ആലുവ: ആലുവയിൽ 28 കിലോ കഞ്ചാവ് കേസിൽ അറസ്റ്റിലായ ഗ്രേഡ് എസ്ഐ യുടെ മകൻ നേരത്തെയും നാല് പൊലീസ് എക്സൈസ് കേസുകളിലെ പ്രതി.
റൂറൽ എസ്പി രണ്ട് തവണ ആവശ്യപ്പെട്ടിടും മകനെ ഹാജരാക്കാതെ അബുദാബിയിലേക്ക് കടത്താനുള്ള ഗ്രേഡ് എസ്ഐ സാജന്‍റെ ശ്രമമാണ് അച്ഛനെയും അഴിക്കുള്ളിലാക്കിയത്.
ഈ മാസം മുപ്പതാം തിയതി വിരമിക്കാനിരിക്കെ ആണ് മകന്റെ പ്രവർത്തിയിൽ ആലുവ തടിയിട്ടപ്പറന്പ് ഗ്രേഡ് എസ്ഐ സാജന് സബ് ജയിലിൽ കഴിയേണ്ടി വരുന്നത്. പൊലീസ് സേനയിൽ നിന്നുമുണ്ടായ വലിയ സമ്മർദ്ദത്തിനിടെ ആണ് ആലുവ റൂറൽ പൊലീസ് എസ്പി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ സാജനെയും മകൻ നവീനെയും അറസ്റ്റ് ചെയ്തത്.
28 കിലോ കഞ്ചാവ് ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും പിടിച്ചെടുത്തപ്പോൾ തന്നെ അത് കൈപ്പറ്റാൻ നവീൻ വരുന്നതായി പൊലീസിന് വിവരം കിട്ടിയിരുന്നു. ഇയാളെത്തിയ ജീപ്പിന് മുന്നിലേക്ക് പൊലീസ് എത്തിയെങ്കിലും നിമിഷം നേരത്തിനിടയിൽ കടന്ന് കളഞ്ഞു.
പിന്നീട് ഈ വാഹനം പൊലീസ് പിന്തുടർന്നെത്തിയപ്പോൾ ഇതിൽ സാജനെയാണ് കണ്ടത്. മറ്റൊരു കാർ കൈമാറി മകനെ രക്ഷപ്പെടാൻ സാജൻ സഹായിച്ചുവെന്ന് ഇതോടെ ബോദ്ധ്യമായി. ഇതോടെ സാജനെ നേരിട്ട് റൂറൽ എസ്പി വിളിപ്പിച്ചു. എന്നാൽ മകൻ എവിടെ എന്ന് തനിക്ക് അറിയില്ലെന്നായിരുന്നു ഇയാളുടെ ആവർത്തിച്ചുള്ള മറുപടി.
ഇതിന് പിന്നാലെയാണ് ബെംഗളൂരു വഴി നവീനെ അബുദാബിയിലേക്ക് മാറ്റാൻ എല്ലാ കരുക്കളും നീക്കിയത് സാജനാണെന്ന് വിവരം പൊലീസിന് കിട്ടിയത്.ഇതോടെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. 28 കിലോ കഞ്ചാവ് ഒന്നരലക്ഷം രൂപയ്ക്കാണ് മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ വഴി ഒഡീഷയിൽ നിന്ന് നവീൻ ആലുവയിലെത്തിച്ചത്.
ഇത് മൂന്നിരട്ടി വിലയ്ക്ക് ആലുവ പെരുന്പാവൂർ മേഖലയിൽ വിറ്റഴിക്കുകയായിരുന്നു ലക്ഷ്യം.ഇതരസംസ്ഥാന തൊഴിലാളികൾ വഴി തന്നെ ചില്ലറ വിൽപന നടത്തുന്നതായിരുന്നു ഇയാളുടെ രീതി. സാജനും മകൻ നവീനും ഉൾപ്പടെ കേസിൽ ഇത് വരെ അറസ്റ്റിലായ ഏഴ് പ്രതികൾ ആലുവ സബ്ജയിലിൽ റിമാൻഡിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.