കോട്ടയം: അന്തരിച്ച മുൻ ചങ്ങനാശ്ശേരി അതിരൂപത അദ്ധ്യക്ഷൻ മാർ ജോസഫ് പൗവ്വത്തിലിന്‍റെ സംസ്ക്കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ ബുധനാഴ്ച നടക്കും. മന്ത്രി വി. എൻ. വാസവനും, മുഖ്യമന്ത്രിയുമായി നടത്തിയ ആശയ വിനിമയത്തിന് പിന്നാലെയാണ് തീരുമാനം. ഇന്നലെ മന്ത്രി വി.എൻ.വാസവൻ മാർ ജോസഫ് പെരുന്തോട്ടവുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. രണ്ടു ഘട്ടങ്ങളായി നടക്കുന്ന സംസ്ക്കാര ചടങ്ങുകൾ ചൊവ്വാഴ്ച മുതൽ ആരംഭിക്കും. മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും.
സംസ്ക്കാര ശുശ്രൂഷകളുടെ ഭാഗമായി ചെത്തിപ്പുഴ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം മാർച്ച് 21ന് അരമന ചാപ്പലിൽ എത്തിക്കും. അവിടെ വിശുദ്ധ കുർബാനയും സംസ്കാരകർമ്മങ്ങളുടെ ഒന്നാം ഘട്ടവും നടക്കും. തുടർന്ന് ഭൗതികശരീരം വിലാപയാത്രയായി ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ കൊണ്ടുവരികയും അവിടെ പൊതുദർശനത്തിന് വയ്ക്കുകയും ചെയ്യും. തുടർന്ന് സംസ്കാരകർമ്മങ്ങളുടെ രണ്ടാം ഘട്ടം ബുധനാഴ്ച രാവിലെ 9. 30 ന് ആരംഭിക്കും .10 മണിക്ക് വിശുദ്ധ കുർബാനയെ തുടർന്ന് നഗരി കാണിക്കലിന് ശേഷം ഭൗതികശരീരം സംസ്കരിക്കും.
1969ൽ മാർ മാത്യു കാവുകാട്ടിന്റെ മൃതസംസ്കാരത്തിനു ശേഷം 54 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ചങ്ങനാശ്ശേരി നഗരം ഒരു അതിരൂപതാദ്ധ്യക്ഷന്റെ മൃതസംസ്കാര കര്‍മ്മങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നത്.
വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ചങ്ങനാശേരി അതിരൂപതാ മുൻ ആർച്ച് ബിഷപ്പ് എമിരറ്റസ് മാർ ജോസഫ് പൗവത്തിൽ കാലംചെയ്തത്. 22വര്‍ഷക്കാലം ചങ്ങനാശേരി അതിരൂപതയുടെ സര്‍വതോന്മുഖമായ വളര്‍ച്ചക്കായി പ്രവര്‍ത്തിച്ച മാര്‍ പവ്വത്തില്‍ സഭയുടെ ക്രാന്ത ദര്‍ശിയായ ആചാര്യനായിരുന്നു. ക്രൗണ്‍ ഓഫ് ദ ചര്‍ച്ച് എന്നാണ് സഭാപിതാക്കന്മാര്‍ മാര്‍ പവ്വത്തിലിനെ വിശേഷിപ്പിക്കുന്നത്.
ചങ്ങനാശേരി അതിരൂപതയിലെ കുറുമ്പനാടം അസംപ്ഷന്‍ ഇടവകയില്‍ പവ്വത്തില്‍ കുടുംബത്തില്‍ 1930 ഓഗസ്റ്റ് 14ന് ജനനം. പുളിയാങ്കുന്ന് ഹോളി ഫാമിലി എല്‍പി സ്‌കൂള്‍, കുറുമ്പനാടം സെന്റ് പീറ്റേഴ്സ് ഹൈസ്‌കൂള്‍, ചങ്ങനാശേരി എസ്ബി ഹൈസ്‌കൂള്‍, എസ്ബി കോളജ് എന്നിവിടങ്ങളിലാണ് പ്രാഥമിക പഠനം. 1962 ഒക്ടോബര്‍ മൂന്നിന് പൗരോഹിത്യം സ്വീകരിച്ച പവ്വത്തിൽ 1972 ജനുവരി 29ന് ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി നിയമിക്കപ്പെട്ടു.
1972 ഫെബ്രുവരി 13ന് റോമില്‍ വച്ച് പോള്‍ ആറാമന്‍ പാപ്പായില്‍ നിന്നാണ് മെത്രാഭിഷേകം സ്വീകരിച്ചത്. 1977 ഫെബ്രുവരി 26ന് കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിക്കപ്പെട്ടപ്പോള്‍ രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായി.
1977 മേയ് 12നാണ് സ്ഥാനാരോഹണം. മാര്‍ ആന്റണി പടിയറ സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പായി നിയമിതനായതിനെ തുടര്‍ന്ന് 1985 നവംബര്‍ അഞ്ചിന് ചങ്ങനാശേരി ആര്‍ച്ച്ബിഷപായി നിയമിതനായി. 1986 ജനുവരി 17ന് സ്ഥാനാരോഹണം.
1993 മുതല്‍ 1996വരെ കെസിബിസി പ്രസിഡന്റും 1994 മുതല്‍ 1998വരെ സിബിസിഐ പ്രസിഡന്റും ആയിരുന്നു. 2007 മാര്‍ച്ച് 19ന് മാര്‍ ജോസഫ് പവ്വത്തില്‍ വിരമിച്ചു. മാര്‍ജോസഫ് പെരുന്തോട്ടം ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പായി നിയമിതനായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.