രാജ്കോട്ട്: ഞെട്ടിക്കുന്ന നരബലിയുടെ വാർത്തയാണ് ഗുജറാത്തിലെ രാജ്കോട്ടിൽ നിന്നുമുള്ളത്. ശിരസ്സറ്റ നിലയിൽ ദമ്പതികളെ കണ്ടെത്തിയതിനെ തുടർന്നാണ് നരബലിയാണെന്ന് വ്യക്തമായത്. അഗ്നികുണ്ഡത്തിലേക്ക് സ്വയം തലയറുത്ത് അർപ്പിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. സ്വന്തം ശിരസ്സ് ഛേദിക്കാൻ ഭയാനകമായ രീതിയാണ് ഇവർ സ്വീകരിച്ചത്.
ബലി നൽകുന്നതിനു മുമ്പ് ഇവർ തങ്ങളുടെ വയലിൽ ചില ആചാരങ്ങൾ അനുഷ്ഠിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇതിനു ശേഷം ദേവപ്രീതിക്കായി സ്വയം ബലി നൽകിയെന്നാണ് കരുതുന്നത്. ഹെമു ഭായി, ഹൻസബെൻ മക്വാന എന്നിങ്ങനെയാണ് മരിച്ച ദമ്പതികളുടെ പേര്. ഇവരുടെ വീട്ടിൽ നിന്നും ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അന്ധവിശ്വാസപരമായ താന്ത്രിക ചടങ്ങുകളുടെ ഭാഗമായി സ്വയം ജീവനെടുത്തതാണെന്നാണ് കത്തിൽ പറയുന്നത്.
ശിരച്ഛേദം നടത്തുന്നതിന് മുമ്പ് ഇവർ അഗ്നിബലി പീഠം ഒരുക്കിയിരുന്നു. ഇതിനു ശേഷം തലകൾ ഒരു കയറിൽ പിടിച്ചിരിക്കുന്ന ഗില്ലറ്റിൻ പോലുള്ള യന്ത്രത്തിന് കീഴിൽ വെച്ചു. തലകൾ വെച്ചതിനു ശേഷം കൈയ്യിൽ പിടിച്ചിരുന്ന കയർ വിടുകയും ഇരുമ്പ് ബ്ലേഡ് ഇവരുടെ തലയ്ക്ക് മുകളിൽ പതിക്കുകയും ചെയ്തു. തലവിച്ഛേദിക്കപ്പെട്ട് അഗ്നികുണ്ഡത്തിലേക്ക് ഉരുണ്ടു പോയെന്നും വിഞ്ജിയ്യ ഗ്രാമത്തിലെ സബ് ഇൻസ്പെക്ടർ ഇന്ദ്രജിത്ത് ജഡേജ പറയുന്നു.
വധശിക്ഷ നടപ്പാക്കുന്നതിന് പ്രാകൃതമായി ഉപയോഗിച്ചിരുന്ന യന്ത്രമാണ് ഗില്ലറ്റിൻ. ഫ്രഞ്ച് വിപ്ലവത്തിന് അൽപ്പകാലം മുൻപാണ് ഗില്ലറ്റിൻ കണ്ടു പിടിക്കപ്പെട്ടത്.ഈ യന്ത്രത്തിന് സമാനമായ യന്ത്രമാണ് ഗുജറാത്തിലെ ദമ്പതികളും ഉപയോഗിച്ചത്. ശിരസ്സ് ഛേദിക്കപ്പെട്ടതിന് ശേഷം തലകൾ അഗ്നി ബലിപീഠത്തിലേക്ക് ഉരുളുന്ന തരത്തിലാണ് ഇരുവരും അത് നടപ്പിലാക്കിയത്.
ശനിയാഴ്ച്ച രത്രിക്കും ഞായറാഴ്ച്ച ഉച്ചയ്ക്ക് മുമ്പുമായാണ് നരബലി നടന്നിട്ടുണ്ടാകാമെന്നാണ് പൊലീസ് കരുതുന്നത്. പാടത്ത് പ്രത്യേകം ഒരുക്കിയ കുടിലായിരുന്നു ഇതെല്ലാം നടന്നത്. ഇവിടെ കഴിഞ്ഞ ഒരു വർഷമായി ദമ്പതികൾ പതിവായി പൂജ ചെയ്യാറുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. രണ്ട് കുട്ടികളും ഇവർക്കുണ്ട്. ദമ്പതികളുടെ മാതാപിതാക്കളും ബന്ധുക്കളുമെല്ലാം സമീപത്തു തന്നെയാണ് താമസിക്കുന്നത്.
ഞായറാഴ്ച്ച രാവിലെ സംഭവം അറിഞ്ഞ ഉടൻ ബന്ധുക്കളാണ് പൊലീസിനെ വിവരം അറിയിച്ചത്.അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തതായും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും പൊലീസ് അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.