പത്തനംതിട്ട :ഏറുമാടത്തിനു മുകളിലെ താമസം രാജേന്ദ്രനും കുടുംബവും ഇന്നലെ അവസാനിപ്പിച്ചു. പൂർണ ഗർഭിണിയായ ഭാര്യ പൊന്നമ്മയ്ക്ക് ഏറുമാടത്തിലേക്കുള്ള പടവുകൾ കയറാൻ ഇനി വയ്യ.
വന്യ മൃഗങ്ങളെ പേടിയുണ്ടെങ്കിലും, പണി തീരാത്ത വീട്ടിൽ ഇനി മുതൽ അന്തിയുറങ്ങാനാണ് ഇവരുടെ തീരുമാനം. മലദൈവങ്ങൾ കാക്കുമെന്ന വിശ്വാസമാണ് ഇവരുടെ ബലം. പൊന്നമ്മയുടെ പ്രസവത്തീയതി അടുത്തതിനാൽ ഏറുമാടത്തിലെ ജീവിതം സുരക്ഷിതമല്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതരും മുന്നറിയിപ്പ് നൽകിയതോടെയാണ് വീട്ടിലേക്കു മാറാൻ ഇവർ തീരുമാനിച്ചത്.
ളാഹ മഞ്ഞത്തോട് ഊരിലെ രാജേന്ദ്രൻ–പൊന്നമ്മ ആദിവാസി ദമ്പതികളും 2 മക്കളുമടങ്ങിയ കുടുംബം വന്യമൃഗങ്ങളെ ഭയന്ന് ഏറെ നാളായി വൻമരത്തിനു മുകളിലെ ഏറുമാടത്തിലാണ് താമസം. ഇവരുടെ താവളത്തിനു സമീപം പുതിയ വീട് നിർമിക്കുന്ന ജോലികൾ ആരംഭിച്ചെങ്കിലും പൂർത്തിയായില്ല. വാതിലിന്റെ അടയറവും തറയുടെ ജോലികളുമടക്കം പൂർത്തിയാകാനുണ്ട്.
ജീവൻ കയ്യിൽ പിടിച്ചുകൊണ്ടു വേണം ഇനിയുള്ള രാത്രികളിൽ കഴിയാൻ. കാട്ടാനകൾ ഊരിൽ നിത്യ സന്ദർശകരാണ്. കടുവ അലറുന്ന ശബ്ദം ഇന്നലെയും കേട്ടു. തങ്ങളുടെ പരാതികൾ കേൾക്കാൻ അധികൃതർക്ക് സമയമില്ലെന്ന് രാജേന്ദ്രൻ പറയുന്നു. വീട്ടിൽ പുതിയതായി വരുന്ന അംഗത്തിനും അമ്മയ്ക്കുമുള്ള വാസഗൃഹമായ ‘പിള്ള വീട്’ നിർമിക്കാൻ കുറെ ഷീറ്റെങ്കിലും കിട്ടിയാൽ ഏറെ ആശ്വാസമായേനെയെന്നും രാജേന്ദ്രൻ പറയുന്നു.
ഊരിലെ ആചാരങ്ങൾ അനുസരിച്ച് പ്രസവം കഴിഞ്ഞെത്തുന്ന അമ്മയും കുഞ്ഞും സ്വന്തം വീടിനു പുറത്ത് പ്രത്യേക ഷെഡ് നിർമിച്ച് അതിൽ വേണം ആഴ്ചകളോളം താമസിക്കാൻ. വരും ദിവസം ആശുപത്രിയിൽ പോകാനുള്ള ഒരുക്കത്തിലാണിവർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.