തിരുവനന്തപുരം: പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും പരുക്കേറ്റവര്‍ക്കും രണ്ട് കോടി രൂപ വിതരണം ചെയ്യാന്‍ ഉത്തരവ്. ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ എ ജയതിലക് ഉത്തരവിട്ടത്. വ്യവസായിയായ എം എ യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്കിയ രണ്ട് കോടി രൂപയില്‍ നിന്ന് തുക വിതരണം ചെയ്യാനാണ് നിര്‍ദേശം.
2016 ഏപ്രില്‍ പത്തിനായിരുന്നു കൊല്ലം പരവൂരില്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള വെടിക്കെട്ട് മത്സരത്തിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ മരണപ്പെട്ട 109 പേരുടെ ആശ്രിതര്‍ക്ക് ഒരുലക്ഷം രൂപ വീതവും ഗുരുതരമായി പരുക്കേറ്റ 202 പേര്‍ക്ക് 14,000 രൂപ വീതവും നല്‍കാനാണ് ഉത്തരവ്. കൊല്ലം ജില്ലാ കളക്ടര്‍ക്കാണ് വിതരണം ചെയ്യാനുള്ള ചുമതല. ഇതുസംബന്ധിച്ച് നടപടി സ്വീകരിച്ച് ഒരാഴ്ചക്കകം സര്‍ക്കാരിനെ അറിയിക്കാനും നിര്‍ദേശമുണ്ട്.
അപകടത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍, ഗുരുതരമായി പരുക്കേറ്റവര്‍, വീട് നഷ്ടപ്പെട്ടവര്‍ എന്നിവരില്‍ ഇപ്പോഴും ജീവിതം തിരിച്ചുപിടിക്കാത്തവര്ക്കും ധനസഹായം നല്‍കുന്നതിനായി ജോയിന്റ് ലാന്‍ഡ് റവന്യൂ കമ്മീഷണറെയും കൊല്ലം കളക്ടറെയും ചുമതലപ്പെടുത്തിയിരുന്നു.
സഹായം ആവശ്യമുള്ളവരുടെ പട്ടിക ലഭ്യമാക്കുവാന്‍ സ്ഥലപരിശോധന നടത്താനും ധനസഹായം നല്കാന് കൃത്യമായ മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് ശുപാര്‍ശ സമര്‍പ്പിക്കാനുമായിരുന്നു നിര്‍ദേശം. ലാന്‍ഡ് റവന്യൂ കമ്മീഷണറുമായി കൊല്ലം കളക്ടര്‍ ചര്‍ച്ച നടത്തിയിരുന്നു. 520 പേര്‍ക്ക് 1,99,98,000 രൂപ വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നായിരുന്നു ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.