കോട്ടയം: കോട്ടയം കൊട്ടാരക്കരയില്‍ ഹൗസ് സര്ജന് ഡോ. വന്ദന ദാസിന്റെ കൊലപാതകം ദൗര്‍ഭാഗ്യകരമെന്ന് എഡിജിപി എം ആര് അജിത് കുമാര്‍.
ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കേസിനെ കാണുന്നത്. നിയമനടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിച്ച് പ്രതിക്ക് തക്കതായ ശിക്ഷ നേടികൊടുക്കാനുള്ള എല്ലാ നടപടികളും പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുമെന്നും എഡിജിപി പറഞ്ഞു. ആശുപത്രിയിലേക്ക് സന്ദീപിനെ എത്തിക്കുമ്പോള്‍ അദ്ദേഹം പരാതിക്കാരനായിരുന്നു, മറിച്ച് പ്രതിയല്ലെന്നും പൊലീസ് വിശദീകരിച്ചു.
എഡിജിപി അജിത് കുമാര്‍ സംഭവത്തെക്കുറിച്ച് പറഞ്ഞത്-രാത്രി ഒരു മണിയോടെ പൊലീസിന്റെ എമര്‍ജന്‍സി നമ്പറായ 112 വിലേക്ക് കോള്‍ വന്നു. നിലവിലെ പ്രതിയായ പരാതിക്കാരന് ഫോണില്‍ വിളിക്കുകയായിരുന്നു. തന്നെ ആളുകള്‍ ചേര്‍ന്ന് ആക്രമിക്കുന്നുവെന്നായിരുന്നു ഫോണിലൂടെ അറിയിച്ചത്.
പരാതി ഉടന്‍ തന്നെ സ്റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയും അത് നൈറ്റ് പട്രോളിംഗ് സംഘത്തിന് കൈമാറുകയും ചെയ്തു. നൈറ്റ് പട്രാളിംഗിലുള്ള എഎസ്ഐ, ഫോണ്‍ വന്ന ടെലിഫോണിലേക്ക് തിരിച്ചുവിളിച്ചപ്പോള്‍ അത് സ്വിച്ഛ് ഓഫ് ആയിരുന്നു. അതിനാല്‍ വിളിച്ചയാളെ ലൊക്കേറ്റ് ചെയ്യാനായില്ല.
പിന്നീട് മൂന്ന് മണിക്ക് ശേഷം മറ്റൊരു നമ്പറില്‍ നിന്നും 112 വിലേക്ക് കോള്‍ വന്നു. സമാന വ്യക്തിയായിരുന്നു വിളിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സന്ദീപ് എന്നയാളാണ് വിളിച്ചതെന്ന് കണ്ടെത്തുന്നത്. പിന്നീട് പൊലീസ് അവിടേക്ക് പോയി. സ്വന്തം വീടിന്റെ പരിസരത്ത് നിന്നും അരക്കിലോമീറ്റര്‍ മാറി മറ്റൊരു വീടിന്റെ മുന്നില്‍ വടിയുമായി നില്ക്കുന്ന പരാതിക്കാരനെയാണ് പൊലീസ് കണ്ടത്.
നാട്ടുകാരും ഉണ്ടായിരുന്നു. ഇദ്ദേഹത്തിന് മുറിവേറ്റിരുന്നു.അവിടെ നിന്നും സന്ദീപിനെ പൊലീസും നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ജീപ്പിലേക്ക് കയറ്റി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോഴെല്ലാം പ്രതി ശാന്തനായിരുന്നു. കാഷ്വാലിറ്റിയില്‍ ഡോക്ടര്‍ പരിശോധന നടത്തിയപ്പോള്‍ കുഴപ്പങ്ങളൊന്നുമുണ്ടിയിരുന്നില്ല. പിന്നീട് ഡ്രസ്സിംഗ് റൂമിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ബന്ധുവും നാട്ടുകാരനും കൂടെയുണ്ടായിരുന്നു. ആ സമയത്താണ് പെട്ടെന്ന് സന്ദീപ് പ്രകോപിതനാവുന്നത്. ആദ്യം ബന്ധുവിനെ ചവിട്ടി വീഴ്ത്തി. തുടര്‍ന്ന് ഇടപെട്ട ഹോം ഗാര്‍ഡിനേും എഎസ്ഐയേയും ചവിട്ടിവീഴ്ത്തി. ആദ്യ ഹോം ഗാര്‍ഡിനെയാണ് തൊട്ടടുത്തുണ്ടായിരുന്ന കത്രികയെടുത്ത് കുത്തുന്നത്. പൊലീസ് എയിഡ് പോസ്റ്റിലെ എഎസ്ഐ ഓടിയെത്തിയപ്പോള്‍ അദ്ദേഹത്തേയും പരുക്കേല്‍പ്പിച്ചു.
ഈ സമയത്ത് ആ റൂമിലുണ്ടായിരുന്ന മറ്റ് ഡോക്ടര്‍മാര്‍ മറ്റൊരു മുറിയിലേക്ക് മാറിയിരുന്നു. ഈ പറഞ്ഞ വന്ദന ഡോക്ടര്‍ക്ക് പെട്ടെന്ന് മാറാന്‍ സാധിച്ചില്ല. ഒറ്റപ്പെട്ട്പോയി. അപ്പോള്‍ തന്നെ പ്രതി തിരിഞ്ഞുനിന്ന് ആക്രമിക്കുകയായിരുന്നു. ഇതാണ് അവിടെ സംഭവിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.