കൊച്ചി: കേരളം വീണ്ടും തീവ്രവാദത്തിന്റെ പറുദീസയാവുന്നോ എന്ന ആശങ്കയുണർത്തി കോഴിക്കോട്ടെ സമാന്തര ടെലിഫോൺ എക്സ്‍ചേഞ്ച് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്. കോഴിക്കോട്ടെ സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ചുകളുടെ മറവിൽ കോടികളുടെ ഹവാല ഇടപാടുകൾ നടന്നിട്ടുണ്ടെന്നും തീവ്രവാദവും മനുഷ്യക്കടത്തും സജീവമായി നടക്കുന്ന രാജ്യങ്ങളിലേക്ക് ഈ എക്‌സേഞ്ചുകൾ മുഖേന കോളുകൾ പോയിട്ടുള്ളത് ഗൗരവമേറിയ വിഷയമാണെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ റിപ്പോർട്ടു നൽകി.
ചൈനീസ് കമ്പനികളുടെ സെർവറുകളും സോഫ്ട്‌വെയറുകളും ഉപയോഗിച്ചുള്ള ഇടപാടുകളുടെ പൂർണ വിവരങ്ങൾ കണ്ടെത്താനായില്ലെന്നും കോഴിക്കാേട് ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ ടി.എ. ആന്റണി നൽകിയ റിപ്പോർട്ടിൽ പറയുന്നു. കോഴിക്കോട് അനധികൃതമായി പ്രവർത്തിച്ചിരുന്ന ഏഴ് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ കണ്ടെത്തിയതിനെത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിലെ മുഖ്യപ്രതി മലപ്പുറം കിഴക്കേത്തല സ്വദേശി നിയാസ് കുട്ടശേരി നൽകിയ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്താണ് അന്വേഷണ സംഘം റിപ്പോർട്ടു നൽകിയത്.
കോഴിക്കോട് പണ്ടികശാല സ്വദേശി പി. ജുറൈഡ്, മൂരിയാട് സ്വദേശി പി.പി. ഷബീർ, പേരാമ്പ്ര പൊറ്റമ്മൽ സ്വദേശി കൃഷ്ണപ്രസാദ്, ബേപ്പൂർ സ്വദേശി അബ്ദുൾ ഗഫൂർ എന്നിവരാണ് കേസിലെ ആദ്യ നാലു പ്രതികൾ. നിയാസ് കുട്ടശേരി അഞ്ചാം പ്രതിയാണ്. വിദേശ കോളുകൾ സർവീസ് പ്രൊവൈഡർമാരെ ഒഴിവാക്കി ഇന്റർനെറ്റ് മുഖേന അനധികൃതമായി കൈകാര്യം ചെയ്യുന്നതാണ് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകളുടെ രീതി.
ഇതിനായുള്ള സെർവറിന്റെ ഐ.പി അഡ്രസ് ഷബീറിന്റെ ഉടമസ്ഥതയിലുള്ള ലിങ്ക്സ് ഐ.ടി സൊല്യൂഷൻ എന്ന സ്ഥാപനത്തിൽ നിന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഔറംഗബാദിലെ ഇന്റലക്ടിക്ക സിസ്റ്റംസ് എന്ന സ്ഥാപനത്തിലാണ് ഐ.പി നമ്പർ തയ്യാറാക്കിയതെന്നും കണ്ടെത്തിയിരുന്നു. തീവ്രവാദ ബന്ധം സംശയിക്കുന്ന ടെലിഫോൺ എക്സ്‍ചേഞ്ച് സംഘത്തിന്റെ പണമിടപാടുകളെക്കുറിച്ച് ഇ.ഡി അന്വേഷണം നടത്തുന്നുണ്ട്. നിയാസ് കുട്ടശേരിയാണ് കുറ്റകൃത്യത്തിന്റെ സൂത്രധാരൻ. ഇയാൾ 2021 ഡിസംബർ ആറിന് രാജ്യം വിട്ടു.
ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിട്ടുണ്ട്. 46.23 കോടി രൂപയുടെ അനധികൃത ഇടപാടുകൾ ഇയാൾ നടത്തിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിലെ കറൻസികളുടെ കൈമാറ്റവും ഇതിലുണ്ട്. നിയാസ് പത്തുകോടി രൂപ സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ചുമായി ബന്ധപ്പെട്ടവർക്ക് കൈമാറി. 582 കോൾ റൂട്ടറുകൾ നിയാസ് കൈകാര്യം ചെയ്തിരുന്നു. ഇത്രയും വിവരങ്ങളാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. തീവ്രവാദ ബന്ധം സംശയിക്കുന്ന കേസായിട്ടും എൻ.ഐ.എ അന്വേഷണത്തിന് കൈമാറാത്തതിലും സർക്കാരിനെതിരേ ആരോപണമുയരുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.