ക്വാണ്ടസ് വിക്ടോറിയയിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് പ്രഖ്യാപിച്ചു. മെൽബണിൽ നിന്ന് ഡൽഹിയിലേക്ക് ഡിസംബർ 22നാണ് വിമാന സർവീസ്.
2021 മാർച്ചിൽ രാജ്യാന്തര അതിർത്തി അടച്ച ശേഷം ക്വാണ്ടസ് ആദ്യമായാണ് വിക്ടോറിയയിൽ നിന്ന് വിമാന സർവീസുകൾ പുനരാരംഭിക്കുന്നത്. ഇന്ന് (തിങ്കളാഴ്ച) മുതൽ മെൽബൺ വിമാനത്താവളത്തിൽ നിന്ന് ക്വാണ്ടസ് വിമാനങ്ങൾ രാജ്യാന്തര സർവീസുകൾ ആരംഭിച്ചു.
മെൽബണിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള QF35 വിമാനമാണ് ഇന്ന് യാത്ര തിരിച്ചത്.ഇന്ത്യയിലേക്കുള്ള വിമാനവും ക്വാണ്ടസ് പ്രഖ്യാപിച്ചിട്ടുണ്ട്. മെൽബണിൽ നിന്ന് ഡൽഹിയിലേക്ക് ഡിസംബർ 22നാണ് ക്വാണ്ടസ് വിമാന സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ആഴ്ചയിൽ നാല് സർവീസുകളാണ് ഉള്ളത്. മെൽബണിൽ നിന്ന് ഡൽഹിയിലേക്ക് അഡ്‌ലൈഡ് വഴിയാകും ആദ്യം സർവീസ്. എന്നാൽ, ഡൽഹിയിൽ നിന്ന് മെൽബണിലേക്ക് നിർത്താതെയാണ് യാത്ര. കൂടാതെ, ബ്രിസ്‌ബൈനിൽ നിന്നും, സിഡ്‌നിയിൽ നിന്നും, കാൻബറയിൽ നിന്നും അതേ ദിവസം തന്നെ കണക്ഷൻ സർവീസുകളും ഉണ്ടാകുമെന്ന് ക്വാണ്ടസ് അറിയിച്ചു. ഇത് വഴി ടൂറിസം, രാജ്യാന്തര വിദ്യാഭ്യാസം, കുടിയേറ്റം എന്നീ മേഖലകളെ ഉത്തേജിപ്പിക്കാൻ കഴിയുമെന്ന് ടൂറിസം മന്ത്രി മാർട്ടിൻ പകുല പ്രതീക്ഷ പ്രകടിപ്പിച്ചു.
വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്ക് വിക്ടോറിയയിൽ ക്വാറന്റൈൻ ആവശ്യമില്ല. രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതോടെ സംസ്ഥാനത്തിന്റെ ഏവിയേഷൻ മേഖലയിൽ 6,700 പേർക്ക് നേരിട്ട് ജോലി ലഭിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
എയർലൈൻസിന്റെ ചരിത്രത്തിൽ ആദ്യമായാണ് വിക്ടോറിയയിൽ നിന്ന് നേരിട്ട് ഡൽഹിയിലേക്ക് വിമാന സർവീസ് നടത്തുന്നത്. ലണ്ടനിലേക്കും ലോസ് ആഞ്ചലസിലേക്കുമുള്ള സർവീസുകൾ വരുന്ന ആഴ്ചകളിൽ പുനരാരംഭിക്കുമെന്ന് ക്വാണ്ടസ് അറിയിച്ചു.
മെൽബണിൽ നിന്ന് ഡൽഹിയിലേക്ക് സർവീസുകൾ തുടങ്ങുന്നു എന്നത് ഇന്ത്യൻ സമൂഹത്തിനും, ബിസിനസുകൾക്കും, രാജ്യാന്തര വിദ്യാർത്ഥികൾക്കും, സന്ദർശകർക്കും സന്തോഷകരമായ വാർത്തയാണെന്ന് മന്ത്രി പകുല പറഞ്ഞു.ഇന്ത്യക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് വിക്ടോറിയ. 2016 സെൻസസ് പ്രകാരം 2,09,000 ലേറെ ഇന്ത്യക്കാരാണ് വിക്ടോറിയയിൽ ഉള്ളത്.
മഹാമാരിക്ക് മുൻപ്, വര്ഷം 178,000 സന്ദർശകരാണ് ഇന്ത്യയിൽ നിന്ന് വിക്ടോറിയയിലേക്ക് എത്തിയിരുന്നത്. ഇതുവഴി 500 മില്യൺ ഡോളർ വിക്ടോറിയയുടെ സാമ്പത്തിക മേഖലക്ക് ലഭിച്ചിരുന്നു.കൊവിഡ് ബാധയെത്തുടർന്ന് അതിർത്തി അടയ്ക്കുന്നതിന് മുൻപ് 31 ലക്ഷത്തിലേറെ രാജ്യാന്തര സന്ദർശകരാണ് ഓരോ വർഷവും വിക്ടോറിയയിലേക്ക് എത്തിയിരുന്നത്. ഇതുവഴി സംസ്ഥാനത്തെ ടൂറിസം മേഖലക്ക് 8.8 ബില്യൺ ഡോളർ ലഭിച്ചിരുന്നു.
സിഡ്‌നിയിൽ നിന്ന് ഡൽഹിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ക്വാണ്ടസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഡിസംബർ ആറിനാണ് ആദ്യ സർവീസ്. വിക്ടോറിയയും ന്യൂ സൗത്ത് വെയിൽസും നവംബർ ഒന്നിന് രാജ്യാന്തര അതിർത്തി തുറന്നിരുന്നു. TGA അംഗീകരിച്ചിരിക്കുന്നു വാക്‌സിൻ സ്വീകരിച്ചവർക്ക് ഇരു സംസ്ഥാനങ്ങളിലും ക്വാറന്റൈൻ ആവശ്യമില്ല.
ഓസ്‌ട്രേലിയ രാജ്യാന്തര അതിർത്തി അടച്ചിട്ട് ഒന്നേമുക്കാൽ വർഷം പിന്നിട്ടിരിക്കുകയാണ്. ഇതേതുടർന്ന് ആയിരക്കണക്കിന് പേരാണ് വിദേശത്ത് കുടുങ്ങിക്കിടക്കുന്നത്.ഓസ്‌ട്രേലിയയുടെ വാക്‌സിനേഷൻ നിരക്ക് 70 ശതമാനമാകുന്നതോടെ രാജ്യാന്തര അതിർത്തി തുറക്കുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ നേരത്തെ അറിയിച്ചിരുന്നു.ന്യൂ സൗത്ത് വെയിൽസ് രാജ്യാന്തര യാത്രക്കാരെ അനുവദിക്കുമെന്ന് പ്രീമിയർ ഡൊമിനിക് പെറോട്ടെയും വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് ക്വാണ്ടസ് രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്ന നടപടി വ്യക്തമാക്കിയത്.ഡിസംബർ 21 മുതലാണ് വിമാന സർവീസുകൾ പുനരാരംഭിക്കുന്നത്. ഓസ്‌ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്കും വിമാന സർവീസുകൾ പുനരാരംഭിക്കുകയാണെന്ന് ക്വാണ്ടസ് അറിയിച്ചു. ഡിസംബർ ആറിനാണ് സിഡ്നി-ഡൽഹി വിമാന സർവീസ് ആരംഭിക്കുന്നതെന്ന് ക്വാണ്ടസ് വ്യക്തമാക്കി.ആഴ്ചയിൽ മൂന്ന് സർവീസുകൾ ഉണ്ടാകുമെന്നും ക്വാണ്ടസ് അറിയിച്ചു.
ഒരു ദശാബ്ദത്തിന് ശേഷമാണ് ഓസ്‌ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് ക്വാണ്ടസ് കൊമേർഷ്യൽ വിമാന സർവീസുകൾ തുടങ്ങുന്നത്.സിഡ്‌നിയിൽ നിന്ന് സിംഗപ്പൂരിലേക്കും നവംബർ അവസാനത്തോടെ വിമാന സർവീസ് തുടങ്ങും.കൂടാതെ ഫിജി, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് ഡിസംബർ ആദ്യവും, ഫുക്കറ്റ്, ബാങ്കോക്ക് എന്നിവിടങ്ങളിലേക്ക് ജനുവരി മധ്യത്തിലുമാണ് സർവീസ് തുടങ്ങുന്നത്.
ക്വാണ്ടസിലും ജെറ്റ്സ്റ്റാറിലും യാത്ര ചെയ്യുന്നവർ TGA അംഗീകൃത വാക്‌സിനുകൾ സ്വീകരിച്ചിരിക്കണമെന്ന് ക്വാണ്ടസ് നേരത്തെ അറിയിച്ചിരുന്നു. യാത്ര ചെയ്യുന്നതിന് 72 മണിക്കൂറുകൾക്ക് മുൻപ് കൊവിഡ് നെഗറ്റീവ് ആയിരിക്കണമെന്നും ക്വാണ്ടസ് അറിയിച്ചിട്ടുണ്ട്.
മഹാമാരി തുടങ്ങിയ ശേഷം 6,000 രാജ്യാന്തര വിമാന ജീവനക്കാരെയും 5,000 ആഭ്യന്തര വിമാന ജീവനക്കരെയും ക്വാണ്ടസ് ജോലിയിൽ നിന്ന് മാറ്റി നിർത്തിയിരുന്നു.ആഭ്യന്തര യാത്ര പുനരാരംഭിക്കുന്നതോടെ ആഭ്യന്തര വിമാന ജീവനക്കരെ ജോലിയിലേക്ക് തിരികെ വിളിക്കുമെന്ന് ക്വാണ്ടസ് വ്യക്തമാക്കി.കഴിഞ്ഞ 20 മാസങ്ങൾ ചരിത്രത്തിലെ കറുത്ത ദിനങ്ങളായിരുന്നുവെന്ന് ക്വാണ്ടസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.