മലപ്പുറം: അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ക്യാമ്പിൽ മേലുദ്യോഗസ്ഥന്‍റെ പീഡനം മൂലം വനിതാ കോൺസ്റ്റബിൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു.
പാലക്കാട് സ്വദേശിയും ക്യാമ്പിലെ മുപ്പതുകാരിയുമാണ് ചൊവ്വാഴ്ച രാവിലെ ഇടത് കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
രണ്ടു വർഷങ്ങൾക്ക് മുമ്പ് ഈ ക്യാമ്പിൽ വയനാട് സ്വദേശിയായ കമാൻഡോ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചതുമായി ബന്ധപ്പെട്ട് ഇതേ ക്യാമ്പിൽ ജോലി ചെയ്യുന്ന യുവതിയുടെ ഹവിൽദാരായ ഭർത്താവും മേലുദ്യോഗസ്ഥനും തമ്മിൽ വാക്കേറ്റ മുണ്ടായിരുന്നു. ഇതോടെയാണ് പ്രശ്നങ്ങളെന്നാണ് ആരോപണം.
ഇക്കഴിഞ്ഞ ജനുവരിയിലും യുവതി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ജോലിക്കിടയിൽ ഫോൺ ഉപയോഗിച്ചത് ഉദ്യോഗസ്ഥൻ അന്വേഷിച്ചപ്പോൾ തനിക്ക് എട്ടുമാസമായ കുഞ്ഞുണ്ട്, അവന്‍റെ കാര്യത്തിന് വീട്ടിൽ നിന്ന് വിളിച്ചപ്പോഴാണ് അത്യാവശ്യമായി ഫോൺ എടുത്തതെന്ന് അറിയിച്ചത്.
എന്നാൽ, ഈ സമയം മേലുദ്യോഗസ്ഥൻ വനിത കോൺസ്റ്റബിലിനോടു അപമര്യാതയായി പെരുമാറുകയായിരുന്നു. സംഭവത്തിൽ വനിത കോൺസ്റ്റബിൾ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് ദമ്പതികളോട് മേലുദ്യോഗസ്ഥൻ കൂടുതൽ മോശമായി പെരുമാറാൻ തുടങ്ങിയതെന്നാണ് ആരോപണം.
ഇതോടെ 800 ക്യാമ്പ് അംഗങ്ങളുള്ള ഗ്രൂപ്പിൽ വനിതകൾക്ക് മാത്രം പ്രത്യേക ഫിസിക്കൽ ടെസ്റ്റ് നടത്താനും തീരുമാനിച്ചു. ഇതോടെ യുവതിക്കെതിരെ ക്യാമ്പിലെ മറ്റു വനിത ഉദ്യോഗസ്ഥർ തിരിഞ്ഞു. നീ കാരണമാണ് ഞങ്ങൾക്ക് കൂടി ഇങ്ങനെ ഒരു പ്രശ്നം വന്നത് എന്നായിരുന്നു മറ്റു വനിതാ പോലീസ് ഉദ്യോഗസ്ഥർ പ്രതികരിച്ചു.
ഇതോടെ യുവതി മാനസിക സംഘർഷത്തിലായിരുന്നു. ഇതിനുശേഷം കഴിഞ്ഞ ദിവസം ഈ ദമ്പതികളുടെ വിവാഹ വാർഷികമായിരുന്നു. ഈ സമയം യൂണിഫോമിൽ ദമ്പതികൾ കുട്ടിയുമായി നിൽക്കുന്ന ഫോട്ടോ ചിലർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതാണ് പിന്നീട് പ്രശ്ങ്ങൾക്ക് ഇടയാക്കിയത്. അതീവ സുരക്ഷാ മേഖലയിൽ നിന്ന് ഫോട്ടോയെടുത്തെന്ന് പറഞ്ഞ് ദമ്പതികൾക്ക് മേലുദ്യോഗസ്ഥൻ മെമ്മോയും അയച്ചു.
ഇതോടെ യുവതി ചൊവ്വാഴ്ച രാവിലെ ഇടതു കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ക്യാമ്പ് ഉന്നത ഉദ്യോഗസ്ഥർ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.