ഇടുക്കി :മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയ നാൽവർ സംഘം പിടിയില്‍. കട്ടപ്പന കാഞ്ചിയാര്‍ പാലാക്കട സ്വദേശി പുത്തന്‍പുരയ്ക്കല്‍ റൊമാറിയോ ടോണി( 29) കട്ടപ്പന മുളകരമേട് സ്വദേശി പാന്തേഴാത്ത് ശ്യാംകുമാര്‍(33) പേഴുംകവല സ്വദേശി പ്രസീദ് ബാലകൃഷ്ണൻ(38), അണക്കര സ്വദേശി അരുവിക്കുഴി സിജിൻ മാത്യു (30) എന്നിവരാണ് കട്ടപ്പന പോലീസിന്റെ പിടിയിലായത്.
കട്ടപ്പന, കുമളി, അണക്കര, തമിഴ്നാട്ടിലെ കമ്പം എന്നീ സ്ഥലങ്ങളില്‍ പ്രതികള്‍ വര്‍ഷങ്ങളായി ഒറിജിനലിനെ വെല്ലുന്ന വ്യാജ സ്വര്‍ണാഭരണങ്ങള്‍ നിര്‍മ്മിച്ച് നിരവധി സ്ഥാപനങ്ങളില്‍ പണയം വെച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിവരികയായിരുന്നു.
ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നാളുകളായി പ്രതികളെ കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം ശ്യാംകുമാറിനെ സംശയത്തിന്റെ പേരില്‍ പിടികൂടി ചോദ്യംചെയ്തപ്പോള്‍ ഇയാളുടെ കയ്യില്‍ നിന്ന് പതിനഞ്ചോളം ധനകാര്യ സ്ഥാപനങ്ങളില്‍ പണയം വെച്ച രസിതുകള്‍ കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് ഇതേ പറ്റി ചോദിച്ചപ്പോള്‍ കാഞ്ചിയാര്‍ ലബ്ബക്കട സ്വദേശി റൊമാരിയോ എന്ന ആള് മുഖേന പലരെയും കൊണ്ട് വ്യാജ സ്വര്‍ണം പണയം വെപ്പിച്ചിട്ടുണ്ടെന്നും അതിന്റെ രസീതുകളാണ് ഇതെന്നും വിവരം ലഭിച്ചു. തുടര്‍ന്ന് റൊമാരിയോയെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ തന്റെ പരിചയക്കാരനായ തട്ടാനെ കൊണ്ട് പെട്ടെന്ന് തിരിച്ചറിയാത്ത വിധം കനത്തില്‍ സ്വര്‍ണ്ണംപൂശിയ വ്യാജ സ്വര്‍ണമാണ് പണയം വയ്ക്കുന്നതെന്നും പെട്ടെന്നുള്ള പരിശോധനയില്‍ തിരിച്ചറിയാന്‍ പറ്റില്ലെന്നും പണയം വെച്ച് തരുന്നവര്‍ക്ക് 2000 രൂപ പ്രതിഫലം കൊടുത്ത് ബാക്കി തുക താന്‍ വാങ്ങിക്കുകയായിരുന്നു എന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.
തട്ടാന്‍ ഒരു ആഭരണം പണിതു തരുമ്പോൾ 6500 രൂപ പ്രതിഫലമായി കൊടുക്കുമെന്നും ഇടുക്കിയില്‍ ഇരുപതോളം വ്യാപാരസ്ഥാപനങ്ങളില്‍ നിലവില്‍ 25 ലക്ഷത്തോളം രൂപയടെ പണയം വെച്ചിട്ടുണ്ടെന്നും ശ്യാമിനെ കൂടാതെ കട്ടപ്പന പേഴുംകവല സ്വദേശി പ്രസീദ് ബാലകൃഷ്ണന്, അണക്കര ചെല്ലാര്‍കോവില്‍ ഒന്നാം മൈല്‍ ഭാഗത്ത് അരുവിക്കുഴി വീട്ടില്‍ മാത്യു മകന് സിജിന്‍ മാത്യു (30) ഉള്‍പ്പെടെ നിരവധി ആളുകളെ കൊണ്ട് താന്‍ സ്വര്‍ണ്ണം പണയം വെപ്പിച്ചിട്ടുണ്ടെന്ന്റോമാരിയോ സമ്മതിച്ചു.
ഇനിയും കൂടുതല്‍ മേഖലയിലെ സ്ഥാപനങ്ങളില്‍ വ്യാജ സ്വര്‍ണം പണയം വെച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും കൂടുതല്‍ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു. കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്, എസ് ഐ സജിമോന്‍ ജോസഫ്, എസ്.സി.പിഒമാരായ സിനോജ് പി ജെ, ജോബിന് ജോസ്, സിപിഒ അനീഷ് വി കെ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.