ഭോപ്പാല്‍: അനധികൃത സ്വത്ത് സമ്പാദന കേസില്‍ വനിതാ അസിസ്റ്റന്റ് എഞ്ചിനീയറുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് കോടികളുടെ ആഢംബര വസ്തുക്കള്‍. പോലീസ് ഹൗസിംഗ് കോര്‍പ്പറേഷന്റെ കരാറില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ഇന്‍ചാര്‍ജുള്ള ഹേമ മീണ(36)യുടെ വീട്ടിലാണ് ലോകായുക്ത റെയ്ഡ് നടത്തിയത്.
ലക്ഷങ്ങള്‍ വിലവരുന്ന ടിവി, ആഢംബര കാറുകള്‍ ഉള്‍പ്പെടെയുള്ളവ പരിശോധനയില്‍ കണ്ടെടുത്തു. മധ്യപ്രദേശിലെ ലോകായുക്ത പോലീസ് പരിശോധനയിലാണ് ഇത്രയധികം വസ്തുക്കള്‍ കണ്ടെത്തിയത്.പ്രതിമാസം 30,000 രൂപ ശമ്പളമുള്ള ഹേമയുടെ വീട്ടില്‍ നിന്നും 30 ലക്ഷം രൂപ വിലവരുന്ന ഒരു ടിവി, വിദേശ ഇനത്തിലുള്ള നായ്ക്കള്‍, 10 ആഡംബര കാറുകള്‍ എന്നിവയുള്‍പ്പെടെ നിരവധി സാധനങ്ങളാണ് പിടിച്ചെടുത്തത്.
ഒറ്റ ദിവസത്തെ പരിശോധനയില്‍ ഏകദേശം ഏഴ് കോടി രൂപയുടെ ആസ്തിയാണ് സംഘം കണ്ടെത്തിയത്. ഇത് മീണയുടെ വരുമാനത്തേക്കാള്‍ 232 ശതമാനം കൂടുതലാണ്. ഇങ്ങനെയാണെങ്കില്‍ നിലവില്‍ മീണയ്ക്ക് 30,000 രൂപയ്ക്ക് പകരം 18 ലക്ഷം രൂപ ശമ്പളമാണ് ഉണ്ടായിരിക്കേണ്ടതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഭോപ്പാലിനടുത്തുള്ള ബില്‍ഖിരിയയില്‍ പിതാവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത 20,000 ചതുരശ്ര അടി സ്ഥലത്ത് നിര്‍മ്മിച്ച 40 മുറികളുള്ള ബംഗ്ലാവിലാണ് ഹേമ മീണ താമസിക്കുന്നത്. ഒരു കോടിയിലധികം രൂപയാണ് ഇതിന്റെ ചെലവായി കണക്കാക്കുന്നത്.
കൂടാതെ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഇവരുടെ ഫാം ഹൗസില്‍ നിന്ന് പിറ്റ്ബുള്‍, ഡോബര്മാന് എന്നിവയുള്‍പ്പെടെ 50ലധികം വിദേശയിനം നായ്ക്കളെ കണ്ടെത്തുകയും ചെയ്തു. വിവിധ ഇനത്തില്‍പ്പെട്ട 60-70 പശുക്കളെയും കണ്ടെത്തി.ബംഗ്ലാവില്‍ ഉണ്ടായിരുന്ന സഹപ്രവര്‍ത്തകരോടും മുതിര്‍ന്നവരോടും സംസാരിക്കാന്‍ മീണ ഉപയോഗിച്ചിരുന്ന വാക്കിടോക്കി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
വീട്ടില്‍ ഉള്ള ഉപകരണങ്ങളും വലിയ വിലമതിപ്പുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊയ്ത്ത് യന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ഭാരിച്ച കാര്‍ഷിക യന്ത്രങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതുവരെ പിടിച്ചെടുത്തവയുടെ യഥാര്‍ഥ മൂല്യം നിര്‍ണയിക്കാന്‍ മറ്റ് വകുപ്പുകളില്‍ നിന്നും സഹായം തേടേണ്ടിവരുമെന്നും പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞു.
അനധികൃത സ്വത്ത് സമ്പാദിച്ചെന്നാരോപിച്ച് ഹേമ മീണയ്ക്കെതിരെ 2020ല്‍ ലഭിച്ച പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് റെയ്ഡ് നടത്തിയതെന്ന് ലോകായുക്ത ഡിഎസ്പി സഞ്ജയ് ശുക്ല പറഞ്ഞു. 50 പേരെടങ്ങുന്ന സംഘം വേഷം മാറിയാണ് റെയ്ഡ് നടത്തുന്നതിനായി എത്തിയത്. മൃഗസംരക്ഷണ വകുപ്പില്‍ നിന്നുള്ളവരാണെന്നും ബംഗ്ലാവില്‍ സ്ഥാപിച്ച സോളാര്‍ പാനലുകള്‍ പരിശോധിക്കാനാണ് എത്തിയതെന്നും പറഞ്ഞാണ് ഉദ്യോഗസ്ഥര്‍ മീണയുടെ ബംഗ്ലാവില്‍ പ്രവേശിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.