തിരുവനന്തപുരം: കോവളം മുക്കോല പോറോട് പാലത്തിന് സമീപം ബൈക്കിടിച്ച് നാലു വയസുകാരൻ മരിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കണിയാപുരം ചിറ്റാറ്റമുക്ക് സ്വദേശി മുഹമ്മദ് ആഷിഖിനെ (21) പൊലീസ് അറസ്റ്റ് ചെയ്തു. യുവാവ് ബൈക്ക് റേസിങ്ങ് നടത്തുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ യുവാവ് കുറ്റം സമ്മതിക്കുകയായിരുന്നു.
ആഴാകുളം പെരുമരം എംഎ വിഹാറില് ഷണ്മുഖ സുന്ദരം-അഞ്ജു ദമ്പതികളുടെ ഇളയ മകനാണ് യുവാന്. ഭക്ഷണവും കളിപ്പാട്ടവും വാങ്ങാൻ മാതാവിനൊപ്പം പോയി മടങ്ങുമ്പോൾ റോഡ് മുറിച്ചുകടക്കുന്നതിനിടെ കുട്ടിയേയും മാതാവിനേയും ബൈക്ക് ഇടിക്കുകയായിരുന്നു. കുട്ടിയുടെ തലക്കേറ്റ ഗുരുതരമായ പരുക്കായിരുന്നു മരണ കാരണം. യുവാവിന്റെ ബൈക്ക് കരമനയിലെ വർക്ക്ഷോപ്പിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കുട്ടിയെ ഇടിച്ച ശേഷം യുവാവ് ബൈക്ക് നിർത്താതെ പോവുകയായിരുന്നു. ഇടിച്ചിട്ട ബൈക്കിന്റേത് എന്ന് കരുതുന്ന ചില ഭാഗങ്ങൾ സംഭവ സ്ഥലത്ത് നിന്ന് പൊലീസിന് ലഭിച്ചിരുന്നു. സിസിടിവിയും, ബൈക്ക് ഷോറൂമുകളും, സർവീസ് സെന്ററുകളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കരമനയിലെ വർക്ക് ഷോപ്പിൽ നിന്ന് ബൈക്ക് കസ്റ്റഡിയിലെടുത്തത്.
റേസിങ്ങിനായി യുവാവ് സ്ഥിരമായി ബൈപ്പാസിൽ എത്താറുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ അപകടം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പേടി കാരണമാണ് കീഴടങ്ങാതിരുന്നതെന്ന് മുഹമ്മദ് ആഷിഖ് പൊലീസിനോട് പറഞ്ഞു. പ്രതിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.