ക്രൈസ്തവ സമൂഹം ജാഗ്രതയോടെ കാത്തുസൂക്ഷിക്കേണ്ട ഒന്നാണ് കുടുംബങ്ങളിലെ പെസഹാ ആചരണം. ക്രൈസ്തവ ലോകത്ത് ക്രിസ്ത്യാനികൾക്ക് മാത്രമുള്ള ഒരു പ്രത്യേക ആചരണമാണ് പെസഹാ വ്യാഴാഴ്ച രാത്രിയിൽ വീടുകളിൽ നടത്തുന്ന അപ്പം മുറിക്കൽ. യഹൂദ കുടുംബങ്ങളിൽ നടത്താറുള്ള പെസഹാ ഭക്ഷണത്തിൻറെ ക്രൈസ്തവ പതിപ്പാണിത്. മാർതോമാശ്ലീഹായെ കേരളത്തിലേക്ക് സ്വീകരിച്ചത് ഇവിടെയുണ്ടായിരുന്ന യഹൂദരായിരുന്നുവെന്നും ഇവിടെയുള്ള ആദ്യ ക്രൈസ്തവ സമൂഹത്തിന് യഹൂദ ബന്ധമുണ്ടായിരുന്നുവെന്നുമുള്ള ചരിത്ര യാഥാർത്ഥ്യങ്ങളിലേക്ക് പ്രസ്തുത ഗാർഹിക ആചരണം വെളിച്ചം വീശുന്നുണ്ട്.
വിശുദ്ധകുർബ്ബാനയുടെ സ്ഥാപനമായാണ് അന്ത്യ അത്താഴത്തെ കണക്കാക്കുന്നത്. റോമിൽ നടന്ന പെസഹാ ചടങ്ങുകൾക്ക് ഫ്രാൻസിസ് മാർപാപ്പ കാർമ്മികത്വം വഹിച്ചു.
എറണാകുളം സെന്‍റ് മേരീസ് കത്തിഡ്രൽ ബസിലിക്കയിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പെസഹ ചടങ്ങുകൾക്ക് നേതൃ്തവം കൊടുത്തു.സഭയിലെ സന്യസ്തരും പുരോഹിതരും സഭയോടും സമൂഹത്തോടും വിശ്വസ്തത പുലർത്തി മുന്നോട്ടുപോകണമെന്ന് മാർ ജോർജ് ആലഞ്ചേരി പെസഹാ ദിന സന്ദേശത്തിൽ ഓർമിപ്പിച്ചു. ഏകീകൃത കുർബാന യുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ പോലീസ് സംരക്ഷണയിലായിരുന്നു സെൻമേരിസ് ബസിലിക്കയിലെ പെസഹാ ചടങ്ങുകൾ.
പെസഹാദിനത്തിൽ തിരുവനന്തപുരത്ത് പാളയം സെന്റ് ജോസഫ് പള്ളിയിൽ കാൽകഴുകൽ ശുശ്രൂഷ നടന്നു. ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ ചടങ്ങുകൾക്ക് നേതൃത്വം നൽകി. നിരവധി വിശ്വാസികളാണ് പങ്കെടുത്തത്. കോഴിക്കോട് താമരശ്ശേരി മേരിമാതാ കത്തീഡ്രലിൽ നടന്ന ചടങ്ങുകൾക്ക് താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ കാർമ്മികത്വം വഹിച്ചു. കോതമംഗലം മൗണ്ട് സീനായി മാര് ബസേലിയോസ് കത്തീഡ്രലിൽ നടന്ന പെസഹാ ശുശ്രൂഷകൾക്ക് യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ നേതൃത്വം നൽകി. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ കാർമികത്വത്തിൽ മസ്ക്കറ്റ് മാർ ഗ്രീഗോറിയോസ് മഹാ ഇടവകയിൽ കാൽ കഴുകൽ ശുശ്രൂഷ നടന്നു.
ഏറെ ഒരുക്കത്തോടെയാണ് ഭവനങ്ങളിലെ പെസഹാ ആചരണം നടത്തിയിരുന്നത്. കർത്താവിൻറെ തിരുവത്താഴത്തിൻറെയും വിടവാങ്ങലിന്റെയും ഓർമ്മ ദൈവാലയത്തിൽ ആചരിച്ചശേഷം ഭവനങ്ങളിൽ മടങ്ങിയെത്തിയാലും ധ്യാനാത്മകമായ അന്തരീക്ഷത്തിലാണ് അന്നേദിവസം ചിലവഴിക്കുക എന്നതാണ് കുടുംബങ്ങളിലെ പെസഹാ ആചരണത്തിൻറെ പ്രത്യേകത. പെസഹാ അപ്പവും പാലും ഉണ്ടാക്കുന്നിടത്ത് നിശബ്ദത പാലിക്കുക എന്നത് എല്ലാ കുടുംബങ്ങളിലും നിലനിന്നിരുന്ന യാഥാർത്ഥ്യമാണ്.
ഇവയ്ക്ക് ഒരു പ്രത്യേക പൂജ്യത കല് പ്പിച്ചു കൊണ്ടാണ് ഇവ തയ്യാറാക്കിയിരുന്നത്. അതിനായി ഉപയോഗിക്കുന്ന തേങ്ങ ഉടയ്ക്കുമ്പോൾ ലഭിക്കുന്ന വെള്ളം ആർക്കും കുടിക്കാൻ കൊടുക്കാതെ ആരും ചവിട്ടാത്തിടത്ത് (സാധാരണഗതിയിൽ വീടിൻറെ പുറം ഭിത്തിയോടു ചേർത്ത്) ഒഴിച്ചു കളയുന്ന പതിവ് ഇത് വ്യക്തമാക്കുന്നു. അപ്പവും പാലും തയ്യാറാക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങളും തവികളും എല്ലായ് പ്പോഴും പുതുതായി വാങ്ങുകയായിരുന്നു പതിവ് . മാറിയ സാഹചര്യത്തിൽ ഇതിനു വേണ്ടി മാത്രമായി ചില പാത്രങ്ങൾ മാറ്റിവയ്ക്കുന്നതായും കണ്ടുവരുന്നു. അടുക്കള കഴുകി വൃത്തിയാക്കി ഏകാഗ്രതയോടെ മൗനമവലംബിച്ചു കൊണ്ടായിരുന്നു ഇവയുടെ പാചകം. ഉഴുന്നു പൊടിയും അരിപ്പൊടിയുമാണ് ഈ അപ്പത്തിന്റെ പ്രധാന ഘടകങ്ങൾ . തേങ്ങാപ്പാലും ശർക്കരയും പഴക്കഷണങ്ങളും ചേർത്താണ് പാനീയം തയ്യാറാക്കുന്നത്. ഇവ രണ്ടും പെസഹാ വ്യാഴാഴ്ചയല്ലാതെ വേറൊരിക്കലും ഉണ്ടാക്കുന്നുമില്ല. ഇതേ ചേരുവയിൽ തന്നെ ആവശ്യമുള്ളിടത്ത് കൂടുതൽ അപ്പം ഉണ്ടാക്കാറുണ്ട് . എന്നാൽ ഒരെണ്ണത്തിന്റെ മുകളിൽ ഓശാന ഞായറാഴ്ചത്തെ ഓല കൊണ്ട് ചെറിയൊരു കുരിശുണ്ടാക്കി ചേർത്തു വച്ചിരിക്കും. ഈ അപ്പം കുടുംബാംഗങ്ങൾക്ക് അല്ലെങ്കിൽ ക്രിസ്തീയ വിശ്വാസികൾക്ക് മാത്രമുള്ളതാണ്. മറ്റുള്ളവർക്ക് കൊടുക്കുവാനാണ് ആവശ്യംപോലെ കുരിശു വയ്ക്കാതെ അപ്പം ഉണ്ടാക്കുന്നത്.
പല സ്ഥലങ്ങളിലും പുരുഷന്മാരാണ് ഈ അപ്പവും പാലും തയ്യാറാക്കുന്നത്. അതേസമയം സ്ത്രീകൾ ഏതെങ്കിലും സുകൃതജപങ്ങൾ ചൊല്ലി കൊണ്ടിരിക്കുമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടോടു കൂടി സുകൃതജപങ്ങൾക്ക് പകരം പാന വായനയായി പതിവ്. യഹൂദ വീടുകളിൽ പെസഹാ ഭക്ഷണം പുരുഷൻമാർ തയ്യാറാക്കുന്നതിന്റെ ചുവടുപിടിച്ചാവണം മാർത്തോമാ ക്രിസ്ത്യാനികൾക്കിടയിൽ പെസഹാ അപ്പവും പാലും പാകം ചെയ്യുന്നത് പുരുഷന്മാരുടെ ദൗത്യമായി മാറിയത്.
ഈ പ്രത്യേക അപ്പം ഇണ്ടറി (ഇൻറി)എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. ഈശോയെ തറച്ച സ്ലീവായുടെ മുകളിൽ “ഇവൻ നസ്രായൻ ഈശോ യൂദൻമാരുടെ രാജാവ്” (INRI) എന്ന് പരിഹാസ രൂപത്തിൽ എഴുതി വെച്ചിരുന്നതായി സുവിശേഷത്തിലുണ്ട് (Jn 19:19). അതനുസരിച്ച് ക്രൂശിത രൂപത്തിന് മുകളിൽ സാധാരണ എഴുതി വയ്ക്കാറുള്ള INRI എന്ന നാലക്ഷരങ്ങൾ കൂട്ടി വായിച്ചതിൽ നിന്നാണ് ഈ പേരുണ്ടായതെന്ന് അനുമാനിക്കാം .
വീട്ടിലെ കുരിശുവരെ പ്രാർത്ഥന കഴിഞ്ഞ്, കുടുംബനാഥൻ ഇണ്ടറിയുടെ മേലുള്ള കുരിശു നീക്കിയശേഷം (കുരിശ്, വെഞ്ചരിച്ച കുരുത്തോല കൊണ്ടുള്ളതാകയാൽ അത് അലക്ഷ്യമായി കളയുകയല്ല, കത്തിച്ച് കളയുകയാണ് പതിവ്) അപ്പം 13 കഷണങ്ങളായി മുറിക്കുന്നു. അതിനുശേഷം ഓരോ കഷണവും പാലിൽ മുക്കി കുടുംബാംഗങ്ങളുടെ പ്രായക്രമത്തിൽ ഓരോരുത്തർക്കും നൽകുന്നു. ഈശോയേയും ശിഷ്യന്മാരേയും അനുസ് മരിച്ചാണ് 13 ക്ഷണങ്ങളായി മുറിക്കുന്നത്. ഇടത് കൈപ്പത്തിയുടെ മുകളിൽ വലതുകരം വച്ച് ആദരവോടെയാണ് എല്ലാവരും കുടുംബനാഥനിൽ നിന്ന് ഇണ്ടറിയപ്പം സ്വീകരിക്കുന്നത്. ഓരോ കഷണം കുടുംബനാഥനിൽ നിന്ന് സ്വീകരിച്ച ശേഷം ബാക്കി കഷണങ്ങളും പാലും ആവശ്യം പോലെ എല്ലാവരും ഭക്ഷിക്കുന്നു.
കുടുംബനാഥൻ മരണപ്പെട്ടാൽ അടുത്തവർഷം പെസഹാ അപ്പമുണ്ടാക്കാതിരിക്കുന്ന പതിവ് കുടുംബനാഥന്റെ സ്‌ഥാനത്തിൻറെ മഹനീയതയെയാണ് വിളിച്ചറിയിക്കുന്നത്.
കടകളിൽ പെസഹാ അപ്പം ലഭ്യമായിരിക്കാം. അതിൽ കുരിശും ഉണ്ടാകാം. പക്ഷേ, അത് ഇണ്ടറിയപ്പമാകില്ല. അടുക്കള ഒരുക്കി, പുത്തൻ പാത്രങ്ങളിൽ, സുകൃതജപങ്ങളുടെയോ പാനാപാരായണത്തിന്റെയോ പശ്ചാത്തലത്തിൽ ധ്യാനാത്മകമായി പാകപ്പെടുത്തുന്ന ഇണ്ടറിയപ്പത്തിനും പാലിനും പകരം വയ്ക്കാൻ റെഡിമെയ് ഡായി കിട്ടുന്ന രുചിയേറിയ വിഭവങ്ങൾക്കൊന്നുമാവില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.