യുകെ: വിസ തട്ടിപ്പ് എന്നത് മലയാളിക്ക് പുതിയൊരു കാര്യമൊന്നുമല്ല. നേരത്തേ ഗള്‍ഫ് നാടുകളിലേക്ക് കുടിയേറാന്‍ ആഗ്രഹിച്ചിരുന്നവരായിരുന്നു ഇത്തരക്കാരുടെ തട്ടിപ്പിന് കൂടുതലായി ഇരയായി കൊണ്ടിരുന്നത്.
എന്നാല്‍, ഗള്‍ഫില്‍ ജോലി സാധ്യതകള്‍ മങ്ങിയപ്പോള്‍, ബ്രിട്ടന് പോലുള്ള രാജ്യങ്ങളില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാര്‍ ഇറങ്ങിയിരിക്കുന്നത്.കഴിഞ്ഞ മാസമായിരുന്നു വിസിറ്റിംഗ് വിസയില്‍ യു കെയില്‍ എത്തിച്ചിട്ട് അഭയാര്‍ത്ഥി വിസയിലേക്ക് മാറ്റാമെന്ന വാഗ്ദാനം നല്കി മൂന്ന് മലയാളികളെ തട്ടിപ്പിനിരയാക്കിയ കഥ മാധ്യമങ്ങളില്‍ വന്നത്.
3 ലക്ഷം രൂപ വീതമായിരുന്നു തട്ടിപ്പുകാര്‍ ഇവരില്‍ നിന്നും കൈക്കലാക്കിയത്. എന്നാല്‍, മാധ്യമങ്ങളിലൂടെ സത്യാവസ്ഥ അറിഞ്ഞ അവര്‍ യാത്ര റദ്ദ് ചെയ്യുകയായിരുന്നു. ഇപ്പോള്‍ അവര്‍ വര്‍ക്കിംഗ് വിസയ്ക്കായി ശ്രമിക്കുകയാണെന്ന് അറിയുന്നു.
എന്നാല്‍, ഇപ്പോഴും ധാരാളം മലയാളികള്‍ ഇത്തരം തട്ടിപ്പു സംഘങ്ങളുടെ വലയില്‍ പെട്ട് വിസിറ്റിംഗ് വിസയില്‍ യു കെയില്‍ എത്തുന്നു എന്നാണ് സൂചന. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈസ്റ്റ് ഹാമില്‍ താമസിക്കുന്നതിനിടയില്‍ മരണപ്പെട്ട തിരുവനന്തപുരം സ്വദേശിയായ സ്ത്രീയുടെ കഥ.
ഭര്‍ത്താവുമൊത്ത് ആറു മാസത്തെ വിസിറ്റിംഗ് വിസയില്‍ എത്തിയ ഇവര്‍ ഈസ്റ്റ് ഹാമില്‍ താമസിച്ചു വരവെ പെട്ടെന്ന് അസുഖം ബാധിച്ച് മരിക്കുകയായിരുന്നു.
സാധാരണ ഗതിയില്‍ വിസിറ്റിംഗ് വിസയില്‍ യു കെയില്‍ എത്തുമ്പോള്‍ ഒരു സ്പോണ്സര് ഉണ്ടായിരിക്കും. സ്പോണ്സര് ഈ സന്ദര്‍ശന വിവരം ഹോം ഓഫീസിനെ അറിയിക്കുകയും, സന്ദര്‍ശകര്‍ യു കെയില്‍ ആയിരിക്കുന്നിടത്തോളം കാലം അവരുടെ സംരക്ഷണ ചുമതല ഏറ്റെടുക്കുകയും വേണം.
എന്നാല്‍, ഇക്കാര്യത്തില്‍ സ്പോണ്സര് ഒരു ഉത്തരവാദിത്ത്വവും ഏറ്റെടുത്തില്ല. ഇവരുടെ സ്പോണ്സര് എവിടെ? ഈ മൃതശരീരം നാട്ടിലേക്ക് അയയ്ക്കുന്നതുമായി ബന്ധപ്പെട്ട് അയാള്‍ എന്ത് ചെയ്തു? ഇവര്‍ക്ക് എന്തെങ്കിലും ധന സഹായം ലഭ്യമാക്കിയോ എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ ഉയരുകയാണ്.
ഈസ്റ്റ് ഹാമില്‍ ഇവരുമായി അടുപ്പമുള്ളവര്‍ പറയുന്നത് നാട്ടില്‍ ലക്ഷക്കണക്കിന് രൂപ മുടക്കിയാണ് ഇവര്‍ ഈ വിസ സംഘടിപ്പിച്ചത് എന്നാണ്. ഇന്റര്‍നെറ്റിന്റെ കാലത്തും, പണം കൊടുത്താല്‍ യു കെയിലേക്ക് വിസ എളുപ്പത്തില്‍ നേടാമെന്നും, ഇവിടെയെത്തിയാല്‍ അത് മാറ്റി അഭയാര്‍ത്ഥി വിസ ആക്കാമെന്നും, അങ്ങനെ എളുപ്പത്തില്‍ ജോലിക്ക് കയറാം എന്നുമൊക്കെ ചിന്തിക്കുന്നവര്‍ കേരളത്തില്‍ ഉണ്ട് എന്നതാണ് അദ്ഭുതകരമായ കാര്യം.
ഏതായാലും, മനുഷ്യത്വം വറ്റാത്ത യു കെ മലയാളികളും, ഇന്ത്യന്‍ ഹൈക്കമീഷനും, നോര്‍ക്കയും എല്ലാം ചേര്‍ന്ന് ഈ സ്ത്രീയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചു. പക്ഷെ ഇനിയും ഇത്തരത്തിലുള്ള ഒഴുക്ക് യു കെയിലെക്ക് ഉണ്ടാകും എന്നാണ് ആശങ്ക. നിയമവിരുദ്ധമായി തൊഴിലാളികളെ നിയമിക്കാന്‍ യു കെയില്‍ പലരും മടിക്കും.
വര്‍ക്ക് പെര്‍മിറ്റ് ഇല്ലാത്തവരെ ജോലിക്കെടുത്താല്‍ വന്‍ തുക പിഴ അടക്കേണ്ടി വരും എന്നതാണ് അവരെ അതില്‍ നിന്നും പിന്മാറ്റുന്നത്. മാത്രമല്ല, ഇനി ആരെങ്കിലും ജോലിക്ക് എടുത്താല്‍ തന്നെ, കേവലം മണിക്കൂറില്‍ 3 പൗണ്ട് മാത്രമായിരിക്കും കൂലി ഭക്ഷണത്തിന് പോലും ഇത് തികയുകയില്ല.
അധികൃതര്‍ പിടിച്ചാല്‍ ഉടനടി നാടുകടത്തുകയും ചെയ്യും. പലരും വന്‍ തുക ഏജന്റുമാര്‍ക്ക് നല്കി ഇത്തരത്തില്‍ വളഞ്ഞ വഴിയിലൂടെ യു കെ യില്‍ എത്തി, ഏജന്റിന് കൊടുത്ത പൈസപോലും സമ്പാദിക്കും മുന്‍പ് നാടുവിടേണ്ടി വന്ന സംഭവങ്ങള്‍ ഏറെയുണ്ട്.
അതുകൊണ്ടു തന്നെ യു കെ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ഹോം ഡിപ്പാര്‍ട്ട്മെന്റിന്റെ സൈറ്റിലും വിശദമായി പരിശോധിച്ച് മാത്രം യു കെ വിസ വാങ്ങാന്‍ ഒരുങ്ങുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.