കൊച്ചി: അൻപത് ലക്ഷത്തിന്‍റെ മിനികൂപ്പർ സ്വന്തമാക്കി കൊച്ചിയിലെ സിഐടിയു വിവാദ നേതാവ് പി കെ അനിൽകുമാർ.
സ്വത്ത് സമ്പാദനത്തിൽ വിമർശനം നേരിടുമ്പോഴാണ് പെട്രോളിയം ആന്‍റ് ഗ്യാസ് വർക്കേഴ്സ് യൂണിയൻ നേതാവായ അനിൽകുമാർ ആഡംബര കാർ വാങ്ങിയതും ചർച്ചയാകുന്നത്. ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥയായ ഭാര്യയാണ് കാർ വാങ്ങിയതെന്നാണ് പി കെ അനിൽകുമാറിന്‍റെ വിശദീകരണം.
പറയുമ്പോൾ തൊഴിലാളി നേതാവാണ് അനില്‍ കുമാര്‍ എന്നാല്‍ യാത്ര ആഡംബര വാഹനങ്ങളിലാണ്. സിഐടിയുവിന് കീഴിലുള്ള കേരള പെട്രോളിയം ആന്‍റ് ഗ്യാസ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി പി കെ അനിൽകുമാറിന്‍റെ ഗാരേജിൽ ഏറ്റവും ഒടുവിൽ എത്തിയിരിക്കുന്നത് മിനി കൂപ്പറാണ്.
വാഹനം സ്വന്തമാക്കിയതിന്‍റെ ചിത്രങ്ങൾ പ്രചരിച്ചതോടെ എറണാകുളത്തെ പാർട്ടി കേന്ദ്രങ്ങളിലും മിനി കൂപ്പർ ചർച്ചയാകുകയാണ്. എന്നാല്‍ വാഹനം വാങ്ങിയത് താനല്ലെന്നാണ് പി കെ അനിൽകുമാറിന്‍റെ വിശദീകരണം. ടോയോട്ട ഇനോവ, ഫോർച്യൂണർ വാഹനങ്ങളും അനിൽകുമാർ സ്വന്തമാക്കിയിട്ടുണ്ട്.
ഇത് യൂണിയൻ നേതാവിന്‍റെ സ്വന്തം പേരിലാണ്. വാഹന ഉടമസ്ഥതയെ കുറിച്ചുള്ള വിശദാംശങ്ങൾ അനിൽകുമാറിനോട് ചോദിച്ചപ്പോൾ ഇതൊന്നും നിങ്ങളോട് വിശദമാക്കേണ്ട കാര്യമില്ലെന്നായിരുന്നു അനില്‍ കുമാറിന്‍റെ പ്രതികരണം.
പലപ്പോഴും വിവാദങ്ങളിൽ നിറയുന്ന സിഐടിയു നേതാവ് കൂടിയാണ് അനിൽകുമാർ.കൊച്ചിയിലെ ഓയിൽ കമ്പനിയിൽ കയറി അനിൽകുമാർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിൽ നേതാവിനെതിരെ പരാതിയുയർന്നിരുന്നു.
വൈപ്പിൻ കുഴിപ്പള്ളിയിൽ ഗ്യാസ് ഏജൻസി നടത്തുന്ന വനിത സംരഭകയെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിലും പി കെ അനിൽകുമാർ കേസ് നേരിടുന്നുണ്ട്.
അനിൽകുമാർ ആഡംബര കാർ സ്വന്തമാക്കിയതിൽ പരാതി കിട്ടിയിട്ടില്ലെന്നും എന്നാൽ ഇക്കാര്യം പരിശോധിക്കുമെന്ന് സിഐടിയു നേതൃത്വം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.