ഇടുക്കി: കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പനെ തമിഴ്നാട് വനം വകുപ്പ് അധികൃതർ മയക്കുവെടി വെച്ചേക്കുമെന്ന് സൂചന. ഇതിന് മുന്നോടിയായി ആനയെ ആകാശത്തേക്ക് വെടിവെച്ച് തുരത്താൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിച്ചു.
മുൻപ് ജനവാസ മേഖലയിൽ അരിക്കൊമ്പൻ ഇറങ്ങിയിരുന്നെങ്കിലും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നില്ല. എന്നാൽ ഇത്തവണ അതല്ല സ്ഥിതി. ആയിരക്കണക്കിനാളുകൾ താമസിക്കുന്ന, മുനിസിപ്പാലിറ്റിയായ കമ്പം മേഖല പ്രധാന വാണിജ്യ കേന്ദ്രം കൂടിയാണ്. ഇവിടേക്ക് ആന എത്തുന്നത് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
കമ്പം ടൗണിൽ വന്യമൃഗങ്ങൾ ഇറങ്ങുന്ന പതിവില്ല. കേരളത്തിലും തമിഴ്നാട്ടിലും വൻ വാർത്താ പ്രാധാന്യം നേടിയ അരിക്കൊമ്പൻ ടൗണിലെത്തിയതറിഞ്ഞ് നിരവധി പേരാണ് കമ്പത്തേക്ക് പാഞ്ഞെത്തിയത്.
കമ്പത്ത് പുളിമരങ്ങൾക്കിടയിൽ ഒളിച്ചിരിക്കുകയാണ് ആന. തമിഴ്നാട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനയെ സർക്കാർ മയക്കുവെടി വെച്ച് കുങ്കിയാനയാക്കുന്നതാണ് പതിവ്. അതിനാൽ തന്നെ ഇപ്പോഴത്തെ സാഹചര്യത്തിൽ തമിഴ്നാട് വനം വകുപ്പ് കടുത്ത നടപടിയിലേക്ക് കടക്കും.
വനം വകുപ്പ് അധികൃതർ തോക്കുമായി കമ്പത്ത് എത്തി. ആകാശത്തേക്ക് വെടിവെച്ച് ആനയെ തുരത്താൻ ശ്രമിച്ചു. ആന കൂടുതൽ പരിഭ്രാന്തി സൃഷ്ടിക്കുകയാണെങ്കിൽ മയക്കുവെടി വെക്കുമെന്നാണ് കരുതുന്നത്. ഇന്ന് രാവിലെയാണ് കമ്പത്തെ ജനവാസ മേഖലയിൽ ആന എത്തിയത്.
ലോവർ ക്യാമ്പിൽ നിന്നും വനാതിർത്തിയിലൂടെ ഇവിടെ എത്തിയെന്നാണ് നിഗമനം. തമിഴ്നാട്ടിലെ ലോവർ ക്യാമ്പിനും ഗൂഡല്ലൂരിനും ഇടയിലുള്ള വനമേഖലയിലാണ് ഇന്നലെ രാത്രി ആനയുണ്ടായിരുന്നത്.
രാവിലെ ആനയുടെ സിഗ്നൽ നഷ്ടമായതോടെ വനം വകുപ്പ് നടത്തിയ തിരച്ചിൽ നടത്തിയിരുന്നു. ആന കമ്പത്ത് ജനവാസ മേഖലയിൽ എത്തിയെന്ന് വ്യക്തമായത്.
വീഡിയോ കടപ്പാട്
ശ്രീകുമാർ പുത്തൻ പുരയിൽ കൊടുമ്പിടി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.