വൈശാലി ∙ കാമുകനൊപ്പം അരുതാത്ത സാഹചര്യത്തിൽ കണ്ട കാര്യം വീട്ടിൽ പറയുമെന്ന് ഭയന്ന് പതിമൂന്നുകാരി, ഒൻപത് വയസ് മാത്രം പ്രായമുള്ള ഇളയ സഹോദരിയെ കൊലപ്പെടുത്തി. ബിഹാറിലെ വൈശാലിയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.
കാമുകന്റെയും ഒരു ബന്ധുവിന്റെയും സഹായത്തോടെയാണ് പതിമൂന്നുകാരി കൊലപാതകം നടത്തിയത്. ആളെ തിരിച്ചറിയാതിരിക്കാൻ മൃതദേഹത്തിന്റെ മുഖത്ത് ആസിഡ് ഒഴിക്കുകയും കൈവിരലുകൾ ഛേദിക്കുകയും ചെയ്തശേഷം വീടിനു സമീപത്തെ പറമ്പിൽ കുഴിച്ചു മൂടുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കൊലപാതകം നടത്തിയ പെൺകുട്ടിയെയും സഹായം ചെയ്ത കാമുകനെയും ബന്ധുവായ സ്ത്രീയെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊല നടത്തിയ പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്ത സാഹചര്യത്തിൽ ജുവനൈൽ ഹോമിലേക്കു മാറ്റി.
18 വയസ് പൂർത്തിയായ കാമുകനും ബന്ധുവായ സ്ത്രീയും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. മേയ് 15ന് വൈശാലി ജില്ലയിലെ ഹർപ്രസാദ് ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. സഹോദരിമാരുടെ മാതാപിതാക്കൾ സമീപത്തെ ഗ്രാമത്തിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്തായിരുന്നു സംഭവമെന്ന് വൈശാലി ജില്ലാ പൊലീസ് സൂപ്രണ്ട് രവിരഞ്ജൻ കുമാർ വെളിപ്പെടുത്തി.
വിവാഹ ചടങ്ങുകൾക്കു ശേഷം വീട്ടിൽ തിരിച്ചെത്തിയ മാതാപിതാക്കൾ, പെൺകുട്ടിയെ കാണാനില്ലെന്നു വ്യക്തമാക്കി പരാതി നൽകി. ഇതേത്തുടർന്ന് കേസ് റജിസ്റ്റർ ചെയ്ത പൊലീസ് സംഘം, അന്വേഷണത്തിനായി പ്രത്യേക സംഘത്തിന് രൂപം നൽകി. ഇതിനു പിന്നാലെയാണ് ഇവരുടെ വീടിനു സമീപത്തുനിന്ന് മേയ് 19ന് മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.
‘‘മൂർച്ചയില്ലാത്ത വസ്തു ഉപയോഗിച്ചാണ് അവർ പെൺകുട്ടിയെ കൊന്നത്. പിന്നീട് കുട്ടിയുടെ മൃതദേഹം മൂന്നു ദിവസം ഒരു പെട്ടിയിലാക്കി വീട്ടിൽത്തന്നെ സൂക്ഷിച്ചു. മൂന്നു ദിവസത്തിനു ശേഷം ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെയാണ് കാമുകന്റെ സഹായത്തോടെ മൃതദേഹം സമീപത്തെ പറമ്പിൽ കുഴിച്ചിട്ടത്.
അതിനു മുൻപായി ആളെ തിരിച്ചറിയാതിരിക്കാൻ ആസിഡ് ഉപയോഗിച്ച് മുഖം വികൃതമാക്കുകയും വിരലുകൾ അറുത്തുമാറ്റുകയും ചെയ്തിരുന്നു’ – എസ്പി പറഞ്ഞു.
ഇരുവരുടെയും മൊബൈൽ ഫോൺ പിടിച്ചെടുത്ത് നടത്തിയ പരിശോധനയിലാണ് കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസിന് സൂചന ലഭിച്ചത്. പെൺകുട്ടിയുടെ ബന്ധുവായ 32കാരിയെ സഹായം ചെയ്തതിന്റെ പേരിൽ അറസ്റ്റ് ചെയ്തതെന്നും പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.