കോട്ടയം: ക്രൈസ്തവ വിശ്വാസികളെ കണ്ണീരിലാഴ്ത്തി ചങ്ങനാശേരി അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തില്‍ (93 ) കാലം ചെയ്‌തു.
ഇന്ന് ഉച്ചയ്ക്ക് 1.25 നായിരുന്നു ദേഹവിയോഗം. സംസ്‌കാരശുശ്രുഷകൾ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. വാർദ്ധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയതിനെ തുടർന്ന് വിശ്രമത്തിലായിരുന്ന പിതാവ് ചങ്ങനാശേരി ചെത്തിപ്പുഴ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
" മുഴങ്ങും ഒരു ശബ്ദം ഈ ഭാരത ഭൂവിൽ, ഉയരും ഒരു മന്ത്രം ഒരു രാഗമായി ഭൂവിൽ, തമസോമാ ജ്യോതിർഗമായാ!" അഭി. പവ്വത്തിൽ പിതാവിന്റെ പൗരോഹിത്യ സുവർണ ജൂബിലി വർഷത്തിൽ മധ്യസ്ഥൻ ടി.വി. പുറത്തിറക്കിയ ആദരം എന്ന ടെലി ഫിലിമിന്റെ ടൈറ്റിൽ സോങ് തുടങ്ങുന്നത് ഇപ്രകാരമാണ്. "സിറോ മലബാർ സഭയുടെ ചരിത്രത്തിലെ അതി നിർണ്ണായകമായ ഘട്ടത്തിൽ, വിശിഷ്യാ ഒരു വ്യക്തിഗത സഭയെന്ന നിലയിലുള്ള വ്യക്തിത്വത്തിന്റെയും അവകാശങ്ങളുടെയും നീതി പൂർവ്വകമായ പുനഃസ്ഥാപനത്തിനു അഭി പിതാവ് നൽകിയ നേതൃത്വവും പിതാവിന്റെ പരിശ്രമങ്ങളും സിറോ മലബാർ സഭയുടെ തലമുറകൾ കൃതജ്ഞതാപൂർവ്വം അനുസ്മരിക്കും. മെത്രാനും മെത്രാപ്പോലീത്തായുമായി അഭി പിതാവ് സഭയെ നയിച്ച നാളുകൾ സിറോ മലബാർ സഭയുടെ ചരിത്രത്തിൽ ഒട്ടനവധി വെല്ലുവിളികളും വിഷമതകളും നിറഞ്ഞതായിരുന്നു. ഉറച്ച തീരുമാനങ്ങൾ എടുക്കേണ്ടിയിരുന്ന വെല്ലുവിളികൾ! കഠിനമെങ്കിലും ഉറച്ച തീരുമാനങ്ങൾ അഭി. പിതാവ് കൈക്കൊണ്ടു. അതെല്ലാം ശരിയായിരുന്നു എന്നതിന് ഇന്ന് ചരിത്രം സാക്ഷി!"( സി.ബി.സി.ഐ മുൻ അധ്യക്ഷൻ കർദിനാൾ ടെലസ്ഫോർ ടോപ്പോ ) "എക്കോ ലാകൊറോണാ ദല്ലാ ചീയസാ സിറോമലബാറീസ്"-നോക്കൂ സിറോ മലബാർ സഭയുടെ കിരീടം! മെത്രാന്മാരുടെ അദ് ലമീനാ സന്ദർശന വേളയിൽ പവ്വത്തിൽ പിതാവിനെ കണ്ട ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ വിശേഷണം! സഭയ്ക്കും സമൂഹത്തിനും വേണ്ടി തന്റെ ജീവിതം തന്നെ ഉഴിഞ്ഞുവെച്ച അഭി. പിതാവിനെ വിശേഷിപ്പിക്കാൻ ഇതിലും നല്ല വാക്കുകൾ കണ്ടെത്തുക അസാധ്യം!
1930 ഓഗസ്റ്റ് 14 നാണ് ചങ്ങനാശേരി കുറുമ്പനാടം പൗവ്വത്തില്‍ ജോസഫ്-മറിയക്കുട്ടി ദമ്പതിമാരുടെ മകനായി പി.ജെ ജോസഫ് എന്ന ജോസഫ് പൗവ്വത്തില്‍ ജനിച്ചത്. പുളിയാംകുന്ന് ഹോളി ഫാമിലി സ്‌കൂള്‍, കുറുമ്പനാടം സെന്റ് പീറ്റേഴ്സ് സ്‌കൂള്‍, ചങ്ങനാശേരി എസ്.ബി.എച്ച്.എസ് എന്നിവിടങ്ങളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ചങ്ങനാശേരി എസ്.ബി കോളജില്‍ നിന്ന് ബിരുദവും മദ്രാസ് ലയോള കോളജില്‍ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
ചങ്ങനാശേരി പാറേല്‍ മൈനര്‍ സെമിനാരിയിലായിരുന്നു വൈദിക പഠനത്തിന്റെ തുടക്കം. പിന്നീട് പൂനെ പേപ്പല്‍ സെമിനാരിയില്‍ നിന്ന് ഫിലോസഫിയും തിയോളജിയും പൂര്‍ത്തിയാക്കി. 1962 ഒക്ടോബര്‍ മൂന്നിന് പൗരോഹിത്യ പട്ടം സ്വീകരിച്ചു. പിന്നീട് 1963 മുതല്‍ 1972 വരെ ചങ്ങനാശേരി എസ്.ബി കോളജില്‍ അധ്യാപകനായി സേവനമനുഷ്ടിച്ചു. 1972 ജനുവരി 29 ന് ചങ്ങനാശേരി രൂപതയുടെ സഹായ മെത്രാനായും കേസറിയാ ഫിലിപ്പിയുടെ സ്ഥാനിക മെത്രാനായും അഭിഷിക്തനായി.
പോള്‍ ആറാമന്‍ മാര്‍പ്പാപ്പായില്‍ നിന്ന് റോമില്‍ വച്ചാണ് മെത്രാന്‍ പട്ടം സ്വീകരിച്ചത്. അങ്ങനെ പരിശുദ്ധ പിതാവില്‍ നിന്ന് മെത്രാന്‍ പട്ടം സ്വീകരിക്കുന്ന സീറോ മലബാര്‍ സഭയില്‍ നിന്നുള്ള ആദ്യത്തെ മെത്രാന്‍ എന്ന പദവിയും മാര്‍ പൗവ്വത്തില്‍ സ്വന്തമാക്കി. 1977 ഫെബ്രുവരി 26 ന് കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായി നിയമിതനായി. 1985 നവംബര്‍ 16 ന് ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്തയായി. 1986 ജനുവരി 17 ന് ആര്‍ച്ച് ബിഷപ്പായി സ്ഥാനാരോഹണം. 2007 മാര്‍ച്ച് 19 ന് വിരമിച്ചു. 1992 മുതല്‍ 2007 വരെ സിറോ മലബാര്‍ ചര്‍ച്ച് സ്ഥിരം സിനഡ് അംഗമായിരുന്നു.
സഭാപരമായ നിലപാടുകളില്‍ തികച്ചും കാര്‍ക്കശ്യക്കാരനായിരുന്നു പൗവ്വത്തില്‍ പിതാവ്. 2012 ല്‍ മെത്രാഭിഷേകത്തിന്റെ റൂബി ജൂബിലിയും 2020 ല്‍ നവതിയും ആഘോഷിച്ചു. സഭാമക്കളുടെ നല്ല ഇടയൻ ആയിരുന്ന പിതാവ് സഭയുടെ ഐക്യത്തിനും കെട്ടുറപ്പിനും എന്നും മുന്തിയ പരിഗണന നല്‍കിയിരുന്നു.സഭയുടെ വിവിധ മേഖലകളിൽ സ്ഥിരം സാന്നിധ്യമായിരുന്ന പിതാവിനെ 'സീറോ മലബാര്‍ സഭയുടെ കിരീടം' എന്നാണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ വിശേഷിപ്പിച്ചിട്ടുള്ളത്. പൊതുവെ കർക്കശക്കാരനായ പിതാവ് സീറോ മലബാര്‍ സഭയുടെ അധ്യക്ഷ പദവി വരെ നിരസിച്ച ചരിത്രവും അദേഹത്തിന്റെ അജപാലന ജീവിത ചരിത്രത്തിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.