തൃശൂർ :1.20 കോടി രൂപയുടെ വിദേശ കറൻസി നൽകാമെന്നു വാഗ്ദാനം ചെയ്തു റിട്ട. ബാങ്ക് മാനേജരെ വിളിച്ചുവരുത്തിയ ശേഷം വാഹനം തടഞ്ഞ് 50 ലക്ഷം രൂപ കവർന്ന കേസിൽ അഭിഭാഷക അടക്കം 7 പേർ അറസ്റ്റിൽ.
അഭിഭാഷക അരിമ്പൂർ പറക്കാട് ചെങ്ങേക്കാട്ടിൽ ലിജി (35), വെങ്കിടങ്ങ് സ്വദേശികളായ പള്ളിയിൽ നന്ദകുമാർ (26), പാടൂർ പണിക്കവീട്ടിൽ റിജാസ് (28), കണ്ണോടത്തു തയ്യിൽ യദുകൃഷ്ണൻ (27), നെല്ലിപ്പറമ്പിൽ ജിതിൻ ബാബു (28), കണ്ണോത്തു തച്ചംപിള്ളി ശ്രീജിത്ത് (22), വാടാനപ്പിള്ളി കുളങ്ങര ഫവാസ് (28) എന്നിവരെയാണു വെസ്റ്റ് എസ്എച്ച്ഒ ടി.പി. ഫർഷാദും സംഘവും അറസ്റ്റ് ചെയ്തത്.
താൻ അഭിഭാഷകയാണെന്നും തൃശൂരിലാണു നിയമബിരുദം എടുത്തതെന്നും ലിജി ആവർത്തിക്കുന്നുണ്ടെങ്കിലും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ലിജിയുടെ ഭർത്താവു ബിജുവും രണ്ടാംപ്രതി വെങ്കിടങ്ങ് കണ്ണോത്ത് അജ്മലും ഒളിവിലാണ്.
അജ്മൽ വിദേശത്തേക്കു കടന്നതായും സൂചനയുണ്ട്. കഴിഞ്ഞ ജനുവരി 5ന് ആയിരുന്നു കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. അങ്കമാലി നായത്തോട് സ്വദേശിയായ റിട്ട. ബാങ്ക് മാനേജരുമായി ലിജിക്കു പരിചയമുണ്ടായിരുന്നു.
തൃശൂരിലെ ഒരു ആരാധനാലയത്തിൽ കാണിക്കയായി ലഭിച്ച ഒന്നരക്കോടി രൂപയുടെ വിദേശ കറൻസി തന്റെ സുഹൃത്ത് നന്ദകുമാറിന്റെ പക്കലുണ്ടെന്നു ലിജി ഇദ്ദേഹത്തെ ധരിപ്പിച്ചു. യുഎസ് ഡോളറാണ് ഇതിലേറെയെന്നും 60 ലക്ഷം രൂപ നൽകിയാൽ 1.20 കോടി രൂപ മൂല്യമുള്ള വിദേശ കറൻസി പകരം തരാമെന്നും ലിജി പരാതിക്കാരനെ ബോധ്യപ്പെടുത്തി. ലിജി മുൻകൂറായി രണ്ടുതവണയായി 10 ലക്ഷം രൂപ വാങ്ങിയെടുത്തു. ബാക്കി തുക 50 ലക്ഷം രൂപ പലയിടത്തു നിന്നായി സ്വരൂപിച്ച ശേഷം റിട്ട. ബാങ്ക് മാനേജർ ലിജിയെ വിവരമറിയിച്ചു.
ലിജിയും ബിജുവും ചേർന്നു പരാതിക്കാരനെ കാഞ്ഞാണി ഭാഗത്തേക്കു വിളിച്ചുവരുത്തി. പണം കയ്യിലുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം പരാതിക്കാരനെ ഒരു പെട്ടി ഓട്ടോയിൽ കയറ്റി അയ്യന്തോൾ ഭാഗത്തേക്കു പറഞ്ഞുവിട്ടു. ഓട്ടോ കലക്ടറേറ്റിനു പിന്നിലെ ആളൊഴിഞ്ഞ ഭാഗത്തെത്തിയപ്പോൾ പ്രതികൾ കാറിലെത്തി തടഞ്ഞുനിർത്തി 50 ലക്ഷം രൂപ പിടിച്ചുപറിച്ചു കടന്നുകളയുകയായിരുന്നു.
പുല്ലഴിയിലെത്തി പ്രതികൾ ഒന്നിച്ചുചേരുകയും പണം ലിജി പങ്കിടുകയും ചെയ്തു. പണവുമായി താൻ സഞ്ചരിക്കുന്ന വിവരം അറിയാവുന്നതു ലിജിക്കും ബിജുവിനും ആണെന്നതിനാൽ പരാതിക്കാരനു സംശയം തോന്നി. 4 ദിവസത്തിനു ശേഷം വെസ്റ്റ് പൊലീസിൽ പരാതി നൽകി. പരാതിയുമായി മുന്നോട്ടു പോയാൽ പീഡനക്കേസിൽ കുടുക്കുമെന്നു ലിജി ഭീഷണിപ്പെടുത്തിയിരുന്നതായും പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.