ജില്ലാ പഞ്ചായത്ത്‌ പൊതു മരാമത്ത് പ്രവർത്തികൾ ഇനി ഓൺലൈൻ ക്യാമറകൾ നിരീക്ഷിക്കും

മലപ്പുറം: പൊതു മരാമത്ത് പ്രവർത്തികൾ നിരീക്ഷിക്കുന്നതിനും എഞ്ചിനീയറിംഗ് വിഭാഗത്തിന് നേരിട്ട് സൂപ്പർ വിഷൻ നടത്തുന്നതിനുമായി ഓൺലൈൻ ക്യാമറകൾ സ്ഥാപിക്കുന്ന പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്‌.

പ്രവർത്തികളിൽ കൃത്രിമത്വം ഉണ്ടെങ്കിൽ കൃത്യമായി കണ്ടെത്തുന്നതിനും റെക്കോർഡ് ചെയ്ത് സൂക്ഷിക്കുന്നതിനും കഴിയുന്ന ഓൺലൈൻ പോർട്ടബിൾ ക്യാമറകളാണിത്. ഒരു പ്രവർത്തി പൂർത്തീകരിച്ചു കഴിഞ്ഞാൽ ഇവ മറ്റൊരു സൈറ്റിലേക്ക് മാറ്റി സ്ഥാപിക്കാനാവും. 

 സാങ്കേതിക പരിജ്ഞാനമില്ലാത്ത ലോക്കൽ ഫണ്ട്‌ ഓഡിറ്റർമാർ ചില തല്പര കക്ഷികളുടെ ആരോപണങ്ങൾ മാത്രം മുഖവിലക്കെടുത്ത് കൊണ്ട് 

ജില്ലാ പഞ്ചായത്തിന്റെ മരാമത്ത് പ്രവർത്തികളെ കുറിച്ച് തെറ്റിദ്ധാരണാജനകമായ റിപ്പോർട്ട്‌ നൽകാനിട വന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് ഇത്തരമൊരു നീക്കത്തിന് ജില്ലാ പഞ്ചായത്ത്‌ മുന്നോട്ടു വന്നിട്ടുള്ളത്. 

സംസ്ഥാന സർക്കാരിന്റെ ഏറ്റവും സമഗ്രമായി നടക്കുന്ന ഏജീസ് ഓഡിറ്റിൽ പോലും ഏറെ അഭിനന്ദനങ്ങൾ  നേടിയ മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ പദ്ധതി പ്രവർത്തനങ്ങളെ അപകീർത്തിപ്പെടുത്തുന്നതിന് ലോക്കൽ ഫണ്ട്‌ ഓഡിറ്റർമാരെ ഉപയോഗപ്പെടുത്തി ചിലർ നടത്തുന്ന രാഷ്ട്രീയ നീക്കത്തെ പ്രതിരോധിക്കുന്നതിനു കൂടിയാണീ നടപടി.

ആദ്യ ഘട്ടത്തിൽ മങ്കട ഗ്രാമ പഞ്ചായത്തിലെ കോഴിക്കോട്ടു പറമ്പ് മക്കരപ്പറമ്പ് റോഡിലെ ഒരു കോടി രൂപ എസ്റ്റിമേറ്റ് വരുന്ന പുത്തൻ വീട് പാലത്തിന്റെ പ്രവർത്തി നിരീക്ഷിക്കുന്നതിനായി പരീക്ഷണണാർത്ഥം ക്യാമറ സ്ഥാപിച്ചു കഴിഞ്ഞു. 24 × 7 സൂപ്പർവിഷൻ സംവിധാനം ലഭ്യമാവുന്ന തീർത്തും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഓൺലൈൻ ക്യാമെറയാണ് സ്ഥാപിച്ചിട്ടുള്ളത്.                  

 ഇതോടെ പൊതു മരാമത്ത് പ്രവർത്തികളുമായി ബന്ധപ്പെട്ട് ഉയരുന്ന ആക്ഷേപങ്ങൾക്ക് പരിഹാരം കാണുന്നതിനും സാധന സാമഗ്രികൾ ഉപയോഗിക്കുന്നതിലെ ക്രമക്കേടുകളും അഴിമതിയും കൃത്യമായി ഓഫീസിലിരുന്ന് കൊണ്ട് തന്നെ നിരീക്ഷിക്കുന്നതിനും പിന്നീട് പുനപരിശോധന നടത്തുന്നതിനുമെല്ലാം കഴിയും.

 ഇത്തരമൊരു സംവിധാനം സ്ഥാപിക്കുന്ന ആദ്യത്തെ തദ്ദേശ സ്ഥാപനമാണ് മലപ്പുറം ജില്ലാ പഞ്ചായത്ത്‌. 

 ജില്ലാ പഞ്ചായത്തിന് കീഴിലുള്ള പൊതു മരാമത്ത് എഞ്ചിനീയറിംഗ് വിഭാഗത്തിന് ഓരോ വർഷവും 3000 ത്തിലധികം പ്രവർത്തികളാണ് മേൽനോട്ടം നടത്താനുള്ളത്. ജില്ലാ പഞ്ചായത്ത്‌ പ്രവർത്തികൾക്ക് പുറമെ സി.എം. എൽ ആർ. പി പ്രവർത്തികൾ, എം. പി, എം. എൽ. എ ഫണ്ടുകൾ ഉൾപ്പെടെ വിവിധ സർക്കാർ പ്രവർത്തികളും സൂപ്പർവിഷൻ നടത്തുന്നത് ജില്ലാ പഞ്ചായത്ത്‌ എഞ്ചിനീയറിംഗ് വിഭാഗമാണ്.

അത് കൊണ്ട് തന്നെ ഇത്രയും സൈറ്റുകളിൽ ഒരേ സമയം നേരിട്ട് സൂപ്പർ വിഷൻ നടത്തുന്നത് പ്രായോഗികമല്ല. ഇത് മൂലം പലപ്പോഴും പൊതു ജനങ്ങളിൽ നിന്ന് കഴമ്പുള്ളതും ഇല്ലാത്തതുമായ പല പരാതികളും ഉയർന്നു വരാറുണ്ട്. ലോക്കൽ ഫണ്ട്‌ ഓഡിറ്റർമാരാവട്ടെ പണി കഴിഞ്ഞ സൈറ്റുകളിൽ പോവുമ്പോൾ ബന്ധപ്പെട്ട എഞ്ചിനീയറിംഗ് വിഭാഗത്തെയോ, സാങ്കേതിക പരിജ്ഞാനമുള്ളവരെയോ കൊണ്ടു പോകാറുമില്ല. സൈറ്റിൽ കാണുന്ന ഏതെങ്കിലും വ്യക്തികൾ പറയുന്ന കാര്യങ്ങൾ മാത്രം കേട്ട് കൊണ്ടാണ് റിപ്പോർട്ട്‌ തയ്യാറാക്കുന്നത്. ഇത് മൂലം ലോക്കൽ ഫണ്ട്‌ ഓഡിറ്റർമാർ ബന്ധപ്പെട്ട  ഓഡിറ്റ് റിപ്പോർട്ടിൽ പലപ്പോഴും അബദ്ധങ്ങൾ എഴുതി വെക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട് 

 പൂർത്തീകരിച്ച പ്രവർത്തികൾക്ക് മേൽ ആക്ഷേപം ഉന്നയിക്കപ്പെട്ടാൽ പരാതി അന്വേഷിക്കുന്നതിന് നിലവിൽ ഫലപ്രദമായ സംവിധാനങ്ങളില്ല. നല്ല നിലയിൽ പണി പൂർത്തീകരിച്ച പല പ്രവർത്തികളെ കുറിച്ചും ജില്ലാ പഞ്ചായത്ത്‌ ലോക്കൽ ഫണ്ട്‌ ഓഡിറ്റ് ഉദ്യോഗസ്ഥർ  ആക്ഷേപം ഉന്നയിച്ചത് മൂലം പലരും ജില്ലാ പഞ്ചായത്തിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിച്ചിരുന്നു. മരാമത്ത് പ്രവർത്തികൾ സംബന്ധിച്ച് അല്പം പോലും സാങ്കേതിക പരിജ്ഞാനമില്ലാത്ത ലോക്കൽ ഫണ്ട്‌ ഓഡിറ്റ് ഉദ്യോഗസ്ഥൻമാർ ഓഡിറ്റ് ഗെയ്ഡ്ലൈൻ മാത്രം വായിച്ച് റിപ്പോർട്ടിൽ എതിർ പരാമർശങ്ങൾ എഴുതി വെക്കുന്നതിനെതിരെ ഭരണ സമിതി ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. 

 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രവർത്തികളെ സംബന്ധിച്ച് ഏറ്റവും വിശദമായ പരിശോധന നടക്കുന്ന ഏ.ജീസ് ഓഡിറ്റിൽ ജില്ലാ പഞ്ചായത്തിന്റെ പ്രവർത്തികളെയും എഞ്ചിനീയറിംഗ് വിഭാഗത്തെയും അഭിനന്ദിക്കുകയാണ് ചെയ്തിട്ടുള്ളത്. എന്നിരിക്കെ യാതൊരു വിധ സാങ്കേതിക പരിജ്ഞാനവുമില്ലാത്ത ലോക്കൽ ഫണ്ട്‌ ഓഡിറ്റ് ഉദ്യോഗസ്ഥർ ലക്കും ലഗാനുമില്ലാതെ പൊതു മരാമത്ത് പ്രവർത്തികൾക്ക് മേൽ തടസ്സ വാദങ്ങൾ ഉന്നയിക്കുന്ന വിരോധാഭാസം അവസാനിപ്പിക്കുന്നതിനും   കൃത്രിമം നടന്നിട്ടുണ്ടെങ്കിൽ ഏത് സമയവും കണ്ടെത്താനും കഴിയുന്ന റെക്കോർഡിങ് സൗകര്യമുള്ള സോളാർ ക്യാമറകളാണ് സ്ഥാപിക്കുന്നത്.  

 ഇതോടെ ആക്ഷേപം ഉന്നയിക്കപ്പെടുന്ന ഏത് പ്രവർത്തിയെ കുറിച്ചും പിന്നീട് എപ്പോൾ വേണമെങ്കിലും പരിശോധന നടത്താൻ കഴിയും. ഭാവിയിൽ കൂടുതൽ റെസൊല്യൂഷൻ ഉള്ള 5 ജി സിം ക്യാമറയുടെ സാധ്യതയും ജില്ലാ പഞ്ചായത്ത്‌ പരിശോധിക്കുന്നുണ്ട്.

മികച്ച രീതിയിൽ മുന്നോട്ടു പോകുന്ന മലപ്പുറം ജില്ലാ പഞ്ചായത്തിനെ അപകീർത്തിപ്പെടുത്തുന്നതിന് തല്പര കക്ഷികൾ നടത്തുന്ന നീക്കങ്ങളെ പ്രതിരോധിക്കുന്നതിനും അഴിമതി പൂർണ്ണമായും തടയുന്നതിനും ലക്ഷ്യം വെച്ചു കൊണ്ടാണ് പുതിയ ഓൺലൈൻ ക്യാമറകളെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. കെ. റഫീഖ, വൈസ് പ്രസിഡന്റ്‌ ഇസ്മായിൽ മൂത്തേടം എന്നിവർ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !