മലപ്പുറം: 13 ഗ്രാം എംഡിഎംഎയുമായി സ്ത്രീ പൊലീസ് പിടിയിൽ. മലപ്പുറം കൊണ്ടോട്ടി പോലീസാണ് ഇവരെ പിടികൂടിയത്. എടക്കര സ്വദേശിനി റസിയ ബീഗം ആണ് പിടിയിലായത്. മൊറയൂർ ഹൈസ്ക്കൂളിന് സമീപമുള്ള വാടക ലോഡ്ജിലായിരുന്നു ഇവർ താമസിച്ചിരുന്നത്.
ഇന്നലെ കരിപ്പൂർ പൊലീസ് ലഹരി ഉപയോഗവുമായി ചില യുവാക്കളെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥനത്തിൽ നടത്തിയ പരിശോധനയിലാണ് 13 ഗ്രാം എംഡിഎംഎ- യും 20000 രൂപയും, അളവ് ത്രാസും, പാക്കിംഗ് കവറുകളും പിടികൂടിയത്.
അതേസമയം, കോഴിക്കോട് നഗരത്തിൽ എംഡിഎംഎയുമായി കഴിഞ്ഞ ദിവസം യുവാവ് പിടിയിലായിരുന്നു. പയ്യന്നൂർ സ്വദേശി ഷനോജ് എന്ന കടുക്ക ഷനോജ്(37)നെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 4 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു. ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി. ബിജുരാജിന്‍റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ഇൻസ്പെക്ടർ ബൈജു.കെ. പൗലോസിന്‍റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
സ്കൂളുകൾ കേന്ദ്രീകരിച്ച് രാസലഹരി വിൽപന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ കെ.ഇ. ബൈജുവിന്‍റെ നിർദ്ദേശപ്രകാരം സിറ്റിയിൽ നടന്ന പ്രത്യേക പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ ഷനോജ്. ബാംഗ്ലൂരിലെ ആഫ്രിക്കൻ കോളനിയിൽ നിന്നും ഗ്രാമിന് അഞ്ഞൂറ് രൂപയ്ക്ക് കൊണ്ടുവരുന്ന എംഡിഎംഎ കോഴിക്കോട് രണ്ടായിരം രൂപയ്ക്കാണ് വിൽപന നടത്തുന്നത്.
വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് വിൽപ്പന തടയുന്നതിനായി കോഴിക്കോട് ജില്ലാ പൊലീസ് മേധാവി രാജ്പാൽ മീണ ഐപിഎസിന്‍റെ നേതൃത്വത്തിൽ ശക്തമായ നടപടികളാണ് സിറ്റി പൊലീസ് സ്വീകരിച്ചു വരുന്നത്.
പ്രതിയെ ടൗൺ സബ്ബ് ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രനും സംഘവും അറസ്റ്റ് ചെയ്തു. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, എ.പ്രശാന്ത് കുമാർ സി.കെ.സുജിത്ത്, ടൗൺ പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ പ്രസാദ്, സീനിയർ സി.പിഒ ശിഹാബുദ്ദീൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.