കൊളോണിയല്‍ പിന്തുടർച്ച അവസാനിപ്പിക്കും നാവികസേനയ്ക്ക് ഇനി പുതിയ പതാക: പ്രധാനമന്ത്രി കൊച്ചിയിൽ പ്രകാശനം ചെയ്യും
മൂന്നു സമുദ്രങ്ങളിൽ ഇന്ത്യയുടെ കാവലാളാണ് നമ്മുടെ നാവികസേന. നാവികസേനയുടെ പാതകയിലെ അവസാന കൊളോണിയൽ ചിഹ്നത്തിനാണ് അവസാനമാകുന്നത്. 2001 മുതല്‍ 2004 വരെ വാജ്പേയി സര്‍ക്കാര്‍ സെന്‍റ് ജോര്‍ജ് ക്രോസ് മാറ്റിയിരുന്നു. എന്നാല്‍ പിന്നീട് യുപിഎ സര്‍ക്കാര്‍ വീണ്ടും പഴയ പതാക കൊണ്ടുവന്നു. കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാഛാദനം ചെയ്യുന്നത് ഇന്ത്യൻ പൈതൃകം സൂചിപ്പിക്കുന്ന പുതിയ നാവിക പതാക.
നാവികസേന തന്നെ ഉയര്‍ത്തിയ ആവശ്യം കണക്കിലെടുത്തായിരുന്നു ഇത്. ‘ ബ്രീട്ടീഷ് ഭരണക്കാലവുമായുള്ള ബന്ധം പൂർണ്ണമായും അവസാനിപ്പിച്ച് ഇന്ത്യന്‍ നാവികസേനയ്ക്ക് പുതിയ പതാക വരുന്നു. പുതിയ പതാക കൊളോണിയല്‍ ഓര്‍മകളെ പൂര്‍ണമായി മായ്ക്കും. ഇന്ത്യയുടെ സമുദ്രപാരമ്പര്യത്തിന് യോജിച്ചതാവും ഇതെന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ സന്ദേശത്തിൽ പറയുന്നത്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഇത് നാലാംതവണയാണ് നാവികസേനയുടെ പതാകയ്ക്ക് മാറ്റം വരുത്തുന്നത്.
വെള്ളിയാഴ്ച്ച ഐ.എന്‍.എസ്. വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിക്കുന്ന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാകും പുതിയ പതാക പ്രകാശനം ചെയ്യുക . നിലവില്‍ സെന്‍റ് ജോര്‍ജ് ക്രോസിന്‍റെ ഒരറ്റത്ത് ത്രിവര്‍ണ പതാക പതിപ്പിച്ചതാണ് നാവികസേനയുടെ പതാക.
വെള്ളപതാകയില്‍ നെറുകയും കുറുകയും ചുവന്ന വരയും ഈ വരകള്‍ കൂട്ടിമുട്ടുന്നിടത്ത് ദേശീയചിഹ്നമായ അശോകസ്തംഭവും, ഇടത് വശത്ത് മുകളിലായി ദേശീയപതാകയുമാണ് നിലവിലെ പതാക. ചുവന്ന വരികള്‍ സെന്‍റ് ജോര്‍ജ് ക്രോസെന്നാണ് അറിയപ്പെടുക.
ബ്രിട്ടിഷ് ഭരണകാലംമുതലുള്ള പതാകയാണിത്. ഇത് മാറ്റിയാണ് ഇന്ത്യന്‍ സമുദ്രപാരമ്പര്യം വിളിച്ചോതുന്നതാക്കി മാറ്റുന്നത്. എന്തൊക്കെയാണ് പുതിയ പതാകയില്‍ ഇടംനേടുക എന്ന് വ്യക്തമല്ലെങ്കിലും സെന്‍റ് ജോര്‍ജ് ക്രോസ് മാറ്റുമെന്ന് ഉറപ്പാണ്. കരസേനയുടെയും വ്യോമസേനയുടെ പതാകയുമായി ചേര്‍ന്നുപോകുന്നത് കൂടിയാകും നാവികസേനയുടെ പുതിയ പതാക. 10 ഡിസൈനുകളില്‍നിന്നാണ് പുതിയ പതാക തിരഞ്ഞെടുത്തിരിക്കുന്നത്.
ചുവന്ന ക്രോസ് ഉള്ള വെള്ള പശ്ചാത്തലത്തിൽ രാജ്യത്തിന്റെ ദേശീയ പതാക ആലേഖനം ചെയ്ത നാവിക പതാകയാണ് ഇന്ത്യൻ നാവിക സേന ഉപയോഗിക്കുന്നത്. കോമൺവെൽത്ത് രാജ്യങ്ങൾ പൊതുവായി ഇതേ മാതൃകയിലുള്ള നാവിക പതാകയാണ് ഉപയോഗിച്ചിരുന്നത്. 2001 ൽ നാവിക പതാകയിൽ മാറ്റം വരുത്തി. ബ്രിട്ടിഷ് പൈതൃകത്തിന്റെ ഭാഗമായി കരുതുന്ന ‘ചുവന്ന ക്രോസ്’ എടുത്തു കളഞ്ഞു.
എന്നാൽ, 2004 ൽ പഴയ പതാക ചെറിയ ഭേദഗതികളോടെ തിരികെ കൊണ്ടു വന്നു. ചുവന്ന ക്രോസിന്റെ മധ്യത്തിൽ അശോക സ്തംഭം കൂടി ആലേഖനം ചെയ്ത രീതിയിലേക്കാണു പതാക മാറിയത്. 2014 ൽ വീണ്ടും ചെറിയ മാറ്റം വരുത്തി. അശോക സ്തംഭത്തിനൊപ്പം ദേവനാഗരി ലിപിയിൽ ‘സത്യമേവ ജയതേ’ എന്നു കൂടി ചേർത്തു. ഈ പതാകയ്ക്കു പകരമാണു ഇന്ത്യൻ പൈതൃകം സൂചിപ്പിക്കുന്ന പുതിയ പതാക.
രാജ്യം തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാന വാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്തിന്‍റെ കമ്മിഷനിങ് കൊച്ചിയില്‍ നടക്കുമ്പോഴാകും പ്രധാനമന്ത്രി പുതിയ പതാക അനാവരണം ചെയ്യുക. ഒരുപക്ഷേ നാവികസേനാ പതാകയുടെ അവസാനത്തെ പരിഷ്കാക്കാരമാകും ഇതെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം പ്രതിരോധമേഖലയിലെ സ്വയംപര്യാപ്തതയിലേക്കുള്ള സുപ്രധാന ചുവടുവയ്പിന്റെ ഭാഗമായി തദ്ദേശീയമായി രൂപകല്‍പ്പനചെയ്തു നിര്‍മിച്ച ആദ്യ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്താണ് പ്രധാനമന്ത്രി കമ്മീഷന്‍ ചെയ്യുന്നത്. ഇന്ത്യന്‍ നാവികസേനയുടെ സ്വന്തം യുദ്ധക്കപ്പല്‍ രൂപകല്‍പ്പന ബ്യൂറോ രൂപകല്‍പ്പന ചെയ്തു ഈ കപ്പല്‍ തുറമുഖഷിപ്പിങ് ജലപാതാ മന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖലാ കപ്പല്‍ശാലയായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡാണു നിര്‍മിച്ചത്. അത്യാധുനിക യന്ത്രസംവിധാനങ്ങളോടെ നിര്‍മിച്ചിരിക്കുന്ന വിക്രാന്താണ് ഇന്ത്യയുടെ സമുദ്രമേഖലയുടെ ചരിത്രത്തില്‍ ഇതുവരെ നിര്‍മിച്ചതില്‍വച്ച് ഏറ്റവും വലിയ കപ്പല്‍.
1971ലെ യുദ്ധത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഇന്ത്യയുടെ ആദ്യത്തെ വിമാനവാഹിനിക്കപ്പലായ വിക്രാന്തിന്റെ പേരാണ് ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പലിനും നല്‍കിയിരിക്കുന്നത്. രാജ്യത്തെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളും നൂറിലധികം എംഎസ്എംഇകളും നിര്‍മിച്ചു നല്‍കിയ നിരവധി തദ്ദേശീയ ഉപകരണങ്ങളും യന്ത്രങ്ങളും കപ്പല്‍ ഉള്‍ക്കൊള്ളുന്നു. വിക്രാന്ത് കമ്മീഷന്‍ ചെയ്യുന്നതോടെ പ്രവര്‍ത്തനക്ഷമമായ രണ്ടു വിമാനവാഹിനിക്കപ്പലുകള്‍ ഇന്ത്യക്കു സ്വന്തമാകും. ഇതു രാജ്യത്തിന്റെ സമുദ്രസുരക്ഷയ്ക്കു കരുത്തേകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.