കുവൈത്ത് സിറ്റി : ജനുവരി 20, കോടികളുടെ മൂല്യത്തേക്കാൾ തിളക്കമാർന്നതാണു സത്യസന്ധത എന്ന് തെളിയിച്ചിരിക്കുകയാണു കുവൈത്തിലെ മലയാളി ഉടമസ്ഥതയിലുള്ള പ്രമുഖ വ്യവസായ സ്ഥാപനമായ എൻ. ബി. ടി. സി. യിലെ ജീവനക്കാരൻ സുനിൽ ഡൊമിനിക് ഡിസൂസ എന്ന ബംഗളുരു സ്വദേശി.
ഒന്നരക്കോടി രൂപ അബദ്ധത്തിൽ സ്വന്തം ബാങ്ക് അക്കൗണ്ടിൽ എത്തിയിട്ടും അത്രയും തുക കമ്പനിക്ക് തിരികെ ഏൽപ്പിച്ച് സത്യ സന്ധതയുടെ മഹനീയ മാതൃക കാട്ടിയിരിക്കുകയാണു ഇദ്ദേഹം.
കഴിഞ്ഞ പത്ത് വർഷമായി എൻ.ബി.ടി.സിയിൽ എ.സി ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്നു സുനിൽ ഡൊമിനിക് ഡിസൂസ. കമ്പനിയിൽ നിന്ന് വിരമിച്ചു നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടയിലാണു ഭീമമായ തുക സ്വന്തം അക്കൗണ്ടിലേക്ക് എത്തിയത് ശ്രദ്ധയിൽ പെട്ടത്.ഇദ്ദേഹത്തിന്റെ സേവനാന്തര ആനുകൂല്യം പ്രമുഖ ബാങ്കിലേക്ക് കമ്പനി ട്രാൻസ്ഫർ ചെയ്തിരുന്നു. എന്നാൽ ഈ തുകയുടെ 30 മടങ്ങ് അധികം തുകയായ 62859 കുവൈത്ത് ദിനാർ അബദ്ധത്തിൽ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ആകുകയായിരുന്നു.
ഇക്കാര്യം മനസ്സിലാക്കിയ സുനിൽ ഉടൻ തന്നെ കമ്പനി അധികൃതരെ വിവരം അറിയിക്കുകയും, ബാങ്കിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തു. ബാങ്കിന്റെ ഭാഗത്ത് നിന്നും ഉണ്ടായ സാങ്കേതിക പിഴവ് മൂലമായിരുന്നു ഇത് സംഭവിച്ചത്.ഇക്കാര്യം ബാങ്ക് പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു.
ജീവനക്കാരന്റെ മാതൃകാപരമായ പ്രവർത്തനത്തിനും സത്യസന്ധതക്കും എൻ.ബി.ടി.സി മാനേജ്മെന്റ് ഉപഹാരവും ക്യാഷ് അവാർഡും നൽകി അദ്ദേഹത്തെ ആദരിച്ചു. എൻ.ബി.ടി.സി കോർപ്പറേറ്റ് ഓഫിസിൽ നടന്ന ചടങ്ങിൽ എൻ.ബി.ടി.സി ചെയർമാൻ മുഹമ്മദ് അൽ ബദ്ദ സുനിലിനു മെമെന്റോയും മൊബൈൽ ഫോണും സമ്മാനിച്ചു.
എൻ.ബി.ടി.സി കോർപ്പറേറ്റ് ഡയറക്ടർ കെ.എസ്.വിജയചന്ദ്രൻ 250 ദിനാറും ഹൈവേ സെന്റ്ററിന് വേണ്ടി എൻ.ബി.ടി.സി ഡെപ്യൂട്ടി ജനറൽ മാനേജർ ബെൻസൺ എബ്രഹാം 150 ദിനാറും സമ്മാനമായി നൽകുകയും സുനിലിനെ അഭിനന്ദിക്കുകയും ചെയ്തു.. ജനറൽ മാനേജർ ബെൻ പോൾ പ്രശസ്തി പത്രവും കൈമാറി. ചടങ്ങിൽ ജനറൽ മാനേജർ കെ.ജി.ഗീവർഗീസ്, ഗ്രൂപ്പ് സി.എഫ്.ഒ അനിന്ദ ബാനർജി, ഡെപ്യൂട്ടി ജനറൽ മാനേജർ പ്രവീൺ സുകുമാർ, എച്ച്.ആർ മാനേജർ റിജാസ്.കെ.സി, അസി. അഡ്മിനിസ്ട്രേഷൻ മാനേജർ റിനീഷ് ചന്ദ്രൻ എന്നിവർ സംബന്ധിച്ചു.
എൻ.ബി.ടി.സി ജീവനക്കാരനായ സുനിൽ ഡൊമിനിക് ഡിസൂസയുടെ സത്യസന്ധത വിലമതിക്കാനാവാത്തതെന്ന് മനസ്സിലാക്കിയ ബാങ്ക് അധികൃതർ, ബാങ്കിന്റെ ആസ്ഥാനത്ത് വെച്ച് ആദരിക്കുകയും ആയിരം കുവൈത്ത് ദിനാറും പ്രശസ്തി പത്രവും സമ്മാനമായി നൽകുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.