്കുകയാണ് വിദ്യ.
പൊലീസിന്റെ നോട്ടീസ് കിട്ടിയിരുന്നെങ്കിൽ ഹാജരാകുമായിരുന്നു. മഹാരാജാസ് കോളേജ് കേന്ദ്രീകരിച്ച് തനിക്കെതിരെ നടന്നത് വൻ ഗൂഢാലോചനയാണെന്നും മൊഴിയുണ്ട്. അവിടത്തെ ചില അധ്യാപകർ ഗൂഢാലോചന നടത്തി.
അതിന് തുടക്കമിട്ടത് അട്ടപ്പാടി കോളേജ് പ്രിൻസിപ്പാളാണെന്നും വിദ്യ ആരോപിക്കുന്നു. ചോദ്യം ചെയ്യലിനോട് വിദ്യ സഹകരിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഒരു ചോദ്യത്തിനും കൃത്യമായ മറുപടി നൽകാത്തതിനാൽ വ്യാജ സർട്ടിഫിക്കറ്റിനെ കുറിച്ചോ സീലിനെ കുറിച്ചോ ഇതുവരെ പൊലീസിന് യാതൊരു വിവരവും ലഭിച്ചിട്ടില്ല.

.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.