കണ്ണൂർ: കൂത്തുപറമ്പിൽ വൻ മയക്കുമരുന്ന് വേട്ട. നെതർലാൻ്റിൽ നിന്നും ഓൺലൈനായി വരുത്തിച്ച 70 LSD സ്റ്റാമ്പുകൾ എക്സൈസ് പിടികൂടി. കൂത്ത്പറമ്പ് പോസ്റ്റ് ഓഫിസിൽ ഓൺലൈൻ വഴി തപാലിൽ എത്തിചേർന്ന മയക്കുമരുന്ന് രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജനീഷ് എം എസ് ഉം പാർട്ടിയും ചേർന്ന് പിടികൂടുകയായിരുന്നു.
തുടർന്ന് തന്ത്രപരമായ നീക്കത്തിലൂടെ വിലാസക്കാരൻ കൂത്തുപറമ്പ് പാറാൽ സ്വദേശി ശ്രീരാഗിനെ വീടിന് സമീപം വച്ച് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മെയ് 1 ന് ഡാർക്ക് വെബ് വഴിയാണ് സ്റ്റാമ്പുകൾ ഓർഡർ ചെയ്തതെന്നും ആ സ്റ്റാമ്പുകളാണ് പോസ്റ്റ് ഓഫിസിൽ വന്നതെന്നും പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പ്രത്യേക അക്കൗണ്ട് സൃഷ്ടിച്ച് ബിറ്റ് കോയിൻ കൈമാറ്റം വഴിയാണ് LSD ഓർഡർ ചെയ്തത്. കഞ്ചാവ് കൈവശം വച്ചതിന് ശ്രീരാഗിന്റെ പേരിൽ മുൻപും കൂത്തുപറമ്പ് എക്സൈസ് കേസെടുത്തിട്ടുണ്ട്.
ലഹരി വസ്തുക്കളിൽ ഏറ്റവും മാരകമായ ഇനങ്ങളിൽപ്പെട്ട ഒന്നാണ് LSD. പ്രതിയുടെ കയ്യിൽ നിന്നും പിടികൂടിയ 70 LSD സ്റ്റാമ്പുകൾ 1607 മില്ലിഗ്രാം തൂക്കം വരുന്നതാണ്. കേവലം 100 മില്ലിഗ്രാം കൈവശം വച്ചാൽ പോലും 10 വർഷം മുതൽ 20 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. പിടികൂടിയ സ്റ്റാമ്പുകൾക്ക് മൂന്ന് ലക്ഷത്തോളം രൂപ വില മതിക്കും.
പ്രിവന്റീവ് ഓഫിസർ സുകേഷ് കുമാർ വണ്ടിച്ചാലിൽ, സിവിൽ എക്സൈസ് ഓഫിസർമാരായ പ്രജീഷ് കോട്ടായി, സുബിൻ എം, ശജേഷ് സി.കെ, വിഷ്ണു എൻ.സി, എക്സൈസ് ഡ്രൈവർ ലതിഷ് ചന്ദ്രൻ എന്നിവരുൾപ്പെടുന്ന സംഘമാണ് കേസ് എടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.