ബെംഗളൂരു: ബൈയ്യപ്പനഹള്ളി റെയില്‍വേ സ്റ്റേഷനില്‍ പ്ലാസ്റ്റിക് വീപ്പയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിന് സീരിയൽ കില്ലറല്ല. കൊലപാതകത്തിന്റെ നിഗൂഢത നീക്കി പൊലീസ് രംഗത്തെത്തി. കുടുംബവഴക്കിനെത്തുടര്‍ന്നുള്ള കൊലപാതകമാണിതെന്നും പരമ്പരക്കൊലയാളിയുടെ സാന്നിധ്യമില്ലെന്നും ബൈയ്യപ്പനഹള്ളി റെയില്‍വേ പൊലീസ് അറിയിച്ചു.
ബിഹാര്‍ സ്വദേശികളായ കമാല്‍ (21), തന്‍വീര്‍ (28), ഷാക്കിബ് (25) എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ്ചെയ്തു. മുഖ്യപ്രതിയായ നവാബും ഇയാളുടെ നാലു കൂട്ടാളികളും ഒളിവിലാണ്. നവാബിന്റെ സഹോദരന് ഇന്‍തിഖാബിന്റെ ഭാര്യ തമന്ന (27) യാണ് ക്രൂരമായി കൊല്ലപ്പെട്ടത്. മൃതദേഹം കഴിഞ്ഞദിവസം തിരിച്ചറിഞ്ഞിരുന്നെങ്കിലും അന്വേഷണം പൂര്‍ത്തിയാകാത്തതിനാല്‍ പേരുവിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല.
നവാബിന്റെ അമ്മാവന്റെ മകനായ അഫ്റോസിന്റെ ഭാര്യയായിരുന്നു തമന്ന. നവാബിന്റെ സഹോദരന് ഇന്‍തിഖാബുമായി പ്രണയത്തിലായ തമന്ന ഇയാള്‍ ജോലിചെയ്തിരുന്ന ബെംഗളൂരുവിലെ ജിഗനിയിലെത്തി.
തുടര്‍ന്ന് ഇരുവരും ഒന്നിച്ച് താമസമാരംഭിച്ചു. ഇത് കുടുംബത്തില്‍ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ഒട്ടേറെ തവണ നവാബ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്‍തിഖാബും തമന്നയും കാര്യമായെടുത്തിരുന്നില്ല. ഞായറാഴ്ച കലാശിപാളയയിലെ വീട്ടില്‍ പ്രശ്നങ്ങള്‍ സംസാരിച്ചുതീര്‍ക്കാമെന്ന് പറഞ്ഞ് നവാബ് ഇരുവരെയും വീട്ടിലേക്ക് വിളിച്ചുവരുത്തി.
നാട്ടിലേക്ക് തിരിച്ചുപോകാന്‍ രണ്ടുപേരെക്കൊണ്ടും സമ്മതിപ്പിച്ച നവാബ്, ഇന്‍തിഖാബിന് വസ്ത്രങ്ങളെടുക്കാന്‍ ജിഗനിയിലെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. പിന്നീട് തമന്നയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി. തമന്നയുടെ മൃതദേഹം കൈയും കാലും ഒടിച്ച് പ്ലാസ്റ്റിക് വീപ്പയിലടച്ചു. ഇയാള്‍ക്കൊപ്പം ജോലി ചെയ്തിരുന്ന ഏഴുപേരും ഈ സമയം വീട്ടിലുണ്ടായിരുന്നു.
ഇതിനിടെ ഇന്തിഖാബ് തിരിച്ചെത്തിയെങ്കിലും തമന്ന തീവണ്ടിയില്‍ സ്വദേശത്തേക്ക് മടങ്ങിയെന്ന് നവാബ് ഇയാളെ വിശ്വസിപ്പിച്ചു. ഞായറാഴ്ച രാത്രി 12 ഓടെയാണ് മൃതദേഹമടങ്ങിയ പ്ലാസ്റ്റിക് വീപ്പ ഓട്ടോയില്‍ കയറ്റി ബെയ്യപ്പനഹള്ളി റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചത്.
പ്ലാസ്റ്റിക് വീപ്പയില്‍ സംഘത്തിലുള്ള ജമാലിന്റെ പേരുണ്ടായിരുന്നതാണ് കേസ് അന്വേഷണത്തിൽ വഴിത്തിരിവായത്. അതിഥി തൊഴിലാളികള്‍ സ്വന്തം നാടുകളിലേക്ക് മടങ്ങുമ്പോള്‍ ഇത്തരം വീപ്പയാണ് സാധനങ്ങളിടാന്‍ ഉപയോഗിക്കുന്നത്. ഇതു മനസ്സിലാക്കിയ പോലീസ് തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതോടെയാണ് സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ജമാലും നവാബിനൊപ്പം ഒളിവിലാണ്. ഇവരെ ഉടന്‍ പിടികൂടുമെന്ന് എസ് പി സൗമ്യലത അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.