മലപ്പുറം: കോഴിക്കോട്ടെ ഹോട്ടലുടമ സിദ്ദിഖിനെ കൊന്ന് കൊക്കയിൽ തള്ളിയ കേസിലെ പ്രതികളെ ചെന്നൈയില്‍ നിന്ന് തിരൂരിലെത്തിച്ചു.
ചെന്നൈയിൽ നിന്ന് പിടിയിലായ പ്രതികളായ ഷിബിലി, ഫർഹാന എന്നിവരെ പുലർച്ചെ രണ്ടരയോടെയാണ് തിരൂർ ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചത്. രാവിലെ എസ്പിയുടെ നേതൃത്വത്തിൽവിശദമായി ഇവരെ ചോദ്യം ചെയ്യും. ഇന്ന് തന്നെ ഇവരെ കോടതിയിൽ ഹാജരാക്കുമെന്നാണ് കരുതുന്നത്.
ഉച്ചക്ക് ശേഷമായിരിക്കും തുടർ നടപടികൾ തീരുമാനിക്കുക. കൊലപാതകം നടത്തിയതിനെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചും കൂടുതൽ കാര്യങ്ങൾ അറിയേണ്ടതുണ്ട്. മാറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതും വ്യക്തമാകണം. കൊല്ലപ്പെട്ട സിദ്ധിഖിന്റെ മൃതദേഹം തിരൂർ കോരങ്ങാട് ജുമാ മസ്ജിദിൽ ഇന്നലെ അർധരാത്രിയോടെ ഖബറടക്കി.
കോഴിക്കോട് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായ എരഞ്ഞിപ്പാലം ജംഗ്ഷനിലെ പാതയോരത്തുള്ള ഹോട്ടലിലാണ് സംഭവം നടന്നത്. 58 കാരനായ ഹോട്ടൽ ഉടമയെ 22 കാരനായ യുവാവും 19 കാരിയായ യുവതിയും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ട്രോളി ബാഗുകളിലാക്കി അട്ടപ്പാടി വനമേഖലയിൽ ഉപേക്ഷിക്കുകയും ചെയ്തു. തെളിവുകളൊന്നും അവശേഷിപ്പിക്കാതെ പ്രതികൾ കേരളം കടക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് പിന്നാലെ പോയി പിടികൂടി.
തിരൂർ സ്വദേശിയും കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടൽ വ്യാപാരിയുമായ സിദ്ദിഖിനെ കാണാതായെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി അഞ്ചാം നാളാണ് അട്ടപ്പാടി ചുരത്തിലെ ഒമ്പതാം വളവിന് സമീപം രണ്ട് പെട്ടികളിലാക്കിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സിദ്ദിഖിന്റെ ഹോട്ടലിലെ ജീവനക്കാരനായിരുന്ന ചെറുപ്പളശ്ശേരി സ്വദേശി ഷിബിലി ഇയാളുടെ സുഹൃത്തുക്കളായ ഫർഹാന ആഷിക് എന്നിവരെണ് സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ കസ്റ്റഡിയിലുള്ളത്.
കൊലപാതകത്തിലേക്ക് നയിച്ച യഥാർത്ഥ കാരണം ഇപ്പോഴും അവ്യക്തമാണ്. കൊലപാതകത്തിന്റെ ആസൂത്രണം, കൊല നടപ്പാക്കിയ രീതി കാര്യങ്ങളിൽ എല്ലാം വ്യക്തത വരുത്താനും നിർണായക തെളിവുകൾ കണ്ടെത്താനും അന്വേഷണ സംഘത്തിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. മലപ്പുറം തിരൂർ സ്വദേശിയായ സിദ്ദിഖിനെ ഇക്കഴിഞ്ഞ 18നാണ് കാണാതായത്. അന്നുതന്നെ സിദ്ദിഖിന്റെ ഫോൺ സ്വിച്ച് ഓഫ് ആവുകയും ചെയ്തു. തുടർന്ന് 22 ന് മകൻ പോലീസിൽ പരാതി നൽകി. പിന്നീടുളള അന്വേഷണത്തിലാണ് സിദ്ദീഖിന്‍റെ ഹോട്ടലിൽ ജീവനക്കാരനായിരുന്ന ഷിബിലിയെയും കാണാതായ കാര്യം പൊലിസ് അറിഞ്ഞത്.
പെരുമാറ്റ ദൂഷ്യത്തെ തുടർന്ന് ഇയാളെ സിദ്ദിഖ് പറഞ്ഞ വിടുകയായിരുന്നുവെന്നും വ്യക്തമായി. ഇതിനു പിന്നാലെ എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ സിദ്ദീഖ് മുറിയെടുത്ത വിവരവും അന്വേഷണസംഘത്തിന് കിട്ടി. സിദ്ദീഖിനെ കാണാതായ അന്ന് മുതല്‍ സിദ്ദീഖിന്‍റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിൻവലിക്കുന്ന കാര്യം കുടുംബാംഗങ്ങൾ പോലീസിനെ അറിയിച്ചിരുന്നു. പിന്നീട് ഷിബിലിയെ കേന്ദ്രീകരിച്ചായി പൊലീസിന്‍റെ അന്വേഷണം. ഷിബിലിക്കൊപ്പം ഫര്‍ഹാനയെന്ന 18കാരി കൂടി ഉണ്ടെന്നും പൊലീസിന് വ്യക്തമായി. ഇവരിലേക്ക് അന്വേഷണം നീളുന്ന ഘട്ടത്തിലാണ് ഇരുവരും സിദ്ദീഖിന്‍റെ കാര്‍ ഉപേക്ഷിച്ച് കേരളം വിട്ടത്.
ഇരുവരും ചൈന്നൈയിലേക്ക് കടന്ന കാര്യം തിരൂര്‍ പൊലീസ് റെയില്‍വേ പൊലീസിന് കൈമാറി. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിയോടെയാണ് പ്രധാന പ്രതികളായ ഷിബിലിയും ഫർഹാനിയും ചെന്നൈ റെയിൽവേ പോലീസിന്റെ പിടിയിലായത് .
തുടർന്ന് ഇരുവരും നടത്തിയ വെളിപ്പെടുത്തലിലാണ് സിദ്ദിഖിനെ കൊലപ്പെടുത്തി അട്ടപ്പാടി വനമേഖലയിൽ ഉപേക്ഷിച്ചു വന്ന കാര്യം പോലീസിന് സ്ഥിരീകരിക്കാൻ ആയത്. തുടർന്നാണ് ഇന്ന് രാവിലെ പോലീസ് സ്ഥലത്തെത്തി രണ്ട് ട്രോളി ബാഗുകളിലായി ഉപേക്ഷിച്ച നിലയിൽ മൃതദേഹഭാഗങ്ങൾ കണ്ടെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.