യുഎഇ: ബഹിരാകാശ രംഗത്ത് ചരിത്രപരമായ മറ്റൊരു ചുവടുവയ്പ്പിന് ഒരുങ്ങി യുഎഇ. എമിറാത്തി ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി ബഹിരാകാശത്ത് നടത്തത്തിന് തയ്യാറെടുക്കുന്നു.
ഏപ്രിൽ 28നാണ് ഒരു അറബ് ബഹിരാകാശ സഞ്ചാരിയുടെ ആദ്യ ബഹിരാകാശ നടത്തം ചരിത്രത്തിൽ ഇടം നേടുക. സമ്മർദ്ദമുള്ള പ്രത്യേക സ്പെയ്സ് സ്യൂട്ടുകൾ ധരിച്ചുകൊണ്ടാണ് ബഹിരാകാശ നടത്തം. ഓക്സിജനും വെള്ളവും നൽകുന്ന ബഹിരാകാശ വസ്ത്രങ്ങളാണിത്. കയറുകൾ പോലെയുള്ള സുരക്ഷാ ടെതറുകൾ ഉപയോഗിച്ച് പേടകവുമായുളള ബന്ധം നിലനിർത്തുകയും എയർലോക്ക് എന്ന പ്രത്യേക വാതിലിലൂടെ പേടകത്തിന് പുറത്തെത്തുകയും ചെയ്യുന്നതാണ് രീതി.
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യാഴാഴ്ച ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടേ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് എക്സ്ട്രാ വെഹിക്കുലാർ ആക്ടിവിറ്റി (ഇവിഎ) ഏറ്റെടുക്കുന്ന പത്താമത്തെ രാജ്യമായി യുഎഇയെ മാറ്റും.
കഴിഞ്ഞ മാർച്ച് മൂന്നിനാണ് യുഎഇയുടെ ദീർഘകാല ബഹിരാകാശ പദ്ധതിക്കായി സുൽത്താൻ അൽ നെയാദി നാസയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. ബഹിരാകാശത്ത് ഒരു മാസം പൂർത്തീകരിച്ചതിന് പിന്നാലെയാണ് പുതിയ ദൌത്യം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. അതേസമയം 1998 മുതൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 259 ബഹിരാകാശ നടത്തങ്ങൾ നടന്നിട്ടുണ്ടെന്നാണ് നാസയുടെ കണക്കുകൾ.
ചില സന്ദർഭങ്ങളിൽ ബഹിരാകാശയാത്രികർ ബഹിരാകാശ പേടകത്തിന് പുറംഭാഗത്ത് പ്രവർത്തിക്കേണ്ടതുണ്ട്. ബഹിരാകാശ പരീക്ഷണങ്ങൾ നടത്താനും പുതിയ ഉപകരണങ്ങൾ പരീക്ഷിക്കാനും പുതിയ ഘടകങ്ങൾ നന്നാക്കാനോ ഇൻസ്റ്റാൾ ചെയ്യാനോ ആണ് സാധാരണയായി പുറത്തുകടക്കുന്നത്.
അഞ്ച് മുതൽ എട്ട് മണിക്കൂർ വരെ പേടകത്തിന് പുറത്തുളള ഇത്തരം പ്രവർത്തനങ്ങൾ നീണ്ടുനിൽക്കാറുണ്ടെന്നും നാസ വ്യക്തമാക്കുന്നു. ഇതിനായുളള പ്രത്യേക പരിശീലനങ്ങളും ബഹിരാകാശ യാത്രികർക്ക് നൽകാറുണ്ട്. ടെക്സാസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോൺസൺ സ്പേസ് സെൻ്ററിന് സമീപമുള്ള ന്യൂട്രൽ ബൂയൻസി ലബോറട്ടറിയിലാണ് പരിശീലനം നൽകുന്നത്. വെളളത്തിന് അടിയിൽ നിർമ്മിച്ചതാണ് ഈ ലബോറട്ടറി. സുൽത്താൻ അൽ നെയാദിയും മണിക്കൂറുകൾ നീണ്ട പരിശീലനം പൂർത്തിയാക്കിയ വ്യക്തിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.