തിരുവനന്തപുരം : പുതിയ സാറ്റലൈറ്റ് ചാനലിൻെറ വരവിനെയും നിലവിലുളള ചാനൽ റീലോഞ്ചിങ്ങിന് ഒരുങ്ങുന്നതിനെയും തുടർന്ന് മലയാള ചാനലുകളിലെ അംഗങ്ങളുടെ ചാനൽ മാറ്റങ്ങൾ തുടരുന്നു. കൂടുതൽ പണവും മെച്ചപ്പെട്ട പദവിയും തേടി അവതാരകരും പ്രധാന റിപ്പോർട്ടർമാരും കൂടുമാറുമ്പോൾഅടുത്ത ദിവസങ്ങളിൽ മാറ്റമുണ്ടായിരിക്കുന്നത് പ്രമുഖ ചാനലുകളായ മനോരമ ന്യൂസിനും മാതൃഭൂമി ന്യൂസിനുമാണ്.
മനോരമാ ന്യൂസിലെ പ്രൈം ടൈം ഡിബേറ്റായ കൗണ്ടർ പോയിന്റിൻെറ അവതാരകനും ഔട്ട് പുട്ട് ഡസ്കിലെ സീനിയറുമായ അയപ്പദാസ് മനോരമ ന്യുസ് വിട്ടു. ഡിജിറ്റൽ പ്ളാറ്റ് ഫോമായി തുടങ്ങി, സാറ്റലൈറ്റ് ചാനലായി മാറുന്ന ‘ദി ഫോർത്ത്’ വാർത്താ ചാനലിലേക്കാണ് അയ്യപ്പദാസിൻെറ മാറ്റം.
എക്സിക്യൂട്ടിവ് എഡിറ്ററായിട്ടാണ് അയ്യപ്പദാസ് ദി ഫോർത്തിലേക്ക് എത്തുന്നത്. എക്സിക്യൂട്ടീവ് എഡിറ്ററായിരുന്ന ജോർജ് പുളിക്കൻ രാജിവെച്ച ഒഴിവിലേക്കാണ് അയ്യപ്പദാസിൻെറ നിയമനം. അയ്യപ്പദാസിൻെറ വരവോടെ സ്ഥാപനത്തിൻെറ രൂപീകരണം മുതലുണ്ടായിരുന്ന പുളിക്കൻ രാജിവെച്ച് പോയതിൻെറ ക്ഷീണം തീർക്കാൻ ദി ഫോർത്തിനായി. മനോരമാ ന്യൂസിൽ രാജിക്കത്ത് നൽകിയ അയ്യപ്പദാസ് ഏപ്രിൽ മാസം ആദ്യആഴ്ചയോടു കൂടി ദി ഫോർത്തിൽ ചുമതല ഏൽക്കും.
മനോരമ ഏറ്റവും കൂടുതൽ പ്രൊമോട്ട് ചെയ്യുകയും മികച്ച അവസരങ്ങൾ നൽകുകയും ചെയ്തിട്ടും അയ്യപ്പദാസിൻെറ അപ്രതീക്ഷിത രാജി മനോരമ ന്യുസ് മാനേജ്മെന്റിനെ ഞെട്ടിച്ചു. അമൃതാ ടി.വിയിൽ ജോലി ചെയ്തിരുന്ന അയ്യപ്പദാസ് ചില പ്രശ്നങ്ങളെ തുടർന്ന് അവിടം വിട്ടപ്പോൾ വിവാദങ്ങൾ ഭയക്കാതെ മനോരമാ ന്യൂസ് അവസരം നൽകുക ആയിരുന്നു. അമൃത വിട്ട് ഇന്ത്യാവിഷനിൽ ജോലിയിൽ പ്രവേശിച്ച് ഒരുമാസം കഴിഞ്ഞപ്പോഴായിരുന്നു അയ്യപ്പദാസ് മനോരമയിലേക്ക് കൂടുമാറിയത്.
ചാനലിലെ ചില അഭ്യന്തര അയ്യപ്പദാസ് മനോരമാപ്രശ്നങ്ങളാണ് മനോരമ ന്യൂസ് വിടാൻ കാരണമെന്നു സൂചന. മാതൃഭൂമി ന്യൂസിൽ നിന്ന് അനീഷ് ബർസോമും രാജിവെച്ച് ദി ഫോർത്തിൽ ചേർന്നിട്ടുണ്ട്. മാതൃഭൂമി ന്യൂസിലെ അസിസ്റ്റന്റ് ന്യൂസ് എഡിറ്ററായിരുന്ന അനീഷ് ബർസോം, ദി ഫോർത്തില്‍ ഔട്ട് പുട്ട് ഡസ്കിൻെറ ചുമതലയിലേക്കാണ് എത്തുന്നത്.
വേണു ബാലകൃഷ്ണനും സ്മൃതി പരുത്തിക്കാടും ഹാഷ്മി താജ് ഇബ്രാഹിമും മാതൃഭൂമി ന്യൂസ് വിട്ടശേഷം അവിടത്തെ ഔട്ട് പുട്ട് ഡസ്കിലെ നെടുംതൂണായിരുന്നു അനീഷ് ബർസോം. കുറഞ്ഞ ശമ്പളനിരക്കും എക്സിക്യൂട്ടിവ് എഡിറ്റർ രാജീവ് ദേവരാജുമായുളള അഭിപ്രായ വത്യാസങ്ങളുമാണ് അനീഷിൻെറ രാജിക്ക് കാരണമെന്നാണ് മാതൃഭൂമി ന്യൂസിൽ നിന്ന് പുറത്തുവരുന്ന വിവരം.
മാതൃഭൂമിയിലെ ഗ്രാഫിക്സ് വിഭാഗം മേധാവിയും സീനിയർ വീഡിയോ എഡിറ്ററും രാജിവെച്ച് ദി ഫോർത്തിൽ ചേർന്നിട്ടുണ്ട്. രാജീവ് ദേവരാജ് എക്സിക്യൂട്ടിവ് എഡിറ്ററായി വന്നശേഷം നിരവധി ജേർണലിസ്റ്റുകളാണ് മാതൃഭൂമി വിട്ടത്. രാജീവ് മുൻകൈയ്യെടുത്ത് മീഡിയാ വണിൽ നിന്ന് എത്തിച്ച അഭിലാഷ് മോഹനൻ അവിടേക്ക് തന്നെ മടങ്ങിപ്പോയേക്കുമെന്നും സൂചനയുണ്ട്.ഇത് മുൻകൂട്ടി കണ്ട് മനോരമാ ന്യൂസ് ഡൽഹി ബ്യൂറോ ചീഫും അവതാരകയുമായ നിഷ പുരുഷോത്തമനെ കൊണ്ടുവരാൻ മാതൃഭൂമിന്യുസ് ശ്രമിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.