ഇടുക്കി: ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹെെക്കോടതി വിധിക്കെതിരെ സിപിഐഎം സുപ്രീംകോടതിയിൽ അപ്പീൽ നൽകും. സിപിഐഎം സംസ്ഥാന കമ്മിറ്റിയിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. നാളെത്തന്നെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാനാണ് പാർട്ടി തീരുമാനം. ഇടത് സ്ഥാനാർത്ഥി എ രാജയുടെ തെരഞ്ഞെടുപ്പ് ഫലമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഹെെക്കോടതി വിധിയെ നിയമപരമായി നേരിടുമെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ് പറഞ്ഞു. അനുകൂലമായ നിരവധി മുൻവിധികൾ ഉണ്ട്. രാജയ്‌ക്കെതിരായ കോൺഗ്രസ് ആരോപണം ജനങ്ങൾ തള്ളിയതാണ്. സംവരണത്തിന് യോഗ്യനാണ് എ രാജ. നിയമപരമായ മുഴുവൻ പഴുതുകളും ഉപയോഗിച്ച് ഉത്തരവിനെ നേരിടുമെന്നും സി വി വർഗീസ് പറഞ്ഞു
ദേവികുളം എംഎൽഎ അഡ്വക്കേറ്റ് എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ഡി കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് മത്സരിച്ചതെന്നാണ് ഹർജിക്കാരൻ വാദിച്ചത്. എ രാജ ക്രൈസ്തവ വിഭാഗത്തിൽപ്പെട്ടയാളാണ് എന്നാണ് ഡി കുമാറിന്റെ ആരോപണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 7848 വോട്ടുകൾക്കാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായ ഡി കുമാറിനെ രാജ തോൽപ്പിച്ചത്.
ക്രിസ്തുമത വിശ്വാസികളായ അന്തോണി - എസ്തർ ദന്പതികളുടെ മകനായി ജനിച്ച എ. രാജ ക്രിസ്ത്യാനിയായി ജീവിക്കുന്നയാളാണെന്നും എ. രാജയുടെ ഭാര്യ ഷൈനി പ്രിയയും ക്രിസ്തുമത വിശ്വാസിയാണെന്നും ഇരുവരുടേയും വിവാഹം ക്രിസ്തുമത ആചാരപ്രകാരമാണ് നടന്നതെന്നുമായിരുന്നു ഡി കുമാറിൻറെ വാദം. ഇവരുടെ വിവാഹ ഫോട്ടോ മുഖ്യ തെളിവായി കോടതിയിൽ ഹാജരാക്കി. ചിത്രത്തിൽ താലിമാലയുടെ ലോക്കറ്റിൽ കുരിശ് ആലേഖനം ചെയ്തതായി കാണാം രൂപീകൃതമായത് മുതൽ പട്ടികജാതി സംവരണ മണ്ഡലമാണ് ദേവികുളം.
മാട്ടുപ്പെട്ടി കുണ്ടള ഈസ്റ്റ് ഡിവിഷനിലെ സിഎസ്‌ഐ പള്ളിയിൽ മാമ്മോദീസാ സ്വീകരിച്ച ദമ്പതിമാരുടെ മകനാണ് രാജയെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു. അദ്ദേഹവും ഇതേ പള്ളിയിൽ മാമ്മോദീസ സ്വീകരിച്ച് ക്രൈസ്തവ വിശ്വാസത്തിലാണ് ജീവിക്കുന്നതെന്നും കുമാർ ഹർജിയിൽ ആരോപിക്കുന്നു.ദേവികുളത്ത് ഇതോടെ ഉപതിരഞ്ഞെടുപ്പിനുള്ള സാഹചര്യം ഒരുങ്ങിയിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.