ഇടുക്കി : പിടികൂടാനുള്ള നടപടികൾ വൈകുന്നതിനിടെ ഇന്നും രണ്ട് തവണ കുങ്കിയാനകളുടെ ക്യാമ്പിന് വളരെയടുത്ത് അരിക്കൊമ്പനെത്തി. പതിനൊന്നേകാലോടെയാണ് അരിക്കൊമ്പൻ ചിന്നക്കനാൽ സിമൻറ് പാലത്തെ കുങ്കി ക്യാമ്പിന് സമീപമെത്തിയത്. കൂടെ ഒരു പിടിയാനയും രണ്ടു കുട്ടിയാനകളുമുണ്ടായിരുന്നു.
കുങ്കികളെ ആക്രമിക്കാതിരിക്കാൻ വനപാലകർ പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയുമാണ് കാട്ടാനകളെ തുരത്തിയത്. ഇന്ന് പുലർച്ചെയും ഇത്തരത്തിൽ കുങ്കി ക്യാമ്പിന് സമീപത്ത് അരിക്കൊമ്പനെത്തിയിരുന്നു. കുങ്കികളെ ആക്രമിക്കാതിരിക്കാൻ കൂടുതൽ സുരക്ഷ വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്. ചക്കക്കൊമ്പൻ എന്ന കൊമ്പനാനയും സിംഗുകണ്ടത്തെ ജനവാസ മേഖലക്ക് സമീപമാണുള്ളത്.
ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാരും, പി ഗോപിനാഥും അടങ്ങുന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് അരിക്കൊമ്പൻ കേസ് പരിഗണിക്കുന്നത്. കേസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിക്കണമെന്നാവശ്യപ്പെട്ട് അറുപതോളം കർഷക സംഘടനകൾ ചീഫ് ജസ്റ്റിസിനെ സമീപിക്കും.
അഞ്ചാം തീയതി രാവിലെ ചീഫ് ജസ്റ്റിസിനെ കണ്ട് പരാതി നൽകാനാണ് തീരുമാനം. മാർച്ച് 23 ന് രാത്രി അരിക്കൊമ്പൻ വിഷയം അടിയന്തരമായി പരിഗണിക്കാൻ ഉണ്ടായ സാഹചര്യം അന്വേഷിക്കണം എന്നുൾപ്പെടെയുള്ള ആവശ്യങ്ങളും ഇവർ മുന്നോട്ട് വെക്കുന്നു.
അതേ സമയം ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിലെ നാലുപേർ ചിന്നക്കനാൽ ശാന്തൻപാറ പഞ്ചായത്തുകളിൽ നാളെ സന്ദർശനം നടത്തും. ജന വികാരം സമിതിയെ അറിയിക്കാനാണ് നാട്ടുകാരുടെ തീരുമാനം. സിങ്കു കണ്ടത്തെ രാപ്പകൽ സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നു. പൂപ്പാറയിൽ സിഡിഎസിൻറെ നേതൃത്വത്തിലാണ് സമരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.