തിരുവനന്തപുരം: കഴിഞ്ഞ തിരഞ്ഞെടുപ്പിനു ശേഷം രാഷ്ട്രീയ ചിത്രത്തിൽ ഇല്ലാതിരുന്ന ബി.ഡി.ജെ.എസ്, പാർലമെന്റ് തിരഞ്ഞെടുപ്പടുക്കുന്നതോടെ വീണ്ടും സജീവമാവുകയാണ്. കേരളത്തിൽ ആര് ജയിക്കണമെന്ന് തീരുമാനിക്കാൻ പാർട്ടിക്ക് സാധിക്കുമെന്നും വഴങ്ങിയാൽ പാർട്ടിയെ കൊണ്ടുപോകാൻ എൽ.ഡി.എഫും യു.ഡി.എഫും വരുമെന്നുമാണ് എൻ.ഡി.എ. കൺവീനറും പാർട്ടി അദ്ധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളി അവകാശപ്പെട്ടത്.വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ്. നിർണായക ശക്തിയാകുമെന്നും അദ്ദേഹം പറഞ്ഞു .
ഏഴ് വർഷം മുമ്പ് ശൂന്യതയിൽ നിന്ന് ഉയർന്ന് വന്നതാണ് ബി.ഡി.ജെ.എസ്. ജില്ലാ കമ്മിറ്റികൾ പോലും ഉണ്ടായിരുന്നില്ല. പിന്നീട് വന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ കരുത്ത് കേരളം കണ്ടു. എൻ.ഡി.എ സ്ഥാനാർത്ഥികളുടെ വോട്ടുകൾ 2000ൽ നിന്ന് 20,000-30,000ൽ എത്തി. ഇന്നിപ്പോൾ കേരളത്തിൽ ആര് ജയിക്കണമെന്ന് നിർണയിക്കാൻ പാർട്ടിക്ക് സാധിക്കും. ഒന്നിച്ച് നിന്നാൽ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് എൻ.ഡി.എ സ്ഥാനാർത്ഥി വിജയിക്കും.
ഓട്ടോറിക്ഷയിൽ പോലും കയറാൻ ആളില്ലാത്ത പാർട്ടിയുടെ നേതാക്കൾ കേരളത്തിൽ അധികാര കസേരകളിലുണ്ട്. അപ്പോഴാണ് സംസ്ഥാനം മുഴുവൻ സംഘടനാ സംവിധാനമുള്ള, വലിയൊരു സമൂഹത്തിന്റെ പിന്തുണയും കരുത്തുമുള്ള ബി.ഡി.ജെ.എസ്. സാമൂഹ്യനീതിക്കായി നിലകൊള്ളുന്നത്.അധികാരവും സമ്പത്തുമില്ലാത്ത പാവപ്പെട്ടവന്റെ പാർട്ടിയാണ് ബി.ഡി.ജെ.എസ്. രസീത് കുറ്റികളും ബക്കറ്റ് പിരിവുമില്ലാതെ പ്രവർത്തകർ സ്വന്തം പോക്കറ്റിലെ പണം കൊണ്ടാണ് പതിനായിരങ്ങൾ പങ്കെടുക്കുന്ന സമ്മേളനങ്ങൾ നടത്തുന്നത്.
കുപ്പിയും കാശും കൊടുത്ത് സമ്മേളനത്തിന് ആളെക്കൂട്ടുന്ന കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്ക് ഇത് സങ്കല്പിക്കാനാവില്ല. അണികളുടെയും നേതാക്കളുടെയും വികാരമാണ് ബി.ഡി.ജെ.എസ്. ഹിന്ദുത്വം കൊണ്ട് മാത്രം കേരളം ഭരിക്കാനാവില്ല. ന്യൂനപക്ഷപിന്തുണയും നേടണം. രണ്ട് മതങ്ങളിലേയും നല്ലവരെയും അവഗണിക്കപ്പെട്ടവരെയും ഒപ്പംചേർത്ത് നിറുത്താനുള്ള ശ്രമങ്ങളിലാണ് ബി.ഡി.ജെ.എസ്. ലോകസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലാണ് പാർട്ടി.
പഞ്ചായത്ത്, മണ്ഡലം കമ്മിറ്റികളുടെ സമ്മേളനങ്ങൾ ഉടനെ ആരംഭിക്കും. ആറ് മാസത്തിനുള്ളിൽ സംസ്ഥാന സമ്മേളനം നടത്തി കരുത്തുകാണിക്കും.- ബി.ഡി.ജെ.എസ്. സംസ്ഥാന പഠനശിബിരത്തിൽ തുഷാർ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.