റോം: വത്തിക്കാനിലെ ഭരണ സംവിധാനത്തിൽ നിർണായക മാറ്റം വരുത്തി ഫ്രാൻസിസ് മാർപാപ്പ. മാമോദീസ സ്വീകരിച്ച വനിതകൾ ഉൾപ്പെടെയുള്ള ഏത് കത്തോലിക്കർക്കും വത്തിക്കാനിലെ വിവിധ ഭരണ വകുപ്പുകളുടെ നേതൃത്വത്തിൽ എത്താനാകുമെന്ന് വ്യക്തമാക്കുന്ന പുതിയ അപ്പസ്തോലിക രേഖ മാർപാപ്പ പുറത്തിറക്കി.
54 പേജുള്ള പുതിയ ഭരണഘടന ഫ്രാൻസിസ് മാർപാപ്പ സ്ഥാനമേറ്റതിൻ്റെ ഒമ്പതാം വാർഷികദിനവും വിശുദ്ധ യൗസേപ്പിന്റെ തിരുനാളുമായ ഇന്നലെയാണ് പുറത്തിറക്കിയത്. പുതിയ തീരുമാനത്തോടെ കർദിനാൾമാർ കൈകാര്യം ചെയ്തിരുന്ന ഭരണ സംവിധാനങ്ങളിൽ വനിതകൾക്കും പ്രവർത്തിക്കാനാകും. ഭരണവകുപ്പുകളുടെ എണ്ണം പതിനാറായി ഏകോപിപ്പിച്ച് പേര് ‘ഡികാസ്റ്ററി’ എന്നു മാറ്റുകയും ചെയ്തു.
പുതിയ ഭരണഘടനയിൽ അൽമായ പുരുഷന്മാരും സാധാരണ സ്ത്രീകളും തമ്മിൽ വേർതിരിവില്ലെങ്കിലും രണ്ട് വകുപ്പുകളെങ്കിലും പുരുഷന്മാരുടെ നേതൃത്വത്തിൽ തുടർന്നും പ്രവർത്തിക്കും. ഭാവിയിൽ കന്യാസ്ത്രീകൾ നിർണായക പദവിയിൽ എത്തുമെന്നാണ് വിദഗ്ധർ സൂചിപ്പിക്കുന്നത്.കഴിഞ്ഞവർഷം വത്തിക്കാൻ സിറ്റിയുടെ ഗവർണർ പദവിയിലേക്ക് സിസ്റ്റർ റാഫെല്ല പെ ട്രിനിയെ തെരഞ്ഞെടുത്തിരുന്നു. അതേവർഷം തന്നെ ഇറ്റലിയിൽ നിന്നുള്ള കന്യാസ്ത്രീയായ സിസ്റ്റർ അലസാന്ദ്ര സ്‌മെറില്ലിയെ നീതി - സമാധാന പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന വത്തിക്കാൻ വികസന കാര്യാലയത്തിൻ്റെ ഇടക്കാല സെക്രട്ടറിയായി നിയമിച്ചിരുന്നു.
നൂറ്റാണ്ടുകളായി തുടർന്നുവന്ന രീതിക്കാണ് മാർപാപ്പ മാറ്റം വരുത്തിയത്. ഇതുമായി ബന്ധപ്പെട്ട് 1988ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ പുറത്തിറക്കിയ ‘പാസ്തർ ബോനുസ്’ എന്ന ഭരണഘടനയ്ക്ക് പകരമായിട്ട് ഫ്രാൻസിസ് മാർപാപ്പ 54 പേജുള്ള ഭരണഘടന പുറത്തിറക്കിയത്. 'പ്രോഡീക്കേറ്റ് ഇവാൻജലിയം' എന്ന പുതിയ ഭരണരേഖ പന്തക്കുസ്ത ദിനമായ ജൂൺ അഞ്ചിന് നിലവിൽ വരും.
മുൻപ് പ്രധാനമായും കർദിനാൾമാരും ബിഷപ്പുമാരോ മാത്രമായിരുന്നു ഭരണ സംവിധാനത്തിൽ ഇടപെടാൻ സാധിച്ചിരുന്നത്. പത്ത് വർഷത്തോളം നീണ്ടുനിന്ന ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായത്. മാർപാപ്പയും ബിഷപ്പുമാരും മറ്റ് നിയുക്ത ശുശ്രൂഷകരും സഭയിലെ സുവിശേഷകർ മാത്രമല്ലെന്ന് പുതിയ അപ്പസ്തോലിക രേഖയുടെ ആമുഖം വ്യക്തമാക്കുന്നുണ്ട്. സാധാരണക്കാരായ സ്ത്രീകൾക്കും പുരുഷന്മാർക്കും ഉത്തരവാദിത്തപ്പെട്ട റോളുകൾ ഭരണസംവിധാനത്തിൽ ഉണ്ടായിരിക്കും. മാർപാപ്പയുടെ തീരുമാനത്തിന് പിന്നാലെ നിയമനമുണ്ടായാൽ മാമോദീസ സ്വീകരിച്ച വിശ്വാസികളായ ഏതൊരു അംഗത്തിനും ഭരണസംവിധാനത്തിൻ്റെ ഭാഗമാകാനാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.