മണിപ്പൂർ : കലാപം പടരുന്ന മണിപ്പൂരിൽ കേന്ദ്രസർക്കാർ ശക്തമായ നടപടികൾക്ക് തയാറെടുക്കുന്നതായി റിപ്പോർട്ട്. വരുന്ന 72 മണിക്കൂറിൽ സംസ്ഥാനത്ത്നിർണായകമായ നടപടികൾ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.
മുംബൈ, ജാർഖണ്ഡ്, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്ന് ആറ് കമ്പനി റാപ്പിഡ് ആക്ഷൻ ഫോഴ്‌സിനെയും (ആർഎഎഫ്) ഡൽഹിയിൽ നിന്നും പഞ്ചാബിൽ നിന്നും ആറ് കമ്പനി സിആർപിഎഫിനെയും ബിഎസ്‌എഫിനെയും കേന്ദ്രം അയച്ചിട്ടുണ്ട്. അക്രമത്തിന്റെ പ്രഭവകേന്ദ്രമായ അഞ്ച് ജില്ലകളിലാണ് സേനയെ പ്രധാനമായും വിന്യസിച്ചിരിക്കുന്നത്. സംസ്ഥാനത്ത് സാധാരണ നില പുനഃസ്ഥാപിക്കുന്നതിനായി കേന്ദ്രസർക്കാർ ശ്രമം ആരംഭിച്ച് കഴിഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യാഴാഴ്ച വീഡിയോ കോൺഫറൻസിലൂടെ രണ്ട് യോഗങ്ങൾ ചേർന്നിരുന്നു. മണിപ്പൂരിലെയും അയൽ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി അദ്ദേഹം സംസാരിച്ചു. കേന്ദ്രവുമായി തുടർച്ചയായി കൂടിക്കാഴ്ച്ചകൾ നടത്തി അവരുടെ നിർദ്ദേശങ്ങൾ പാലിച്ച് മണിപ്പൂർ സർക്കാർ കുൽദീപ് സിംഗിനെ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചു. സ്ഥിഗതികൾ ഉടനടി നിയന്ത്രവിധേയമാകുമെന്നാണ് നിലവിൽ ലഭിക്കുന്ന സൂചന.
അടുത്ത 48 മണിക്കൂറിനുള്ളിൽ കൂടുതൽ സൈനികരെ മണിപ്പൂരിലേക്ക് അയക്കാനും കേന്ദ്രം പദ്ധതിയിട്ടിട്ടുണ്ടെന്നും ഉന്നതവൃത്തങ്ങൾ അറിയിച്ചു. സിഎപിഎഫുകളുടെയും സൈന്യത്തിന്റെയും കൂടുതൽ കമ്പനികളെ സജ്ജരാക്കിയതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ വിശകലനം ചെയ്യുകയും വെള്ളിയാഴ്ച കൂടുതൽ സൈനികരെ അയയ്ക്കാനുള്ള അഭ്യർത്ഥന കേന്ദ്രസർക്കാരിന് മുന്നിൽ സമർപ്പിക്കുകയും ചെയ്യും. സ്ഥിതിഗതികളെ കുറിച്ച് ഓരോ മണിക്കൂറിലും റിപ്പോർട്ടുകൾ അയയ്ക്കാനും എല്ലാ അധികൃതരെയും ഏകോപിച്ച് പ്രവർത്തിക്കാനും രഹസ്യാന്വേഷണ ഏജൻസികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
വ്യാഴാഴ്ച പുറത്തിറക്കിയ ഉത്തരവ് പ്രകാരം 12 കമ്പനികളാണ് ക്രമസമാധാനപാലനത്തിനായി മണിപ്പൂരിലെത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രതിരോധ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് സൈന്യം മണിപ്പൂരിൽ എത്തിച്ചത്. ആർമിയെയും അസം റൈഫിൾസിനെയും സെൻസിറ്റീവ് ഏരിയയിൽ ഇതിനോടകം വിന്യസിച്ചിട്ടുണ്ട്.
തുടക്കത്തിൽ സംഘർഷ ബാധിത പ്രദേശങ്ങളെ പോക്കറ്റുകളാക്കി തിരിച്ച് സാഹചര്യങ്ങൾ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യാനാണ് പദ്ധതിയെന്നാണ് സൂചന. വെള്ളിയാഴ്ച, സേനയിൽ നിന്നുള്ളവർ ഉൾപ്പെടെ എല്ലാ ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഒരു ഉന്നതതല യോഗം നടക്കുന്നുണ്ട്. കുടുങ്ങിക്കിടക്കുന്ന ആളുകളെ സമീപത്തെ സമാധാനപരമായ സ്ഥലങ്ങളിലേക്ക് അയക്കുകയും അക്രമമുണ്ടായാൽ കേന്ദ്രസേനയോട് ഇടപെടാൻ ആവശ്യപ്പടുകയും ചെയ്യും. പൊതുജനങ്ങളിൽ ആത്മവിശ്വാസം വർധിപ്പിക്കാൻ ഇടയ്ക്കിടെ ഫ്ലാഗ് മാർച്ചും നടത്തും.
നേരത്തെ ഷെഡ്യൂൾ ചെയ്ത വിമാനം ലഭ്യമല്ലാത്തതിനാൽ വെള്ളിയാഴ്ച മണിപ്പൂരിലേക്ക് പറക്കേണ്ടിയിരുന്ന മുൻ സിആർപിഎഫ് ഡിഐജി കുൽദീപ് സിംഗ് കേന്ദ്രസർക്കാർ ക്രമീകരിച്ച പ്രത്യേക വിമാനത്തിലാണ് പുറപ്പെട്ടതെന്ന് ഉന്നതവൃത്തങ്ങൾ അറിയിച്ചു. ഓപ്പറേഷണൽ കമാൻഡറുടെ അധികാരം ലഭിച്ച എഡിജിയുമായി അദ്ദേഹം എല്ലാ കാര്യങ്ങളും ഏകോപിപ്പിച്ച് പ്രവർത്തിക്കും. മുൻ എൻഐഎ ഡിജി കൂടിയാണ് സിംഗ്. സിആർപിഎഫ് ഡിജിയായി ചേരുന്നതിന് മുമ്പ് വടക്കുകിഴക്കൻ മേഖലയിൽ പ്രവർത്തിച്ചിട്ടുമുണ്ട്. പശ്ചിമ ബംഗാൾ കേഡറിലെ 1986 ബാച്ച് ഇന്ത്യൻ പോലീസ് സർവീസ് (ഐപിഎസ്) ഉദ്യോഗസ്ഥനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഈ മേഖലയിലെ അനുഭവം കലാപം നിയന്ത്രിക്കാൻ സഹായകമാകുമെന്നാണ് പ്രതീക്ഷ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.