മാനന്തവാടി: മാനന്തവാടി രൂപതയുടെ സഹായമെത്രാനായ ബിഷപ് അലക്സ് താരാമംഗലത്തിന്റെ സഹോദരൻ മാത്തുക്കുട്ടി (55), അദ്ദേഹത്തിന്റെ മകൻ വിൻസ് (18) എന്നിവർ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞു. വിൻസ് പുറത്തേക്കിറക്കാൻ ശ്രമിച്ച കാർ നിയന്ത്രണം വിട്ട് ചുറ്റുമതിൽ പൊളിച്ച് കിണറിലേക്ക് പതിച്ചതാണ് അപകടകാരണം. പുറത്തേക്കെടുക്കുമ്പോൾ ജീവനുണ്ടായിരുന്നുവെങ്കിലും പിന്നീട് ആശുപത്രിയിൽ വച്ച് വിൻസും മരണത്തിന് കീഴടങ്ങി.
വലിയ ശബ്ദം കേട്ട് വീട്ടിലുള്ളവർ നോക്കുമ്പോൾ കാർ കിണറിൽ പൂർണ്ണമായും വെള്ളത്തിൽ പതിച്ചതായാണ് കാണുന്നത്. ഇവരുടെ നിലവിളിക്കേട്ട് ഓടിയെത്തിയ അയൽവാസികൾ കിണറിൽ ചാടി ഇറങ്ങി പിൻഭാഗത്തെ ഗ്ലാസ് പൊട്ടിച്ച് പിൻ സീറ്റിലുണ്ടായിരുന്ന മാത്തുക്കുട്ടിയെ അതി സാഹസികമായി പുറത്തെടുത്തു. സീറ്റു ബെൽറ്റുൾപ്പടെ ധരിച്ച് ഡ്രൈവിങ്ങ് സീറ്റിലുണ്ടായിരുന്ന വിൻസിനെ പുറത്തെടുക്കാൻ ഏറെ പ്രയാസപ്പെടേണ്ടിവന്നു. പൂർണ്ണമായും വെള്ളത്തിൽ മുങ്ങി കിടന്ന കാർ തൊട്ടടുത്ത വീടുകളിൽ നിന്നും കയറുകൾ കൊണ്ട് വന്ന് അല്പം മുകളിലേക്ക് വലിച്ച് പൊക്കിയാണ് വിൻസിനെ പുറത്തെടുത്തത്. മാത്യുവിനെ പുറത്തെടുക്കുമ്പോൽ ചെറിയ അനക്കം ഉണ്ടായിരുന്നുവെങ്കിലും വഴിമദ്ധ്യേ മരണപ്പെട്ടു. മാത്യുവിനെ പുറത്തെടുത്ത് അരമണിക്കൂറിന് ശേഷമാണ് വിൻസിനെ പുറത്തെത്തിക്കാൻ സാധിച്ചത്.
തുടർന്ന് ആലക്കോട് സർവ്വീസ് സഹകരണ ആശുപത്രിയിലും അതീവ ഗുരുതരാവസ്ഥയിൽ കണ്ണൂർ മെഡിക്കൽ കോളേജ് വെന്റിലേറ്ററിലും പ്രവേശിപ്പിക്കുകയായിരുന്നു. നേരിയ പൾസുണ്ടായിരുന്ന വിൻസ് വൈകിട്ട് 3. 45ന് മരണത്തിന് കീഴടങ്ങി. പ്ലസ്ടു പരീക്ഷ പാസ്സായി ഉപരിപഠനത്തിനായി ഒരുങ്ങുകയായിരുന്നു വിൻസ്.
മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
ഉദയഗിരി പല്ലാട്ട് കുടുംബാംഗം ഷൈജയാണ് മാത്യുവിന്റെ ഭാര്യ. മറ്റ് മക്കൾ: ആൻസ്, ലിസ് (നേഴ്സ്, ജർമിനി), ജിസ് (എംടെക് വിദ്യാർത്ഥിനി, ജർമിനി). മരുമകൻ: ആൽബിൻ ജോസ് (തെക്കേപ്പറമ്പത്ത്, ബാലപുരം). സഹോദരങ്ങൾ: ജോയി, അലക്സ് താരാമംഗലം ( മാനന്തവാടി രൂപതാ സഹായമെത്രാൻ)
സംസ്കാരം: ഇരുവരുടെയും ഭൗതികശരീരങ്ങൾ നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം നാളെ (3 നവംബർ 2022) ഉച്ചയോടെ സ്വഭവനത്തിൽ എത്തുന്നതാണ്. തുടർന്ന് പൊതുദർശനത്തിനും പ്രാർത്ഥനകൾക്കും അവസരമുണ്ടായിരിക്കും. സംസ്കാരം, വ്യാഴം വൈകിട്ട് നാല് മണിക്ക് പാത്തൻപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.
നാലുമണി യോടെ മൃതസംസ്കാരശുശ്രൂഷയുടെ ആദ്യഭാഗം കുടുംബത്തിൽ ആരംഭിക്കും. 05.30-ന് ദേവാലയത്തിൽ കുർബാനയുണ്ടായിരിക്കും. മാത്തുക്കുട്ടിയുടെ ജർമ്മനിയിലുള്ള മകൾ എത്തിച്ചേരാൻ താമസിക്കും എന്നതിനാൽ മൃതസംസ്കാരം രാത്രിയിലാണ് നടത്താൻ സാധിക്കുക. അതിനാൽ മൃതസംസ്കാരശുശ്രൂഷകളുടെയും കുർബാനയുടെയും സമയമൊഴികെ സംസ്കാരം നടക്കുന്നത് വരെ പൊതുദർശനത്തിന് അവസരമുണ്ടായിരിക്കുന്നതാണ്.
ഭവനത്തിലേക്ക് എത്തിച്ചേരാനുള്ള വഴി: ആലക്കോട് പള്ളി കഴിഞ്ഞുള്ള പാലത്തിന് മുൻപ് വലത്തേക്ക് തിരിയുന്ന റോഡിലൂടെ മോറാനി വഴി വന്ന് നെല്ലിക്കുന്നിലുള്ള ഭവനത്തിൽ എത്തിച്ചേരാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.