കൊച്ചി: മൂന്നാർ വഴി ഗ്രീൻഫീൽഡ് ഹൈവേ അലൈൻമെൻ്റ് ഉടൻ. കൊച്ചിയിൽ നിന്ന് തമിഴ്നാട്ടിലേയ്ക്ക് ഒട്ടേറെ കൊടുംവളവുകളും കയറ്റങ്ങളുമുള്ള മൂന്നാർ റൂട്ട് ഒഴിവാക്കി നിർമിക്കുന്ന പുത്തൻ ദേശീയപാതയുടെ അലൈൻമെൻ്റ് ദേശീയപാത അതോരിറ്റി ഉടൻ പുറത്തുവിട്ടേക്കും.
എറണാകുളം ജില്ലയിൽ കുണ്ടന്നൂർ ജംഗ്ഷൻ്റെ തെക്കുഭാഗത്തു നിർമിക്കുന്ന ഫ്ലൈഓവർ വഴിയായിരിക്കും പുതിയ ദേശീയപാത ആരംഭിക്കുക. ഇവിടെ നിന്ന് നിർദിഷ്ട കുണ്ടന്നൂർ - അങ്കമാലി ബൈപ്പാസിലൂടെ സഞ്ചരിച്ച് പുത്തൻകുരിശിനു സമീപത്തു വെച്ച് കിഴക്കോട്ടു തിരിഞ്ഞ് മൂവാറ്റുപുഴ, നെടുങ്കണ്ടം മേഖലകളിലൂടെയായിരിക്കും ദേശീയപാത കടന്നുപോകുക.
നിലവിൽ കൊച്ചിയിൽ നിന്ന് മൂന്നാർ വരെ മാത്രം 121 കിലോമീറ്റർ ദൂരമുണ്ട്. ഇവിടെ നിന്ന് ബോഡിനായ്ക്കന്നൂർ വഴി തേനിയിലേയ്ക്ക് വീണ്ടും 82 കിലോമീറ്ററോളം സഞ്ചരിക്കണം. എന്നാൽ കേന്ദ്രത്തിൻ്റെ ഭാരത്‍മാല പദ്ധതിയുടെ ഭാഗമായി പുതിയ പാത യാഥാർഥ്യമാകുമ്പോൾ ദൂരം ഏകദേശം 151 കിലോമീറ്റർ മാത്രമായിരിക്കും. എറണാകുളം ജില്ലയിൽ മരട്, തിരുവാങ്കുളം, ഐക്കരനാട് സൗത്ത്, തിരുവാണിയൂർ, കുരീക്കാട്, നടമ തെക്കുംഭാഗം, മാറാടി, മൂവാറ്റുപുഴ, ഏനാനല്ലൂ, കല്ലൂർക്കാട്, മഞ്ഞള്ളൂർ, തിരുമാറാടി, നേര്യമംഗലം, കടവൂർ വില്ലേജുകളിൽ പുതിയ പാതയ്ക്കായി 45 മീറ്ററിൽ ഭൂമി ഏറ്റെടുക്കും. ഇടുക്കി ജില്ലയിൽ തൊടുപുഴ, ദേവികുളം, ഇടുക്കി, ദേവികുളം താലൂക്കുകളിലാണ് ഭൂമി ഏറ്റെടുപ്പ്. നിലവിലെ ദേശീയപാതയിൽ ഒരിടത്തും മുട്ടാതെയാണ് പുതിയ പാത കടന്നുപോകുക. എന്നാൽ നിലവിലുള്ള ചില റോഡുകൾ പുതിയ പാതയുടെ ഭാഗമാകും. റോഡിൻ്റെ അലൈൻമെൻ്റ് നിശ്ചയിക്കുന്നതിനു മുന്നോടിയായുള്ള ആകാശസർവേ മുൻപു തന്നെ പൂർത്തിയായിരുന്നു.
ഇടുക്കി ജില്ലയിലെ മലയോര മേഖലകൾ പിന്നിട്ട് നെടുങ്കണ്ടം ചതുരംഗപ്പാറ മേഖലയിൽ തേവാരംമെട്ടിനു സമീപത്തു വെച്ചാണ് പാത തമിഴ്നാട്ടിലേയ്ക്ക് പ്രവേശിക്കുക. കുത്തനെയുള്ള മലകളും താഴ്വരകളുമുള്ള ഈ പാതയിൽ പലയിടത്തും ഉയരമേറിയ തൂണുകളിലൂടെയായിരിക്കും പാത കടന്നുപോകുക. ഈ സാഹചര്യത്തിലാണ് പാതയുടെ അന്തിമ അലൈൻമെൻ്റ് നീളുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പാത യാഥാർഥ്യമാകുന്നതോടെ കൊച്ചിയിൽ നിന്നും മധ്യകേരളത്തിലെ മറ്റു പ്രദേശങ്ങളിൽ നിന്നും തേനി, മധുര, രാമേശ്വരം, തൂത്തുക്കുടി മേഖലകളിലേയ്ക്ക് എളുപ്പവഴി തുറക്കും. പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കൊടൈക്കനാലിലേയ്ക്കുള്ള യാത്രാസമയവും പകുതിയാകും.
![]() |
നിലവിൽ നിർമാണം പുരോഗമിക്കുന്ന ദേശീയപാത 66നു സമാനമായ രീതിയിലായിരിക്കും പുതിയ ഗ്രീൻഫീൽഡ് ഹൈവേയ്ക്കു വേണ്ടിയും ഭൂമി ഏറ്റെടുക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. എന്നാൽ കെട്ടിടങ്ങൾക്കും വീടുകൾക്കും നിർമാണത്തിൻ്റെ പഴക്കം മാനദണ്ഡമാക്കിയായിരിക്കും നഷ്ടപരിഹാരം വിതരണം ചെയ്യുക. ഗ്രീൻഫീൽഡ് അലൈൻമെൻ്റ് ആയതിനാൽ പരമാവധി കുറച്ച് കെട്ടിടങ്ങളെ മാത്രമായിരിക്കും പദ്ധതി ബാധിക്കുക.
![]() |
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.