മെറ്റാ കമ്പനിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന വാട്‌സാപ് അതിന്റെ ഏറ്റവും വലിയ ഫീച്ചറുകളിലൊന്നായി എടുത്തുകാട്ടുന്നതാണ് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍. ബ്രിട്ടിഷ് ഗവണ്‍മെന്റ് ഓണ്‍ലൈന്‍ സുരക്ഷാ ബില്‍ പാസാക്കാന്‍ ഒരുങ്ങുകയാണ്. ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ വാട്‌സാപും സിഗ്നലും പോലെയുള്ള ആപ്പുകള്‍ ഉപയോഗിക്കുന്ന എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ നിയമവിരുദ്ധമാക്കാൻ സാധ്യത തെളിയുന്നു.മറ്റ് ഗവെർമെന്റുകൾക്ക് പരിശോധിക്കാൻ സാധിക്കില്ല അത്രതന്നെ.
സമൂഹ മാധ്യമങ്ങളുടെയും, ഉപയോക്താക്കള്‍ സൃഷ്ടിച്ചു കൈമാറുന്ന കണ്ടെന്റിന്റെയും കാര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരിക എന്നതാണ് ബ്രിട്ടന്റെ ഓണ്‍ലൈന്‍ സുരക്ഷാ ബില്ലിന്റെ ലക്ഷ്യം. നിയമവിരുദ്ധമായ ഉള്ളടക്കം (പ്രത്യേകിച്ചും കുട്ടികളെ ഉപദ്രവിക്കുന്ന കണ്ടെന്റ്) സമൂഹ മാധ്യമങ്ങള്‍ വഴി പ്രചിരിക്കരുത് എന്നതാണ് ബ്രിട്ടൻ മുന്നോട്ടുവയ്ക്കുന്ന പ്രധാന കാര്യം. അതൂ കൂടാതെ, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ വമ്പന്‍ പ്ലാറ്റ്‌ഫോമുകള്‍, നിയമാനുസൃതം ആണെങ്കില്‍ പോലും ഹാനികരമായേക്കാവുന്ന കണ്ടെന്റ് പ്രചരിക്കുന്നത് തടയണമെന്നും ബില്‍ നിർദേശിക്കാനിടയുണ്ട്. ഇത്തരം ഉള്ളടക്കങ്ങള്‍ ഒരു പ്ലാറ്റ്‌ഫോമിലുണ്ടെങ്കില്‍ അത് നീക്കിക്കളയുന്നതിന്റെ ഉത്തരവാദിത്വം അതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായിരിക്കും. ഇതെല്ലാം നടക്കുന്നുണ്ടെന്നറിയാന്‍ ഓഫ്‌കോം (Ofcom) എന്ന പേരില്‍ ഒരു ബോര്‍ഡും സ്ഥാപിച്ചേക്കും. ബില്ലിന്റെ കരടു രൂപം 2021 മെയിലാണ് പുറത്തുവിട്ടത്. ഇതിലെ നിര്‍ദ്ദേശങ്ങള്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്തുവരികയാണ്.
എന്താണ് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍?
വാട്സ്ആപ്പ് സന്ദേശങ്ങൾ നിലവിൽ എൻഡ്-ടു-എന്‍ഡ് എൻക്രിപ്‌റ്റഡ് ആണ്. സന്ദേശം അയക്കുന്നയാളും സ്വീകരിക്കുന്നയാളുമല്ലാതെ മൂന്നാമതൊരാൾ ഇത് കാണുന്നില്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വാട്സ്ആപ്പിന്റെ സെർവറിൽ പോലും സന്ദേശങ്ങൾ സൂക്ഷിക്കുന്നില്ല. സന്ദേശങ്ങർ അയക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ഉപകരണങ്ങളിലാണ് സൂക്ഷിക്കുന്നത്.ബാക്കപ്പിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഓപ്ഷൻ സജീകരിക്കുന്നതോടെ മറ്റൊരാൾക്ക് നിങ്ങളുടെ ഉള്ളടക്കം കാണാൻ കഴിയില്ല. പാസ്വേഡോ 64 അക്ക എൻക്രിപ്ഷൻ കീയോ ഉപയോഗിച്ച് എൻക്രിപ്റ്റ് ചെയ്തിരിക്കുന്നതിനാൽ നമ്മുടെ ഡേറ്റക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കാനാകും. ഇതോടെ വാട്സ്ആപ്പ് ബാക്കപ്പുകൾ നിങ്ങൾക്ക് മാത്രമാകും കൈകാര്യം ചെയ്യാനാകുക. എൻക്രിപ്ഷൻ കീ ഉപയോഗിക്കാതെ ബാക്കപ്പ് അൺലോക്ക് ചെയ്യാൻ സാധിക്കില്ല.
വാട്സ്ആപ്പ് ചാറ്റ് ബാക്കപ്പ് എൻക്രിപ്ഷൻ എങ്ങനെ സജ്ജമാക്കാം ?
എൻഡ്-ടു-എന്‍ഡ് എൻക്രിപ്‌റ്റഡ് ചാറ്റ് ബാക്കപ്പിനായി വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പാണ് നിങ്ങളുടെ ഉപകരണത്തിലെന്ന് ഉറപ്പ് വരുത്തണം. നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ടിൽ ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ, വാട്ട്‌സ്ആപ്പ് സെറ്റിങ്‌സ്> ചാറ്റുകൾ> ചാറ്റ് ബാക്കപ്പ്> എൻഡ്-ടു-എൻഡ് എൻക്രിപ്‌റ്റഡ് ബാക്കപ്പ് എന്നിങ്ങനെ സന്ദർശിച്ച് നിങ്ങൾക്ക് ഇത് ചെയ്യാനാകും.
ഉപയോക്താക്കൾക്ക് അവരുടെ എൻഡ്-ടു-എൻഡ് എൻക്രിപ്‌റ്റ് ചെയ്‌ത ബാക്കപ്പിനായി ഒരു പാസ്‌വേഡ് അല്ലെങ്കിൽ 64 അക്ക എൻക്രിപ്ഷൻ കീ സൃഷ്ടിക്കാൻ കഴിയും. വാട്ട്‌സ്ആപ്പിനോ ബാക്കപ്പ് സേവന ദാതാവിനോ ചാറ്റ് ബാക്കപ്പുകൾ വായിക്കാനോ അത് അൺലോക്കുചെയ്യുന്നതിന് ആവശ്യമായ കീ മനസിലാക്കാനോ കഴിയില്ല.
തങ്ങളുടെ ആപ്പിന്റെ സുരക്ഷ കുറയ്ക്കുന്നതിനേക്കാള്‍ യുകെയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നത് എന്നു വ്യക്തമാക്കി വാട്‌സാപ് മേധാവി വില്‍ ക്യാത്കാര്‍ട്ട്, ഇതോടുകൂടി , രംഗത്തെത്തിയിരിക്കുകയാണ്. ബിബിസിക്കു നല്‍കിയ അഭിമുഖത്തിലാണ് തങ്ങള്‍ ബ്രിട്ടനില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കാമെന്ന് ക്യാത്കാര്‍ട്ട് പ്രസ്താവിച്ചത്. തങ്ങളുടെ ഉപയോക്താക്കള്‍ക്ക് സുരക്ഷയാണ് വേണ്ടത് എന്നും 98 ശതമാനം ഉപയോക്താക്കളും ബ്രിട്ടനും വെളിയിലാണ് ഉള്ളതെന്നും അവരാരും വാട്‌സാപിന്റെ സുരക്ഷാ സംവിധാനം കുറയ്ക്കാന്‍ ഇഷ്ടപ്പെടുന്നില്ല എന്നും ക്യാത്കാര്‍ട്ട് പറഞ്ഞു. അടുത്തിടെ ഇറാനില്‍ വാട്‌സാപ് നിരോധിച്ചിരുന്നുവെന്നും, എന്നിരുന്നാലും ഇന്നേവരെ ഒരു സ്വതന്ത്ര ജനാധിപത്യ രാഷ്ട്രവും അങ്ങനെ ചെയ്തിട്ടില്ല എന്നുംക്യാത്കാര്‍ട്ട് ചൂണ്ടിക്കാട്ടി.
ഉപയോക്താക്കള്‍ കൈമാറുന്ന സന്ദേശങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കണം എന്നാണ് പുതിയ ബില്ലിലെ നിര്‍ദ്ദേശമെങ്കില്‍ ബ്രിട്ടനില്‍ പ്രവര്‍ത്തനം അവസാനപ്പിച്ചേക്കാമെന്നായിരുന്നു ലോകത്തെ ഏറ്റവും വിശ്വസിക്കാവുന്ന സമൂഹ മാധ്യമ ആപ്പുകളിലൊന്നായി അറിയപ്പെടുന്ന സിഗ്നലിന്റെ പ്രസിഡന്റെ മെറഡിത് വിറ്റകര്‍ പ്രതികരിച്ചത്. യുകെയിലുള്ള സിഗ്നല്‍ ഉപയോക്താക്കള്‍ തുടര്‍ന്നും ആപ്പ് ഉപയോഗിക്കാനായി അവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നതൊഴികെ കമ്പനി മറ്റെന്തും ചെയ്യുമെന്ന നിലപാടിലാണ് മെറഡിത് വിറ്റകര്‍. പരസ്പരം മത്സരിക്കുന്ന ആപ്പുകളാണെങ്കിലും, സിഗ്നല്‍ പ്രസിഡന്റിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് ക്യാത്കാര്‍ട്ട് രംഗത്തെത്തിയത്.
മറ്റു ലോക രാഷ്ട്രങ്ങളും ബ്രിട്ടന്റെ പാത പിന്തുടരുമോ എന്ന പേടി വാട്‌സാപിന് ഉണ്ടെന്നും വിദഗ്ദ്ധർ സൂചന നൽകുന്നുണ്ട്. ഏതാനും വര്‍ഷം മുമ്പ് ഇന്ത്യ ഇതുമായി ബന്ധപ്പെട്ട ആവശ്യവുമായി എത്തിയപ്പോഴും കമ്പനി സ്വീകരിച്ച നിലപാട് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ പൊളിക്കാനാവില്ല എന്നും അങ്ങനെ നിര്‍ബന്ധമാണെങ്കില്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാമെന്നുമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.