ന്യൂഡല്‍ഹി: പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷമുള്ള രാഹുല്‍ ഗാന്ധിയുടെ ആദ്യ വാര്‍ത്താ സമ്മേളനം ഇന്ന്. ഉച്ചയ്ക്ക് ഒരു മണിക്ക് എഐസിസി ആസ്ഥാനത്താണ് വാര്‍ത്താ സമ്മേളനം ചേരുക. മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിയ്ക്കെതിരായി സൂറത്ത് ജില്ലാ കോടതി വിധി പുറപ്പെടുവിച്ചതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കിയത്.
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ രാജ്യമെമ്പാടും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. 'സേവ് ഡെമോക്രസി' മൂവ്മെന്റിനാണ് കോണ്‍ഗ്രസ് രൂപം നല്‍കിയിരിക്കുന്നത്. പാര്‍ട്ടി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, പി ചിതംബരം എന്നിവരുള്‍പ്പെടെ ചേര്‍ന്ന യോഗത്തിലാണ് പ്രതിഷേധം സംബന്ധിച്ച് തീരുമാനമായത്.
ബിജെപി വക്താക്കളും മന്ത്രിമാരും രാഹുലിനേയും കുടുംബത്തേയും അധിക്ഷേപിച്ചിട്ടും ഒരു ജഡ്ജിയും അവര്‍ക്കെതിരെ രണ്ട് വര്‍ഷത്തെ തടവ് വിധിക്കുകയോ അയോഗ്യരാക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിനു ശേഷമായിരുന്നു പ്രതികരണം. രാഹുലിനെതിരെയുള്ള നടപടി അദാനി-മോദി കൂട്ടുകെട്ടിന്റെ പ്രതിഫലനമാണെന്ന് എഐസിസി ജെനറല്‍ സെക്രട്ടറി കെസി വേണുഗോപാലും പ്രതികരിച്ചു.
അതേസമയം രാഹുല്‍ ഗാന്ധിക്ക് അനുകൂലമായി മറ്റ് പ്രതിപക്ഷ നേതാക്കള്‍ നടത്തിയ പ്രസ്താവനകളെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. ബിജെപിക്കെതിരെ ചിട്ടയായ പ്രതിപക്ഷ ഐക്യമാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ബിജെപി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടിക്കെതിരെ നേതാക്കളായ മമതാ ബാനര്‍ജി, അരവിന്ദ് കെജ്രിവാള്, എംകെ സ്റ്റാലിന്, ഉദ്ധവ് താക്കറെ, കെസിആര്‍, അഖിലേഷ് യാദവ് തുടങ്ങിയവര്‍ രംഗത്ത് വന്നിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.