ജനിതകമാറ്റം വരുത്തിയ പന്നിയുടെ ശരീരത്തില്‍ വികസിപ്പിച്ചെടുത്ത വൃക്ക മനുഷ്യശരീരത്തില്‍ വിജയകരമായി ഘടിപ്പിച്ച് ചരിത്രനേട്ടവുമായി അമേരിക്കയിലെ ഡോക്ടര്‍മാര്‍. ശസ്ത്രക്രിയ നടത്തിയയാളുടെ ശരീരത്തില്‍ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതെ ഈ വൃക്ക പ്രവര്‍ത്തിച്ചതോടെ അവയവമാറ്റ ചികിത്സാരംഗത്ത് വമ്പന്‍ മാറ്റത്തിന് കാരണമാകുന്ന നേട്ടത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവയ്ക്കുകയാണ് യുഎസിലെ ഡോക്ടര്‍മാര്‍.
ന്യൂയോര്‍ക്ക് നഗരത്തിലെ NYU Langone Health ആശുപത്രിയില്‍ സെപ്റ്റംബര്‍ 25-നാണ് ഈ അപൂര്‍വ്വ ശസ്ത്രക്രിയ നടന്നത്. ജനിതകമാറ്റം വരുത്തിയ ഒരു പന്നിയിലാണ് വൃക്ക വികസിപ്പച്ചെടുത്തത്. മനുഷ്യശരീരം ഈ വൃക്ക സ്വീകരിച്ചേക്കുമോ എന്ന് ചെറിയ സംശയം ഡോക്ടര്‍മാര്‍ക്കുണ്ടായിരുന്നു. രോഗിയുടെ രക്തക്കുഴലുകളുമായി ശരീരത്തിന് പുറത്ത് ശസ്ത്രക്രിയയിലൂടെ ഘടിപ്പിച്ച വൃക്ക പക്ഷേ ഉടന്‍ തന്നെ സാധാരണ പോലെ പ്രവര്‍ത്തിക്കാനാരംഭിച്ചതായി ഓപ്പറേഷന് നടത്തിയ ഡോക്ടറും, NYU Langone Transplant Institute ഡയറക്ടറുമായ റോബര്‍ട്ട് മോണ്ട്ഗോമറി പറഞ്ഞു.
മസ്തിഷ്കമരണം സംഭവിച്ച രോഗി തന്റെ അവയവങ്ങള്‍ ദാനം ചെയ്യാനായി നേരത്തെ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സാധിക്കുന്നതായിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇത്തരമൊരു പരീക്ഷണത്തിന് ഇദ്ദേഹത്തിന്റെ കുടുംബം സമ്മതിക്കുകയായിരുന്നു. രോഗിയുടെ ജീവന് വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു നിലനിര്‍ത്തിയിരുന്നത്.
54 മണിക്കൂര്‍ നേരം രോഗിയില്‍ വൃക്ക പ്രശ്നങ്ങളൊന്നുമില്ലാതെ പ്രവര്‍ത്തിച്ചതായാണ് റിപ്പോര്‍ട്ട്. പരീക്ഷണമായിരുന്നു ഉദ്ദേശ്യമെന്നതിനാല്‍ ഇതിന് ശേഷം രോഗിയെ നിരീക്ഷിച്ചില്ല. ഇത്തരത്തില്‍ വികസിപ്പിക്കുന്ന അവയവങ്ങള്‍ എത്ര സമയം വരെ പ്രവര്‍ത്തിക്കുമെന്നും, ദീര്‍ഘകാലത്തേയ്ക്ക് പ്രവര്ത്തനനിരതമായിരിക്കുമോ എന്നുമെല്ലാം കൃത്യമായ ഗവേഷണത്തിലൂടെ കണ്ടെത്തേണ്ടതുണ്ട്. പക്ഷേ പ്രതീക്ഷ നല്കുന്ന ഈ ശസ്ത്രക്രിയ ഭാവിയില്‍ കോടിക്കണക്കിന് ആളുകള്‍ക്ക് ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷ.
ഇത്തരത്തില്‍ വികസിപ്പിച്ചെടുക്കുന്ന അവയവങ്ങള്‍ മനുഷ്യരില്‍ പ്രവര്‍ത്തിക്കുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് പറഞ്ഞ ഡോക്ടര്‍ മോണ്ട്ഗോമറി, ആധുനിക അവയവമാറ്റ ശസ്ത്രക്രിയയിലെ നൂതനമായ മാറ്റത്തെപ്പറ്റിയുള്ള സൂചനയും നല്കി.
നേരത്തെ മനുഷ്യരില്‍ നിന്നുമെടുത്ത വൃക്ക രോഗികളില്‍ മാറ്റിവച്ച് ധാരാളം സര്‍ജറികള്‍ നടത്തിയിട്ടുള്ളയാളാണ് ഇദ്ദേഹം. മരണപ്പെട്ട മനുഷ്യരില്‍ നിന്നും എടുക്കുന്ന വൃക്കകള്‍ പോലും പലപ്പോഴും മറ്റുള്ളവരില്‍ നേരായവിധം പ്രവര്‍ത്തിക്കണമെന്നില്ല. ചിലപ്പോള്‍ പ്രവര്‍ത്തനക്ഷമമാകാന്‍ ദിവസങ്ങളെടുത്തേക്കും. എന്നാല്‍ ഈ കേസില്‍ ഉടനടി വൃക്ക പ്രവര്‍ത്തനം ആരംഭിച്ചതായി ഡോക്ടര്‍ പറയുന്നു.
പന്നികളില്‍ ജനിതകമാറ്റം വരുത്താന്‍ എളുപ്പമാണ് എന്നതും, മനുഷ്യശരീരത്തിലെ അവയവങ്ങള്‍ക്ക് സമാനമായ വലിപ്പമാണ് പന്നികളുടെ അവയവങ്ങള്‍ക്കും എന്നതുമാണ് ഇവയെ പരീക്ഷണത്തിന് തെരഞ്ഞെടുക്കാന്‍ കാരണം. ഇന്‍ഫെക്ഷനുകള്‍ക്കുള്ള സാധ്യതയും കുറവാണ്.
അമേരിക്കയില്‍ മാത്രം 1 ലക്ഷം പേര് അവയവമാറ്റത്തിനായി കാത്തിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. 12 പേര് വീതം ഓരോ ദിവസവും സമയത്ത് ശസ്ത്രിക്രിയ നടത്താന്‍ സാധിക്കാതെ മരിക്കുകയും ചെയ്യുന്നു. എല്ലാവര്ക്കും കൃത്യസമയത്ത്, ശരീരത്തിന് ചേരുന്ന അവയവങ്ങള്‍ കിട്ടണമെന്നില്ല എന്നതിനാല്‍, ഇത്തരത്തതില്‍ മൃഗങ്ങളില്‍ വികസിപ്പിച്ചെടുക്കുന്ന വൃക്ക, ഹൃദയം, ശ്വാസകോശം, കരള്‍ തുടങ്ങിയ അവയവങ്ങള്‍ മനുഷ്യരില്‍ പ്രവര്‍ത്തിക്കുമെങ്കില്‍ വലിയ മാറ്റം ഈ മേഖലയില്‍ ഉണ്ടാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.