ചിക്കാഗോ: അമേരിക്കയിലെ ചിക്കാഗോയ്ക്ക് സമീപമുള്ള ഹിന്ദു ആരാധനാലയത്തിന് നേരെ ഭീകരാക്രമണത്തിന് പദ്ധതിയിട്ട 19-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇല്ലിനോയിയിലെ പാലറ്റൈൻ സ്വദേശി അലക്സാണ്ട്രോസ് പപോരാക്കിസ് ആണ് പൊലീസിന്റെ പിടിയിലായത്. ഇയാള്‍ അയച്ച സന്ദേശങ്ങളെക്കുറിച്ച് മൗണ്ട് പ്രോസ്പെക്‌ട് പൊലീസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഞായറാഴ്ച വൈകുന്നേരം ഇയാളെ കസ്റ്റഡിയിലെടുത്തത്. തോക്കുമായി പ്രതി ക്ഷേത്രത്തിലെത്തിയെങ്കിലും ആയുധം തകരാറിലായതിനാല്‍ വെടിയുതിർക്കാനായില്ല എന്നാണ് പൊലീസ് പറയുന്നത്.പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ തോക്കുകള്‍, മരുന്നുകള്‍ നിറച്ച മാഗസിനുകള്‍, വെടിയുണ്ടകള്‍, ബോഡി ആർമർ എന്നിവയ്ക്ക് പുറമെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളടക്കം കണ്ടെത്തി. വെളുത്ത വർഗക്കാരുടെ വംശീയ അധിനിവേശ ആശയങ്ങള്‍ പ്രകടിപ്പിക്കുന്ന ചിഹ്നങ്ങളും ലഘുലേഖകളും കണ്ടെത്തി.
ഇന്ത്യൻ വംശജർക്കും ദക്ഷിണേഷ്യയില്‍ നിന്നുള്ള മറ്റുള്ളവർക്കും എതിരെ ആക്രമണം നടത്താൻ ആഹ്വാനം ചെയ്യുന്ന പരാമർശങ്ങള്‍ അടങ്ങിയ ലഘുലേഖകളാണ് പിടിച്ചെടുത്തതെന്ന് എഫ്.ബി.ഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഒക്ടോബർ 11-ന് ഒറോറ പ്രദേശത്തെ ഹിന്ദു ക്ഷേത്രം കേന്ദ്രീകരിച്ച് കൂട്ടവെടിവെപ്പ് നടത്താനായിരുന്നു പ്രതി പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് സംശയിക്കുന്നു. ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഒറോറ പൊലീസ് പ്രദേശത്തെ ഹിന്ദു ആരാധനാലയങ്ങള്‍ക്ക് മുൻകരുതല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീവ്രവാദ ഭീഷണി മുഴക്കല്‍ ഉള്‍പ്പെടെയുള്ള കടുത്ത കുറ്റങ്ങള്‍ ചുമത്തി ഇയാളെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. കേസില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് പ്രാദേശിക പൊലീസും എഫ്.ബി.ഐയും അറിയിച്ചു.
ഒഹായോയിലെ റിച്ച്‌മണ്ട് ഹൈറ്റ്‌സിലുള്ള ശ്രീ സ്വാമിനാരായണൻ വഡ്താല്‍ ധാം ഹിന്ദു ക്ഷേത്രം ആക്രമിക്കപ്പെട്ട് ഒരാഴ്‌ചയ്ക്ക് ശേഷമാണ് അറസ്റ്റ്. റോളിംഗ് മെഡോസിലെ കുക്ക് കൗണ്ടി തേർഡ് മുനിസിപ്പല്‍ ഡിസ്ട്രിക്റ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.