പുരാതന മൂല്യമുള്ള സ്വര്‍ണ്ണം ഉരുക്കാന്‍ അനുവദിക്കില്ല; സുപ്രീം കോടതി
ന്യൂഡൽഹി: പുരാവസ്തു മൂല്യമുള്ള സ്വർണ്ണ ആഭരണങ്ങൾ ഉരുക്കാൻ അനുവദിക്കില്ലെന്ന് സുപ്രീം കോടതി. ക്ഷേത്രത്തിലെ പുരാവസ്തുക്കളുടെയും ആഭരണങ്ങളുടെയും സംബന്ധിച്ച് നേരത്തെ എടുത്ത കണക്കെടുപ്പിന്റെ റിപ്പോർട്ട് ഹാജരാക്കാൻ കൊച്ചിൻ ദേവസ്വം ബോർഡിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു. ക്ഷേത്രത്തിലെ ആഭരണങ്ങൾ ഉൾപ്പടെ സംരക്ഷിക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കാനും കോടതി നിർദ്ദേശിച്ചു.
പൂർണത്രയീശ ക്ഷേത്രത്തിലെ പുരാവസ്തുക്കളുടെയും ആഭരണങ്ങളുടെയും കണക്കെടുക്കാൻ സുപ്രീം കോടതി നേരത്തെ ഹൈക്കോടതി രജിസ്ട്രാർ ജനറലിനോട് നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കണക്കെടുപ്പ് സംബന്ധിച്ച റിപ്പോർട്ട് മുദ്രവച്ച കവറിൽ രജിസ്ട്രാർ ജനറൽ കോടതിക്ക് കൈമാറി. എന്നാൽ കണക്കെടുപ്പിന്റെ സമയത്ത് പുരാവസ്തുക്കളും, ആഭരണങ്ങളും അലക്ഷ്യമായി ഇട്ടിരിക്കുകയായിരുന്നുവെന്ന് കൊച്ചിൻ രാജ കുടുംബ പ്രതിനിധിക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കൃഷ്ണൻ വേണുഗോപാൽ കോടതിയെ അറിയിച്ചു.
മുൻപ് നടത്തിയ കണക്കെടുപ്പിന്റെ റിപ്പോർട്ടുകൾ കൊച്ചിൻ ദേവസ്വം ഹാജരാക്കുന്നില്ലന്നും രാജകുടുംബം ആരോപിച്ചു. മുൻകാല റിപ്പോർട്ടുകൾ ഉണ്ടെങ്കിൽ മാത്രമേ നിലവിൽ എത്ര നഷ്ടമുണ്ടായി എന്ന കാര്യം മനസിലാക്കാൻ സാധിക്കൂയെന്ന് ജസ്റ്റിസ് മാരായ എം. ആർ. ഷാ, സഞ്ജീവ് ഖന്ന എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ക്ഷേത്രത്തിലെ ആഭരണങ്ങളും പുരാവസ്തുക്കളും സുരക്ഷിതമാണെന്ന് ദേവസ്വം ബോർഡിന് വേണ്ടി ഹാജരായ അഭിഭാഷകൻ പി. വി. ദിനേശ് കോടതിയെ അറിയിച്ചു. ഹൈക്കോടതിയുടെ അനുമതിയോടെയാണ് നേരത്തെ പുരാതന നെറ്റിപ്പട്ടം ഉരുക്കിയതെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. എന്നാൽ അത് യുഡിഎഫ് സർക്കാരിന്റെ കാലത്താണ് നടന്നത്. നിലവിലെ സർക്കാറിന് ക്ഷേത്രങ്ങളിലെ സ്വർണ്ണം സംരക്ഷിക്കണമെന്ന നിലപാടാണ് ഉള്ളതെന്നും കൊച്ചിൻ ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.
എന്നാൽ, ക്ഷേത്രങ്ങളിലെയും മറ്റും പുരാവസ്തു മൂല്യമുള്ള സ്വർണ്ണം ഉരുക്കരുതെന്ന നിയമം ഗുജറാത്തിൽ ഉണ്ടെന്ന് ജസ്റ്റിസ് എം. ആർ. ഷാ ചൂണ്ടിക്കാട്ടി. തുടർന്നാണ് ക്ഷേത്രത്തിലെ പുരാതന മൂല്യമുള്ള സ്വർണ്ണം ഉൾപ്പടെയുള്ള ആഭരണങ്ങൾ സംരക്ഷിക്കുമെന്ന് കോടതി വ്യക്തമാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.