തൃശൂര്‍: ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് തൃശൂരിലെത്തും. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് അമിത് ഷാ തൃശൂരിലെത്തുന്നത്. കേരള സന്ദര്‍ശനത്തിനായി അമിത് ഷാ തൃശൂര്‍ തെരഞ്ഞെടുത്തത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്. കേരളത്തില്‍ തൃശൂരിനെയാണ് ഏറ്റവും വിജയ സാധ്യതയുള്ള മണ്ഡലമായി ബിജെപി കാണുന്നത്. വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പറഞ്ഞിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി തൃശൂര്‍ മണ്ഡലത്തില്‍ മൂന്ന് ലക്ഷത്തിനടുത്ത് വോട്ട് നേടിയിരുന്നു. രണ്ടാം സ്ഥാനത്ത് എത്തിയ സിപിഐ സ്ഥാനാര്‍ത്ഥിയേക്കാള്‍ 28,000 വോട്ടിന്റെ മാത്രം കുറവാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. സുരേഷ് ഗോപിക്ക് ബിജെപിയുടെ വോട്ട് ശതമാനം കൂട്ടാന്‍ സാധിച്ചു. 17 ശതമാനത്തിന്റെ വര്‍ധനവാണ് കഴിഞ്ഞ തവണ ബിജെപി തൃശൂരില്‍ നേടിയത്. 2021ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ ഏഴ് മണ്ഡലങ്ങളിലും നല്ല പ്രകടനം കാഴ്ച വെക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്.
കുറേ നാളുകളായി മണ്ഡലങ്ങളില്‍ സുരേഷ് ഗോപിയുടെ സാന്നിദ്ധ്യം ശ്രദ്ധേയമാണ്. തൃശൂരില്‍ സുരേഷ് ഗോപി മത്സരിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് പ്രതിരോധ ജാഥ ചാരിറ്റി രാഷ്ട്രീയ പ്രവര്‍ത്തനമല്ലെന്ന് എം വി ഗോവിന്ദന് പറഞ്ഞത്. സംസ്ഥാന നേതൃത്വത്തെ ഒന്നടങ്കം തൃശൂരിലെത്തിച്ച് മണ്ഡലത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനാണ് അമിത് ഷാ ഈ ജില്ല തന്നെ തെരഞ്ഞെടുത്തത്. അതുവഴി കേന്ദ്ര നേതൃത്വം ബിജെപി സംസ്ഥാന നേതൃത്വത്തിന് ഒരു സന്ദേശം കൂടിയാണ് നല്‍കുന്നത്.
ചാരിറ്റി പ്രവര്‍ത്തനം വോട്ട് കിട്ടാനുള്ള പ്രവര്‍ത്തനമായി കാണുന്ന പാര്‍ട്ടിയല്ല ബിജെപിയും ബിജെപി പ്രവര്‍ത്തകരും. സുരേഷ് ഗോപി നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ വോട്ട് കിട്ടാന്‍ വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളല്ല. കഴിഞ്ഞ അഞ്ച് വര്‍ഷമായി രാജ്യസഭയില്‍ കേട്ടത് സുരേഷ് ഗോപിയുടെ ശബ്ദമാണ്. ഈ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് സ്ഥാനാര്‍ത്ഥി ഒരു വട്ടം പോലും പാര്‍ലമെന്റില്‍ സംസാരിച്ചിട്ടില്ല. അത് തൃശൂരിലെ ജനങ്ങള്‍ക്കുമറിയാം. തൃശൂരിലെ ജനങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്യുക.' എന്നായിരുന്നു എം ടി രമേശിന്റെ പ്രതികരണം.
തൃശൂര്‍ മണ്ഡലത്തില്‍ ഹിന്ദു സമുദായത്തിന് 50 ശതമാനം വോട്ടുണ്ട്. തൊട്ടു പിന്നില്‍ 40 ശതമാനം വോട്ടോടെ ക്രിസ്ത്യന്‍ സമുദായമാണ്. ഈ വോട്ട് ബാങ്കിലാണ് ബിജെപി ഇപ്രാവശ്യം കണ്ണുവെക്കുന്നത്. ക്രിസ്ത്യന്‍ സഭകളുമായും ക്രിസ്തീയ വിഭാഗങ്ങളുമായും ശക്തമായ ബന്ധമുണ്ടാക്കാനുള്ള ബിജെപിയുടെ നീക്കത്തിന്റെ ആദ്യ പരീക്ഷണശാലയായിരിക്കും തൃശൂര്‍.ഈസ്റ്ററിന് ക്രിസ്തീയ കുടുംബങ്ങള്‍ സന്ദര്‍ശിക്കുന്നതടക്കം വിവിധ പരിപാടികള്‍ ഇതിനോടകം തന്നെ ബിജെപി ആസൂത്രണം ചെയ്തിട്ടുണ്ട്. മണ്ഡലത്തില്‍ മുസ്ലീം സമുദായത്തിന്റെ സാന്നിദ്ധ്യം അഞ്ച് ശതമാനം മാത്രമാണെന്നും ഇത് അനുകൂലമായി തന്നെ ബിജെപി കാണുന്നുണ്ട്.
കേരളത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലും ദേശീയ നേതാക്കളെ എത്തിക്കുന്നതിലൂടെ ബിജെപി കാണുന്നത് കൃത്യമായ രാഷ്ട്രീയം തന്നെയാണ്. തൃശൂര്‍ മണ്ഡലത്തില്‍ തങ്ങള്‍ക്ക് ഏറെ പ്രതീക്ഷയുണ്ട്. സാമൂഹികമായും രാഷ്ട്രീയമായും അനുകൂലമായ സാഹചര്യമാണ് ഇവിടെയുള്ളത്. 2024 ല്‍ വിജയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ട്. അതുകൊണ്ട് തന്നെയാണ് ദേശീയ നേതൃത്വം തൃശൂര്‍ തെരഞ്ഞെടുത്തിട്ടുണ്ടാവുകയെന്നും എംടി രമേശ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.