തിരുവനന്തപുരം: ഇസ്രയേൽ സന്ദര്‍ശിക്കാൻ പോയ തീർഥാടകസംഘത്തില്‍ നിന്ന് ആറു മലയാളികളെ കാണാതയതായി പരാതി. ഈ മാസം എട്ടിന് കേരളത്തില്‍നിന്നു തിരിച്ച 26 അംഗ സംഘത്തില്‍പ്പെട്ട അഞ്ചു സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേരെയാണ് കാണാതായിരിക്കുന്നത്. സംഭവത്തിൽ യാത്രയ്ക്കു നേതൃത്വം നല്‍കിയ നാലാഞ്ചിറയിലുള്ള ഒരു പുരോഹിതനാണ് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തിന് പരാതി നല്‍കിയിരിക്കുന്നത്.
പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ ഉപേക്ഷിച്ചാണ് ഇവര്‍ സംഘത്തിൽ നിന്ന് അപ്രത്യക്ഷരായത്. ഈജിപ്ത്, ഇസ്രയേല്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര സംഘടിപ്പിച്ചിരുന്നത്. 2006 മുതല്‍ ഈ പുരോഹിതന്‍ വിശുദ്ധ നാട്ടിലേക്ക് തീര്‍ഥാടകയാത്രകള്‍ നടത്തിവരുന്നുണ്ട്. തിരുവല്ല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ട്രാവല്‍ ഏജന്‍സി മുഖേനെയാണ് യാത്ര സംഘടിപ്പിച്ചത്.
ഫെബ്രുവരി 11-നാണ് ഇസ്രയേലില്‍ പ്രവേശിച്ചത്. 14-ന് എന്‍കരേം എന്ന ടൂറിസ്റ്റ് കേന്ദ്രത്തില്‍വെച്ച് മൂന്നു പേരെയും 15-ന് പുലര്‍ച്ചെ ബെത്‌ലഹേമിലെ ഹോട്ടലില്‍ നിന്ന് മൂന്നു പേരെയും കാണാതാവുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. ഇസ്രയേല്‍ പൊലീസ് ഹോട്ടലിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
ഇസ്രയേലിലെ താഴെത്തട്ടിലുള്ള ജോലികൾക്ക് ജൂതരല്ലാത്ത കുടിയേറ്റ തൊഴിലാളികൾക്ക് തുറന്നുകൊടുത്തിട്ട് പത്തു പതിനഞ്ചു വര്‍ഷം മാത്രമേ ആയിട്ടുള്ളൂ. സന്ദർശകരായി എത്തി മുങ്ങുന്നവരുടെ പ്രധാനലക്ഷ്യം ഈ അവസാരങ്ങളാണെന്ന് കൊച്ചിയിലെ ജൂതന്മാരെക്കുറിച്ച് പഠിച്ച മുൻ പിഎസ്സി അംഗം ഡോ. ജിനു സക്കറിയ മാതൃഭൂമിയോട് പ്രതികരിച്ചു.
ഇസ്രയേലില്‍ കൃഷി പഠിക്കാന്‍ പോയ സര്‍ക്കാരിന്റെ ഔദ്യോഗികസംഘത്തില്‍നിന്ന് കര്‍ഷകനെ കാണാതായത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ആറു മലയാളികളെക്കൂടി കാണാതാവുന്നത്. കര്‍ഷകസംഘത്തിൽ നിന്ന് കാണാതായ ബിജുവിനായി അന്വേഷണം നടക്കുകയാണ്. ഇയാളുടെ വിസ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഇസ്രയേലിലെ ഇന്ത്യൻ എംബസിക്ക് കത്ത് നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.